a mathrubhumi initiative
IST:
ഹോം   അഭിമുഖം  
ടീമാണ് മുഖ്യം, വ്യക്തിനേട്ടങ്ങള്‍ രണ്ടാമത് മാത്രം
Posted on: 25 May 2010


നാലുവര്‍ഷം മുമ്പ്, ജര്‍മനിയുടെ രഹസ്യായുധമായിരുന്നു ലൂക്കാസ് പൊഡോള്‍സ്‌കി. മൂന്നാം സ്ഥാനവുമായി ജര്‍മനി മടങ്ങിയപ്പോള്‍, പോള്‍ഡി എന്ന പൊഡോള്‍സ്‌കി, ലോകകപ്പിലെ മികച്ച യുവതാരമായി മാറി. ഇക്കുറി ലോകകപ്പിനെത്തുമ്പോള്‍, പഴയ ഫോമിലല്ല പൊഡോള്‍സ്‌കിയെന്ന് വിമര്‍ശിക്കുന്നവരേറെയാണ്. ജര്‍മനിയുടെ ലോകകപ്പ് സന്നാഹങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പൊഡോള്‍സ്‌കി ഇവിടെ

? ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പ് നടക്കുമ്പോള്‍, പോള്‍ഡിയുടെ പ്രതീക്ഷകളെന്തൊക്കെയാണ്

ആഫ്രിക്കയില്‍ നടക്കുന്ന ആദ്യ ലോകകപ്പെന്നതാണ് ഇതിന്റെ പ്രസക്തി. അതുകൊണ്ടുതന്നെ, കാത്തിരിക്കുന്നത് വലിയ അത്ഭുതങ്ങളായിരിക്കും. അതിന്റെ ഭാഗമാകാന്‍ സാധിച്ചത് വലിയ കാര്യമാണ്. അതിലെല്ലാമുപരി, ലോകകപ്പില്‍ കളിക്കുകയെന്നതാണ് ഒരു ഫുട്‌ബോള്‍ താരത്തിന് കിട്ടാവുന്ന പരമോന്നത അംഗീകാരം.

?കഴിഞ്ഞ ലോകകപ്പിനെയും വരാന്‍ പോകുന്നതിനെയും എങ്ങനെ കാണുന്നു.

അതെ, ആദ്യലോകകപ്പ് ഇപ്പോഴും എന്റെ മനസ്സിലുണ്ട്. ലോകകപ്പില്‍ കളിക്കുകയെന്നത് സ്വപ്നങ്ങളില്‍ മാത്രമുണ്ടായിരുന്ന കാലത്താണ് ഞാന്‍ ടീമിലെത്തിയത്; വെറും 20-ാം വയസ്സില്‍. സത്യം ചിലപ്പോള്‍ കെട്ടുകഥയെക്കാള്‍ വിചിത്രമായിരിക്കുമെന്ന് കേട്ടിട്ടുണ്ട്. അതാണ് സംഭവിച്ചത്. ഞാന്‍ ടീമിലെത്തി. മാത്രമല്ല, ഞങ്ങള്‍ക്ക് മൂന്നാം സ്ഥാനം കിട്ടി. അവിസ്മരണീയമായ അനുഭവമായിരുന്നു അത്. ജര്‍മനിയിലെ ആഘോഷങ്ങളൊന്നും മറക്കാറായിട്ടില്ല. ഇക്കുറി, ദക്ഷിണാഫ്രിക്കയില്‍നിന്ന് തിരിച്ചുവരുമ്പോള്‍ അതിലും വലിയ ആഘോഷങ്ങള്‍ ജര്‍മനിയിലുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

