WEDNESDAY, JANUARY 28, 2015
ഞങ്ങള്‍ക്കുമുണ്ട് ചില സ്വപ്നങ്ങള്‍: ദ്രോഗ്ബ
Posted on: 28 May 2010


ലോക നിലവാരമുള്ള താരങ്ങളാണ് ഐവറി കോസ്റ്റിന്റെ ശക്തി. ദിദിയര്‍ ദ്രോഗ്ബ ആഫ്രിക്കയിലെ മികച്ച താരങ്ങളിലൊരാള്‍. ഒന്നാംകിട ലീഗായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ടോപ്‌സേ്കാററായതോടെ, ഇക്കുറി ദ്രോഗ്ബ എതിരാളികളുടെ നോട്ടപ്പുള്ളിയാണ്. ബ്രസീലും പോര്‍ച്ചുഗലും ഉത്തര കൊറിയയുമുള്‍പ്പെട്ട, ലോകകപ്പിലെ കടുത്ത ഗ്രൂപ്പിലാണ് ഐവറി കോസ്റ്റ്. തന്റെ പ്രതീക്ഷകളിലൂടെ ദിദിയര്‍ ദ്രോഗ്ബ കടന്നുപോകുന്നു? സ്വന്തം ഭൂഖണ്ഡത്തിലേക്ക് ലോകകപ്പിന്റെ വരവിനെ എങ്ങനെ കാണുന്നു

* ആഫ്രിക്കയില്‍ ലോകകപ്പ് കളിക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങളെല്ലാവരും. സ്വന്തം നാട്ടില്‍ കളിക്കുന്നതുപോലെ തന്നെയാണ് ഇതും. ഇത്തവണത്തെ ലോകകപ്പിനെ ആഫ്രിക്ക പ്രതീക്ഷയോടെയാണ് കാണുന്നത്. ഇതിലും വലിയൊരു അവസരം ഞങ്ങള്‍ക്ക് കിട്ടാനില്ല. ഇരുകൈയും നീട്ടി അത് മുതലാക്കാനാണ് എല്ലാവരുടെയും ശ്രമം. ആര് നേട്ടമുണ്ടാക്കിയാലും ആഫ്രിക്കയൊന്നടങ്കമാകും അതില്‍ അഭിമാനം കൊള്ളുക

? ചെല്‍സിക്കൊപ്പം പ്രീമിയര്‍ ലീഗും എഫ്.എ. കപ്പും നേടിയതും ലീഗിലെ ടോപ്‌സ്‌കോററായതും ലോകകപ്പില്‍ എത്രത്തോളം സഹായിക്കും

* തീര്‍ച്ചയായും അതിന്റെ സ്വാധീനമുണ്ടാകും. ഞങ്ങള്‍ കളിക്കുന്നത് ട്രോഫികള്‍ നേടാനാണ്. അതില്‍സംശയമില്ല. ഒരു ഫുട്‌ബോളറെ സംബന്ധിച്ചിടത്തോളം കളിച്ച് നേടുന്ന ഒരു ട്രോഫി ഉയര്‍ത്തുന്നതിലും സംതൃപ്തി പകരുന്ന മറ്റൊന്നില്ല. ചെല്‍സി ഇംഗ്ലണ്ടിലെ ചാമ്പ്യന്മാരായത് വലിയ നേട്ടമാണ്. അതുപോലെ, ലോകകപ്പ് ഓരോ ഫുട്‌ബോളറുടെയും സ്വപ്നമാണ്. ലോകം മുഴുവന്‍ നോക്കിക്കൊണ്ടിരിക്കെ, ആ സ്വപ്നം യാഥാര്‍ഥ്യമാക്കാനാണ് ഞങ്ങള്‍ അധ്വാനിക്കുന്നത്.

