ലാഹോര്‍: താന്‍ മരിച്ചുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നതിനിടെ ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമാക്കി പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മല്‍. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഉമര്‍ രംഗത്തെത്തിയത്.

'ദൈവത്തിന് സ്തുതി, ഞാന്‍ സുരക്ഷിതനാണ്. ലാഹോറില്‍ സുഖമായിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകളെല്ലാം വ്യാജമാണ്. നാഷണല്‍ ട്വന്റി കപ്പിന്റെ സെമിഫൈനലില്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍' ഉമര്‍ ട്വിറ്ററില്‍ കുറിച്ചു. 

ട്വിറ്ററില്‍ ഒരു വീഡിയോയും ഉമര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് വീഡിയോയിലൂടെ ഉമര്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. 

ഇസ്ലാമാബാദില്‍ നടക്കുന്ന ആക്രമണത്തില്‍ ഉമര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്. കൊല്ലപ്പെട്ട ആറു പേരില്‍ ഒരാള്‍ക്ക് ഉമറിന്റെ മുഖഛായ ഉണ്ടായതാണ് സോഷ്യല്‍ മീഡിയയില്‍ തെറ്റിദ്ധാരണയുണ്ടാക്കിയത്.