? 2006 ലോകകപ്പിലെ മികച്ച യുവതാരവും പോള്‍ഡിയായിരുന്നു

അതെ, പക്ഷേ, ജേതാക്കളാകാന്‍ സാധിക്കാതിരുന്നത് അത്തരം നേട്ടങ്ങളുടെയൊക്കെ സന്തോഷം ഇല്ലാതാക്കി. മൂന്നാം സ്ഥാനം നേടുന്നത് മോശമായതുകൊണ്ടല്ല, പക്ഷേ, ആദ്യ ലോകകപ്പില്‍ ചാമ്പ്യന്മാരാകണമെന്നായിരുന്നു എന്റെ സ്വപ്നം. അതു നടക്കാതെ പോയതില്‍ നിരാശയുണ്ട്. ഒരു ടീം ഗെയിമില്‍ കളിക്കുമ്പോള്‍, വ്യക്തിഗത നേട്ടങ്ങള്‍ക്കെല്ലാമപ്പുറത്താണ് ടീമിന്റെ വിജയം.

? ഈ ലോകകപ്പില്‍ ജര്‍മനിയുടെ സാധ്യതകളെന്തൊക്കെയാണ്

അവസാനഘട്ടം വരെ മുന്നേറാനുള്ള സാധ്യതയും ഊര്‍ജവുമുള്ള ടീമാണ് ജര്‍മനി. മികച്ച ടീമാണ് ഞങ്ങളുടേത്. ചരിത്രം പരിശോധിച്ചാല്‍, ലോകകപ്പില്‍ കിരീടം നേടാന്‍ സാധ്യതയുള്ളവരുടെ കൂട്ടത്തിലാണ് ജര്‍മനി. യുവതാരങ്ങളും പരിചയസമ്പന്നരുമൊന്നിക്കുന്ന സംഘം. പ്രതിഭകളും അധ്വാനശീലരുമായ താരങ്ങള്‍. പ്രതീക്ഷകള്‍ക്കൊത്ത് പ്രകടനം നടത്താന്‍ ശേഷിയുള്ളവരാണ് എല്ലാവരും.

?ജര്‍മനി കഴിഞ്ഞാല്‍, മറ്റ് ടീമുകളില്‍ ആര്‍ക്കൊക്കെയാണ് സാധ്യത

ഈ ലോകകപ്പില്‍ കിരീട സാധ്യതയുള്ള ഒരു ടീമിനെ ഉയര്‍ത്തിക്കാട്ടാനാവില്ല. യൂറോ ചാമ്പ്യന്മാരായ സ്‌പെയിന്‍ സാധ്യതയുള്ള സംഘമാണ്. ലോകകപ്പില്‍ എല്ലായ്‌പ്പോഴും മികവോടെ കളിക്കുന്നവരാണ് ബ്രസീലും അര്‍ജന്റീനയും. ഫ്രാന്‍സും അതുപോലെ തന്നെ. ആരുമാകാം. അതാണ് ലോകകപ്പിന്റെ രീതി.

? ക്ലിന്‍സ്മാനായിരുന്നു ആദ്യ പരിശീലകന്‍. ഇപ്പോള്‍ ജോക്കിം ലോയും. പുതിയ പരിശീലകനെ വിലയിരുത്താമോ

പണിയറിയാവുന്ന മാന്യനായ വ്യക്തി. അതാണ് ലോ. നല്ലൊരു സുഹൃത്ത്. ഏതുസമയത്തും അദ്ദേഹത്തെ സമീപിക്കാനാവും. അതാണ് അദ്ദേഹത്തിന്റെ വലിയ ഗുണം. എന്താണ് നമ്മളില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്ന് മുന്‍കൂട്ടി വ്യക്തമാക്കാനും ലോ തയ്യാറാണ്. ടീമില്‍ അദ്ദേഹത്തിനുകീഴിലാണ് മറ്റെല്ലാവരും. അതില്‍ ഒരു വ്യത്യാസവുമില്ല. മികച്ച രീതിയില്‍ കളിക്കാന്‍വേണ്ട ഉപദേശവും പിന്തുണയും നല്‍കുന്ന സപ്പോര്‍ട്ട് സ്റ്റാഫും ഞങ്ങള്‍ക്കുണ്ട്.

