ബിവിപിക്കെതിരെ ഓണ്‍ലൈന്‍ കാമ്പയിനിന് തുടക്കമിട്ട കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളും ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിയുമായ ഗുര്‍മെഹര്‍ കൗറിനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിയാണ് താനെന്നും താന്‍ എബിവിപിയെ ഭയക്കുന്നില്ലെന്നും തന്റെ കൂടെ ഇന്ത്യയിലെ എല്ലാ വിദ്യാര്‍ഥികളുണ്ടെന്നും എഴുതിയ പ്ലക്കാര്‍ഡ് പിടിച്ചു നില്‍ക്കുന്ന ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പ്രൊഫൈല്‍ ഫോട്ടോയാക്കിയാണ് ഗുര്‍മെഹര്‍ എബിവിപിക്കെതിരായ കാമ്പയിനിന് തുടക്കമിട്ടത്. സ്റ്റുഡന്റ്‌സ് എഗെയ്ന്‍സ്റ്റ് എബിവിപി എന്ന ഹാഷ്ടാഗിലായിരുന്നു ഗുര്‍മെഹറിന്റെ ഫോട്ടോ. 

എന്നാല്‍ ഇതിനും മുമ്പ് ഗുര്‍മെഹര്‍ പോസ്റ്റ് ചെയ്ത മറ്റൊരു ചിത്രത്തെ പരിഹസിച്ചാണ് സെവാഗ് ട്വീറ്റ് ചെയ്തത്. തന്റെ അച്ഛനെ കൊന്നത് പാകിസ്താനല്ലെന്നും മറിച്ച് യുദ്ധമാണെന്നുമായിരുന്നു ആ ഫോട്ടോയിലുണ്ടായിരുന്നത്. ഇതിന് മറുപടിയായി താനല്ല രണ്ട് ട്രിപ്പിള്‍ സെഞ്ചുറി നേടിയതെന്നും തന്റെ ബാറ്റാണ് സെഞ്ചുറി അടിച്ചതെന്നുമായിരുന്നു സെവാഗിന്റെ ട്വീറ്റ്. ഇക്കാര്യം എഴുതിയ ഒരു പ്ലക്കാര്‍ഡ് പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് സെവാഗ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 

സെവാഗിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി ട്വീറ്റുകളാണ് ഈ പോസ്റ്റിന് താഴെയുള്ളത്. സെവാഗ് എ.ബി.വി.പിയുടെ പ്രത്യയ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നയാളാണെന്നും സെവാഗ് ഇത്തരത്തില്‍ തരംതാഴുമെന്ന് വിചാരിച്ചില്ലെന്നും റീട്വീറ്റുകളില്‍ പറയുന്നു. അതേസമയം സെവാഗിനെ പിന്തുണച്ച് ഒസാമ ബിന്‍ലാദനല്ല ആളുകളെ കൊന്നത്, ബോംബാണെന്നും കൃഷ്ണമാനിനെ കൊന്നത് സല്‍മാന്‍ ഖാനല്ല, ബുള്ളറ്റാണെന്നുമുള്ള ട്വീറ്റുകളുമുണ്ട്. 

ഇതിനിടെ പ്രൊഫൈല്‍ ചിത്രം മാറ്റിയില്ലെങ്കില്‍ തന്നെ കൊല്ലുമെന്ന് എബിവിപിക്കാര്‍ ഭീഷണി മുഴക്കിയതായും തന്നെ ദേശവിരുദ്ധയെന്ന് വിളിച്ചതായും ആരോപിച്ച് ഗുര്‍മെഹര്‍ രംഗത്തെത്തി. ജെ.എന്‍.യുവിലെ വിദ്യാര്‍ഥിയായ ഉമര്‍ ഖാലിദിനെ ദില്ലി രാംജാസ് കോളേജില്‍ ഒരു സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് എബിവിപി വിലക്കിയതിനെ തുടര്‍ന്നാണ് ഗുര്‍മെഹര്‍ എബിവിപിക്കെതിരെ രംഗത്തെത്തിയത്. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ മന്‍ദീപ് സിങ്ങിന്റെ മകളാണ് ഗുര്‍മെഹര്‍.