Dhoniന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ് ധോനിക്കെതിരായ പരാതി സുപ്രീം കോടതി തള്ളി. ഹിന്ദു ദേവനായ വിഷ്ണുവിന്റെ രൂപത്തില്‍ ഒരു മാഗസിന്റെ കവർ പേജില്‍ ധോനി പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ ആന്ധ്രാ പ്രദേശിലെ കോടതിയില്‍ നടക്കുന്ന കേസാണ് തള്ളിയത്. 

മതവികാരം വ്രണപ്പെടുത്തിയതിന് ഐ.പി.സി സെക്ഷന്‍ 295 എ പ്രകാരം മാസികയുടെ  എഡിറ്റര്‍ക്കെതിരെയും കേസ് എടുത്തിരുന്നു. ഈ കേസും സുപ്രീം കോടതി തള്ളി. പരാതിക്കാരന്റെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ എഡിറ്റര്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് ദീപക് മിശ്ര, എഎം ഖാന്‍വില്‍കര്‍, എംഎം ശന്താനഗൗഡര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് തള്ളിയത്. സമാനമായി കര്‍ണാടകത്തിലുണ്ടായിരുന്ന കേസ് കഴിഞ്ഞ സെപ്തംബറില്‍ കോടതി റദ്ദാക്കിയിരുന്നു.