? ബ്രസീലും പോര്‍ച്ചുഗലും ഉത്തരകൊറിയയുമുള്‍പ്പെട്ട മരണ ഗ്രൂപ്പിലാണ് ഐവറി കോസ്റ്റ്. നിങ്ങളുടെ സാധ്യതകള്‍ എവിടെവരെയാണ്

* ശരിയാണ്. കഴിഞ്ഞ ലോകകപ്പിലും ഇതേ അവസ്ഥയില്‍ത്തന്നെയായിരുന്നു ഞങ്ങള്‍. അന്ന് അര്‍ജന്‍റീനയും ഹോളണ്ടും സെര്‍ബിയ- മോണ്ടിനെഗ്രോയുമായിരുന്നു ഗ്രൂപ്പില്‍. ബ്രസീലും പോര്‍ച്ചുഗലും ഉത്തര കൊറിയയും എതിരെ വരുമ്പോള്‍, ഇക്കുറിയും ഏറെക്കുറെ സമാനമായ സ്ഥിതി. പക്ഷേ, ലോകകപ്പില്‍ കളിക്കാന്‍ തയ്യാറെടുക്കുമ്പോള്‍, ഇത്തരം ടീമുകളെ നേരിടേണ്ടിവരുന്നുവെന്ന് പരാതിപ്പെടുന്നതില്‍ അര്‍ഥമില്ല. മാത്രമല്ല, നാലുവര്‍ഷത്തിനുമുമ്പുണ്ടായിരുന്ന ടീമല്ല ഞങ്ങളുടേത്. കാലം മാറിയതുപോലെ ടീമിലും മാറ്റമുണ്ട്. എതിരാളികളെക്കുറിച്ച് ഞങ്ങള്‍ മാത്രം ചിന്തിക്കുന്ന കാലമല്ല ഇത്. അവര്‍, ഞങ്ങളെക്കുറിച്ചും ആലോചിച്ചു തുടങ്ങിയിരിക്കുന്നു. അങ്ങനെ വരുമ്പോള്‍, ഈ ഗ്രൂപ്പിലെ പോരാട്ടങ്ങള്‍ കൂടുതല്‍ ആവേശം പകരുന്നതാകും.

?കഴിഞ്ഞ ലോകകപ്പില്‍ ഒന്നാം റൗണ്ടിനപ്പുറം പോകാന്‍ സാധിച്ചില്ല. ഇത്തവണ പ്രകടനം മെച്ചപ്പെടുമോ

* അതാണ് പ്രതീക്ഷയും അതിനുവേണ്ടിയാണ് ശ്രമിക്കുന്നതും. പക്ഷേ, പ്രവചനങ്ങള്‍ക്കൊന്നും ഞാനില്ല. ഇത്തവണ മികച്ച തയ്യാറെടുപ്പോടെയാണ് ടീം വരുന്നത്. ടീമിന്റെ മര്‍മത്തില്‍ വലിയ മാറ്റമൊന്നുമില്ലെങ്കിലും മികച്ച ഏതാനും പുതിയ താരങ്ങള്‍ ഇക്കുറിയുണ്ട്. 2006-ല്‍ സ്ഥിതിഗതികള്‍ വ്യത്യസ്തമായിരുന്നു. അത്രയും വലിയ വേദിയില്‍ ആദ്യമായാണ് ഞങ്ങള്‍ കളിച്ചത്. നന്നായി കളിച്ചെങ്കിലും ഫലമുണ്ടായില്ല. ഫുട്‌ബോളില്‍ കളി മാത്രം പോര, അല്പം ഭാഗ്യവും വേണം. ഗ്രൂപ്പില്‍നിന്ന് മുന്നേറാന്‍ സാധിക്കേണ്ടതായിരുന്നു. നടന്നില്ല. ഇത്തവണ കാര്യങ്ങള്‍ മാറിയിട്ടുണ്ട്. ഒന്നിനെക്കുറിച്ചും ആകുലതകളില്ലാതെയാണ് കളിക്കിറങ്ങുന്നത്.

