ന്യൂഡല്‍ഹി: കളിയില്‍ മാത്രമല്ല, ജീവിതത്തിലും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കാണിക്കണമെന്ന് ഇന്ത്യന്‍ ടെന്നീസ് താരം ലിയാണ്ടര്‍ പെയ്‌സിനോട് സുപ്രീം കോടതി. ജീവിതപങ്കാളിയായിരുന്ന റിയാ പിള്ളയുമായുള്ള ദാമ്പത്യ പ്രശ്‌നം ഇതുവരെ ഒത്തുതീര്‍പ്പിലെത്താതിനെ തുടര്‍ന്നാണ് കോടതിയുടെ പരാമര്‍ശം. മൂന്നു വര്‍ഷമായി നിയമയുദ്ധത്തിലായിരുന്ന ഇരുവരും കോടതിക്ക് പുറത്തുവെച്ചെങ്കിലും ഒത്തുതീര്‍പ്പിലെത്തണമെന്നും കോടതി ഉപദേശിച്ചു.

ജസ്റ്റിസ് അരുണ്‍ മിശ്രയും അമിതാവ റോയുമടങ്ങുന്ന ബെഞ്ചാണ് ഇരുവരുടെയും കേസ് പരിഗണിച്ചത്. ഇരുവരുടെയും പ്രശ്‌നം കോടതിക്ക് പുറത്ത് പരിഹരിക്കാന്‍ നേരത്തെ ശ്രമം നടന്നിരുന്നെങ്കിലും ഒന്നും വിജയിച്ചിരുന്നില്ല. അന്ന് കോടതിയുടെ മദ്ധ്യസ്ഥതയില്‍ ആറു ദിവസം ചര്‍ച്ച നടന്നെങ്കിലും ഫലമൊന്നുമുണ്ടായില്ല. ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിലും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ മുന്നോട്ടുപോകണമെന്നും ഒരു കായികതാരം ജീവിതത്തിലും അത് പാലിക്കണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

പതിനൊന്നു വയസ്സുകാരിയായ മകളെ ലഭിക്കാന്‍ വേണ്ടി റിയ പിള്ള 2014ലാണ് പേസിനും കുടുംബത്തിനുമെതിരെ കേസ് ഫയല്‍ ചെയ്തത്. അന്ന് ലിയാണ്ടര്‍ പേസിനെതിരെയും അച്ഛനെതിരെയും ഗാര്‍ഹിക പീഡനത്തിന് മുംബൈയിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ റിയ കേസ് നല്‍കിയിരുന്നു. എന്നാല്‍ റിയയെ താന്‍ വിവാഹം ചെയ്തിട്ടില്ലെന്നും റിയ തന്റെ ഭാര്യയല്ലെന്നുമാണ് പേസ് അന്ന് വാദിച്ചത്. ബോളിവുഡ് താരം സഞ്ജയ് ദത്തുമായി വേര്‍പിരിഞ്ഞ ശേഷമാണ് റിയ പേസുമൊത്തുള്ള ജീവിതം തുടങ്ങിയത്. ഇരുവരും വിവാഹം ചെയ്യാതെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു.