|
അര്‍ജന്റീനയെ പേടിക്കണം
Posted on: 23 May 2010
ലോകകപ്പിനെക്കുറിച്ച് സംസാരിക്കാന്‍ ലോതര്‍ മത്തേയസിനോളം അനുഭവ സമ്പത്ത് മറ്റാര്‍ക്കുമില്ല. 1982 മുതല്‍ 1998 വരെയുള്ള അഞ്ച് ലോകകപ്പുകളിലായി പരന്നുകിടക്കുന്നു മത്തേയസിന്റെ കളി ജീവിതം. ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിക്കുകയും, 1990-ല്‍ ജര്‍മനിയ്ക്ക് കിരീടം നേടിക്കൊടുക്കുകയും ചെയ്ത ക്യാപ്റ്റന്‍. ലോകകപ്പിലെ ഏറ്റവും പരിചയസമ്പന്നനായ കളിക്കാരനായ മത്തേയസ്, ഇത്തവണത്തെ ടൂര്‍ണമെന്റില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്തൊക്കെയാണ്. ലോതര്‍ മത്തേയസുമായുള്ള അഭിമുഖത്തില്‍നിന്ന്
? 1990-ല്‍ റോമിലെ ഫൈനലിനുശേഷം, കപ്പുയര്‍ത്തുന്ന നിമിഷത്തില്‍ എന്തൊക്കെയായിരുന്നു മനസ്സിലുയര്‍ന്ന വികാരങ്ങള്‍
* ജീവിതത്തില്‍ ഞാനിത്രയും ടെന്‍ഷനടിച്ചിട്ടുള്ള മറ്റൊരു നിമിഷമില്ല. അത് ഓര്‍ത്തെടുത്ത് വാക്കുകളില്‍ വിവരിക്കാനുമാകില്ല. ആ നേട്ടം എങ്ങനെയാണ് ഞങ്ങള്‍ ആഘോഷിച്ചതെന്നും എനിക്കിപ്പോള്‍ ഓര്‍മയില്ല. എല്ലായിടത്തും അലമുറയായിരുന്നു. വിജയിച്ച ഞങ്ങളുടെ, തോറ്റ അര്‍ജന്റീനക്കാരുടെ. കപ്പ് വാങ്ങാന്‍ എന്നെ ക്ഷണിച്ചപ്പോള്‍, എനിക്ക് രക്തസമ്മര്‍ദം കൂടി. വിറച്ചുവിറച്ച് കപ്പ് എന്റെ കൈയില്‍നിന്ന് വീഴുമോ എന്നായിരുന്നു എന്റെ പേടി. പക്ഷേ, ഒന്നും സംഭവിച്ചില്ല. പിന്നീട് പുലരുവോളവും പിറ്റേന്നും ഞങ്ങള്‍ ആഘോഷിച്ചു. അത്രയും ആഘോഷം പിന്നീടോ അതിനുമുമ്പോ ഉണ്ടായിട്ടില്ല.
? മാറഡോണയ്‌ക്കെതിരെ തുടരെ രണ്ട് ഫൈനലുകള്‍. 1986-ലും 1990ലും. എങ്ങനെയാണ് ആ പോരാട്ടത്തെ കാണുന്നത്.
* ഡീഗോയ്‌ക്കെതിരെ കളിക്കുന്നത് തന്നെ വലിയ ബഹുമതിയാണ്. ഞങ്ങള്‍ കളിച്ചിരുന്ന കാലത്ത് ലോകത്തെ ഏറ്റവും മികച്ച താരം മാറഡോണയായിരുന്നു. ലോകകപ്പില്‍ മാത്രമല്ല, ഇറ്റാലിയന്‍ ലീഗിലും ഞങ്ങള്‍ ഏറ്റുമുട്ടിയിട്ടുണ്ട്. മാറഡോണ നാപ്പോളിയിലും ഞാന്‍ ഇന്റര്‍മിലാനിലും കളിച്ചിരുന്ന കാലത്ത്. മാറഡോണയെ പിടിച്ചുകെട്ടാനുള്ള തന്ത്രങ്ങളാണ് കോച്ച് ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അക്കാലത്ത് ആലോചിച്ചുനടന്നത്. രണ്ട് ഫൈനലുകളില്‍ അതൊരിക്കലേ സാധിച്ചുള്ളൂ എന്നത് മാറഡോണയുടെ വലിപ്പമാണ് കാണിക്കുന്നത്.
? ഇക്കുറി ആഫ്രിക്കയിലേക്ക് ലോകകപ്പെത്തുന്നു. ആര്‍ക്കാണ് മത്തേയസ് സാധ്യത കാണുന്നത്.
* ലോകകപ്പില്‍ ആരെയും അങ്ങനെ മുന്‍നിര്‍ത്താനാകില്ല. ലോകകപ്പ് വേറിട്ടൊരു കളിയാണ്. പക്ഷേ, ഇക്കുറി പ്രതീക്ഷയുണര്‍ത്തുന്ന ഒട്ടേറെ ടീമുകളുണ്ട്.