?ചെല്‍സിയിലെ കൂട്ടുകാരന്‍ മിഷയേല്‍ ബാലാക്കിന് ലോകകപ്പ് കളിക്കാന്‍ സാധിക്കാത്തതില്‍ വിഷമമില്ലേ

* അടുത്തിടെ കേട്ടതില്‍ ഏറ്റവും നിരാശ പകര്‍ന്ന വാര്‍ത്തയാണത്. ലോകകപ്പില്‍ കളിക്കാന്‍ ആവേശംകൊണ്ടിരിക്കെയാണ് ബാലാക്കിന് പരിക്കേറ്റത്. കഴിഞ്ഞവര്‍ഷം ആദ്ദേഹത്തിന്റെ നാട്ടിലാണ് ഞങ്ങള്‍ ലോകകപ്പ് കളിക്കാന്‍ പോയത്. ഇത്തവണ ആഫ്രിക്കയില്‍ വരുമ്പോള്‍, ഞങ്ങള്‍ക്കും ലോകകപ്പിന് ആതിഥ്യം വഹിക്കാന്‍ സാധിക്കുമെന്ന് കാട്ടിത്തരാം എന്ന് ഞാന്‍ പറഞ്ഞിരുന്നു. കഷ്ടകാലത്തിന്, സീസണിലെ ഏറ്റവും അവസാന മത്സരത്തിലാണ് ബാലാക്കിന് പരിക്കേറ്റത്. അതില്‍നിന്ന് തിരിച്ചുവരാന്‍ അദ്ദേഹത്തിന് അവസരം കിട്ടിയില്ല. ബോട്ടെങ് അനാവശ്യമായാണ് ബാലാക്കിനെ ഫൗള്‍ ചെയ്തത്.

?ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായിരുന്നപ്പോള്‍ ലീഗില്‍ നിങ്ങള്‍ക്കിടയില്‍ കടുത്ത മത്സരമായിരുന്നു. ലോകകപ്പില്‍, ആദ്യ മത്സരത്തില്‍ത്തന്നെ ക്രിസ്റ്റ്യാനോയുമായി ഏറ്റുമുട്ടുന്നുണ്ട്. നിങ്ങളുടെ മത്സരം ലോകകപ്പിലേക്കും വരുന്നു.

* ലോകത്തെ മികച്ച താരങ്ങളിലൊരാളാണ് ക്രിസ്റ്റിയാനോ. അയാള്‍ മാഞ്ചസ്റ്ററിലും ഞാന്‍ ചെല്‍സിയിലും കളിച്ചിരുന്നപ്പോള്‍, ലീഗിലെ പ്രധാന ടീമുകളിലെ സ്‌ട്രൈക്കര്‍മാര്‍ എന്ന നിലയില്‍ കടുത്ത മത്സരം പുലര്‍ത്തിയിരുന്നു. പക്ഷേ, അത് മാഞ്ചസ്റ്ററും ചെല്‍സിയും തമ്മിലുള്ള മത്സരമായിരുന്നു. ഇപ്പോഴത് പോര്‍ച്ചുഗലും ഐവറി കോസ്റ്റും തമ്മിലായി. ലോകകപ്പില്‍ സ്വന്തം ടീമിന് മികച്ച തുടക്കം നല്‍കാനായിരിക്കും ഞങ്ങള്‍ ശ്രമിക്കുക. അതിലേറെ യാതൊന്നുമില്ല.


? ചെല്‍സിയിലെ കൂട്ടുകാരായ റിക്കാര്‍ഡോ കാര്‍വാലോയും പോളോ ഫെരേരയും ഡെക്കോയും പോര്‍ച്ചുഗല്‍ നിരയിലുണ്ട്. ചെല്‍സിയിലെ ഡ്രെസ്സിങ് റൂമില്‍ നിങ്ങളിതേക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ടോ

* തീര്‍ച്ചയായും. ഞങ്ങള്‍ക്കിടയിലെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു അത്. എല്ലാ നാലുവര്‍ഷം കൂടുമ്പോഴും ക്ലബ്ബിലെ സുഹൃത്തുക്കള്‍ക്കെതിരെ നിങ്ങള്‍ക്ക് മത്സരിക്കേണ്ടിവരും. അതാണ് ഫുട്‌ബോള്‍. ഞങ്ങള്‍ രാജ്യത്തിന്റെ വിശ്വസ്തരായ പോരാളികളാണ്. റിക്കാര്‍ഡോയും ഫെരേരയും ഒരിഞ്ച് മുന്നേറാന്‍ അനുവദിക്കില്ലെന്ന് എനിക്കറിയാം. തിരിച്ച് യാതൊരു സൗഹൃദവും ഞാനും കാണിക്കില്ല. പക്ഷേ, 90 മിനിറ്റിനുശേഷം ഞങ്ങള്‍ കെട്ടിപ്പിടിക്കാതെ കളം വിടില്ല.