? ഘാനയും സെര്‍ബിയയും ഓസ്‌ട്രേലിയയുമാണ് നിങ്ങളുടെ ഗ്രൂപ്പില്‍. മറ്റു ഗ്രൂപ്പുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇത് അനായാസമാണെന്ന് തോന്നുന്നുണ്ടോ

ഞാനങ്ങനെ പറയില്ല. ഇതൊരു അപകടം പിടിച്ച ഗ്രൂപ്പാണെന്നാണ് എന്റെ വിശ്വാസം. ആഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ് എന്നതുതന്നെ ഘാനയെ അതിശക്തരാക്കും. യൂറോപ്പിലെ പ്രധാന ക്ലബ്ബുകളില്‍ കളിക്കുന്ന മികച്ച താരങ്ങളും അവര്‍ക്കുണ്ട്. യോഗ്യതാറൗണ്ടില്‍ മികച്ച പ്രകടനം നടത്തിയ ടീമാണ് സെര്‍ബിയ. ഏഷ്യയിലെ ഒന്നാം നമ്പര്‍ ടീമാണ് ഓസ്‌ട്രേലിയ. ഇതൊക്കെ മതി, ഗ്രൂപ്പിനെ അനായാസമല്ലെന്ന് വിലയിരുത്താന്‍.

? ഗ്രൂപ്പില്‍നിന്ന് നോക്കൗട്ടിലേക്ക് കടക്കാനാവുമെന്ന് പ്രതീക്ഷയുണ്ടോ

ഏതു വെല്ലുവിളിയും നേരിടാന്‍ തക്ക ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്. ഒത്തിണക്കത്തോടെ കളിക്കുകയാണ് വേണ്ടത്. നിലവാരത്തിനനുസരിച്ച് കളിക്കാനായാല്‍, മുന്നേറാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.

? കഴിഞ്ഞ നാലുവര്‍ഷത്തിനിടെ, ടീമിലെ സുപ്രധാന താരമാണ് നിങ്ങള്‍. ആരാധകര്‍ക്ക് നിങ്ങളില്‍നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാം

ജര്‍മനിയുടെ ആരാധകര്‍ ഈ രീതിയിലാവില്ല ചിന്തിക്കുക. ഞങ്ങള്‍, ജര്‍മന്‍ ടീം മികച്ച രീതിയില്‍ കളിക്കുകയും ടൂര്‍ണമെന്റില്‍ വിജയിക്കുകയും വേണമെന്നാകും അവര്‍ ആഗ്രഹിക്കുക. ടീമിനുവേണ്ടി താരങ്ങള്‍ കളിക്കണമെന്നാകും അവര്‍ ആഗ്രഹിക്കുക. കോച്ച് ഏല്പിക്കുന്ന ചുമതല നിറവേറ്റാനായാല്‍ എനിക്ക് സന്തോഷമാകുമെന്നു മാത്രം.

?ഏതു പൊസിഷനിലാവും കളിക്കുക സ്‌ട്രൈക്കറോ ലെഫ്റ്റ് വിങ്ങറോ

ഈ രണ്ടു പൊസിഷനുകളിലും ഞാന്‍ നന്നായി കളിച്ചിട്ടുണ്ട്. പക്ഷേ, ടീമിന്റെ ഘടനയെന്താവുമെന്ന് ഇപ്പോള്‍ പറയുക സാധ്യമല്ല. കോച്ചാണ് ആ തീരുമാനങ്ങളെല്ലാം എടുക്കുന്നത്. എന്തായാലും ടീമില്‍ കൃത്യമായൊരു റോള്‍ എനിക്കുണ്ടാവുമെന്ന് ഉറപ്പുണ്ട്. ഉത്തരവാദിത്വത്തോടെ കളിക്കുന്നതിലാണ് സന്തോഷം. എന്നെ സംബന്ധിച്ചിടത്തോളം, ദേശീയ ടീമിന്റെ ഭാഗമായിരിക്കുന്നതിലും ആനന്ദം വേറെയില്ല. ദക്ഷിണാഫ്രിക്കയിലേക്ക് പറക്കാന്‍ കൊതിച്ചിരിക്കുകയാണ് ഞാന്‍.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.