? ബ്രസീലൊഴികെ മറ്റൊരു ടീമും സ്വന്തം ഭൂഖണ്ഡത്തിനപ്പുറത്ത് ജേതാക്കളായിട്ടില്ല. ആഫ്രിക്കയില്‍ ലോകകപ്പ് ആദ്യമായാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ചാമ്പ്യന്‍ പുറത്തുനിന്നുള്ള ടീമാകാന്‍ സാധ്യതയുണ്ട്. ആരാണ് അതിനു യോഗ്യര്‍
* ബ്രസീലാണ് ടൂര്‍ണമെന്റ് നേടാന്‍ സാധ്യതയേറെയുള്ള ടീം. സ്‌പെയിനും സമാനമായ സാധ്യതകള്‍ നിലനിര്‍ത്തുന്നു. പക്ഷേ, സാവിക്കും ഇനിയേസ്റ്റയ്ക്കും ടോറസിനും പരിക്കില്‍നിന്ന് മുക്തരാകാന്‍ സാധിച്ചില്ലെങ്കില്‍, സ്‌പെയിന്‍ പ്രതീക്ഷകള്‍ അസ്ഥാനത്താക്കും. എന്നാല്‍, ബ്രസീലിന്റെ സ്ഥിതി അതല്ല. കക്കാ പരിക്കില്‍നിന്ന് മുക്തനായി പൂര്‍ണ ഫോമിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു. ദുംഗ ടീമിനെ കൈകാര്യം ചെയ്യുന്നതില്‍ ഏറെ മികവ് കാട്ടുന്നു. ഓരോ കളിക്കാരനും ഗ്രൗണ്ടില്‍ ചെയ്യേണ്ടതെന്താണെന്ന് ദുംഗ കൃത്യമായി ആസൂത്രണം ചെയ്യുന്നുണ്ട്.
? മറ്റ് ടീമുകളില്‍ ആരെയാണ് മുന്‍പന്തിയില്‍ കാണുന്നത്
* ജര്‍മനി തീര്‍ച്ചയായും സാധ്യതയുള്ള ടീമാണ്. എത്ര തിരിച്ചടികള്‍ നേരിട്ടാലും ലോകകപ്പില്‍ അതൊക്കെ മറികടക്കാനുള്ള ആര്‍ജവം ജര്‍മനിക്കുണ്ട്. എക്കാലത്തും അങ്ങനെയാണ് കണ്ടിട്ടുള്ളത്. ഇറ്റലിയെയും അങ്ങനെ തന്നെ പരിഗണിക്കേണ്ട ടീമാണ്.
? അപ്പോള്‍ അര്‍ജന്റീനയോ? ലോകത്തെ ഏറ്റവും മികച്ച താരം ലയണല്‍ മെസ്സി അവര്‍ക്കുണ്ട്
* മെസ്സി ഒരു അസാധാരണ താരം തന്നെ. പക്ഷേ, ഇക്കുറി അര്‍ജന്റീനയ്ക്ക് മെസ്സി മാത്രമല്ലെന്നും ഓര്‍ക്കണം. മെസ്സിക്കുചുറ്റും ഒരുപിടി മികച്ച താരങ്ങളുണ്ട്. കാര്‍ലോസ് ടെവസ്, ഡീഗോ മിലിറ്റോ, ഗോണ്‍സാലോ ഹിഗ്വയ്ന്‍, ഹാവിയര്‍ മഷെറാനോ അങ്ങനെയുള്ളവര്‍. പ്രായം തളര്‍ത്താത്ത വാള്‍ട്ടര്‍ സാമുവലിനെപ്പോലുള്ളവര്‍ പ്രതിരോധത്തില്‍ ഉറച്ചുനില്‍ക്കുന്നു. ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയ ഇന്റര്‍മിലാനു വേണ്ടി മിലിറ്റോ കാഴ്ചവെച്ച പ്രകടനം അതുപോലെ ശ്രദ്ധേയമാണ്. ഇത്രയും മികച്ച താരങ്ങള്‍ ഒരു ടീമിലൊന്നിക്കുമ്പോള്‍, അവരെ വേറിട്ടുതന്നെ കാണാന്‍ സാധിക്കും.
? പക്ഷേ, യോഗ്യതാ റൗണ്ടില്‍ അവരുടെ പ്രകടനം മോശമായിരുന്നു
* യോഗ്യതാ റൗണ്ടല്ല ലോകകപ്പ്. യോഗ്യതാ മത്സരങ്ങള്‍ ആ നിലവാരത്തില്‍ മാത്രമേ കാണാനാവൂ. മികച്ച പ്രകടനം കാഴ്ചവെക്കാനായാലും ലോകകപ്പില്‍ കളിക്കാനുള്ള യോഗ്യത മാത്രമേ അത് സമ്മാനിക്കൂ. കിരീടം കിട്ടണമെങ്കില്‍ ആ കളി മതിയാവില്ല. ഈ ഒരു മാസം എങ്ങനെ കളിക്കുന്നുവെന്നതാണ് പ്രധാനം. അക്കാര്യത്തില്‍ എനിക്കുറപ്പുണ്ട്. മെസ്സിക്കും സംഘത്തിനും ഈ ലോകകപ്പ് അവിസ്മരണീയമാക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
? ശേഷിക്കുന്നവരില്‍
* ഇംഗ്ലണ്ട് മികച്ച ടീമാണ്. കാപ്പല്ലോ മികച്ച പരിശീലകനും. അനായാസ ഗ്രൂപ്പിലാണ് ഇംഗ്ലണ്ട് കളിക്കുന്നത്. വെയ്ന്‍ റൂണിയെപ്പോലെ മികച്ച താരങ്ങളും അവര്‍ക്കുണ്ട്. അര്‍ജന്റീനയെപ്പോലെ യോഗ്യതാറൗണ്ടില്‍ കഷ്ടപ്പെട്ട് വന്ന ഫ്രാന്‍സിനെയും കാണാതിരിക്കാനാവില്ല. ഫ്രാങ്ക് റിബറിയൊക്കെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. ഒന്നിനൊന്ന് മികച്ച ടീമുകളാണ് ദക്ഷിണാഫ്രിക്കയിലെത്തുന്നത്. ആരുവേണമെങ്കിലും കിരീടമുയര്‍ത്താവുന്ന നില.
|
|
Other stories in this section:
|
|