? ടീമിന്റെ പരിശീലകനായി സ്വെന്‍ ഗൊരാന്‍ എറിക്‌സണ്‍ എത്തിയത് വൈകിയാണെന്ന് കരുതുന്നുണ്ടോ

* പരിചയസമ്പന്നനായ കോച്ചാണ് അദ്ദേഹം. താരങ്ങള്‍ നിറഞ്ഞ ഇംഗ്ലണ്ടിനെ 2006 ലോകകപ്പില്‍ പരിശീലിപ്പിച്ചത് അദ്ദേഹമാണ്. കോച്ചെന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ കഴിവില്‍ നിങ്ങള്‍ക്ക് പരാതിപ്പെടാനൊന്നുമില്ല. അദ്ദേഹത്തിന്റെ പരിചയസമ്പത്ത് സഹായിക്കുമെന്നാണ് പ്രതീക്ഷ. അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞു


?പ്രീമീയര്‍ ലീഗില്‍ ടോപ്‌സേ്കാററായതു പോലെ, ലോകകപ്പിലും അത്തരം ലക്ഷ്യങ്ങളുണ്ടോ

* ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിനപ്പുറം പോകാന്‍ ശേഷിയുള്ള ടീമാണ് ഐവറി കോസ്റ്റ്. അവസാനം വരെ പോകണമെന്നാണ് ആഗ്രഹം. ഒരു ടീമെന്ന നിലയില്‍, ഞങ്ങള്‍ ഒരു സ്വപ്നത്തിനു പിന്നാലെയാണ്. വ്യക്തിപരമായി നോക്കുമ്പോള്‍, സുവര്‍ണ പാദുകത്തിന് അവകാശിയാകാന്‍ കഴിഞ്ഞാല്‍, അതില്‍പ്പരം എന്താണ് വേണ്ടത് .

 

 

 

Other stories in this section:
 • അര്‍ജന്റീനയ്ക്ക് എന്താണ് സംഭവിച്ചത്?-മഷെറാനോ
 • സ്‌ക്വയര്‍ ഡ്രൈവ്‌
 • സഞ്ജു കൂളാണ്‌
 • ആക്രമണം തന്നെ പ്രതിരോധം
 • റോള്‍ മോഡല്‍
 • ബില്യണ്‍ ഡോളര്‍ ബെയ്ല്‍
 • വെരി വെരി സ്‌പെഷ്യല്‍
 • 'നഷ്ടമായത് ഒളിമ്പിക് മെഡല്‍മാത്രം'
 • 'എന്റെ ഏറ്റവും വലിയ ജയം'
 • ആഹ്ലാദത്തിരയില്‍ പ്രജുഷ
 • ദീപികയ്ക്ക് സ്വര്‍ണത്തേക്കാള്‍ തിളക്കം
 • ഷാര്‍പ്പ് ഷൂട്ടര്‍
 • ലക്ഷ്യം ഒളിമ്പിക് മെഡല്‍; ഈ വെള്ളി കോച്ച് അജിമോന്-ദുര്‍ഗേഷ്‌
 • സ്വപ്നം പോലെ സ്വര്‍ണപ്പന്ത്
 • ഇത് ഉറുഗ്വായ്ന്‍ ജനതയ്ക്കുള്ള സമ്മാനം: ഫോര്‍ലാന്‍
 • ആഫ്രിക്കയുടെ ആവേശം പ്രകടമാവും
 • ടീമാണ് മുഖ്യം, വ്യക്തിനേട്ടങ്ങള്‍ രണ്ടാമത് മാത്രം
 • ജയമാണ് പ്രധാനം, കേളീഭംഗിയല്ല: ദുംഗ
 • അര്‍ജന്റീനയെ പേടിക്കണം
 • എന്റെ സ്വപ്നം ലോകകപ്പ്‌
 •