ക്രിക്കറ്റിന്റെ തിരക്കിനിടയിലും മകളുടെ സ്‌കൂള്‍ വാര്‍ഷികത്തിന് പോകാന്‍ ധോനി മറന്നില്ല. മറ്റെല്ലാ അച്ഛന്‍മാരേയും പോലെ ധോനി മകള്‍ സിവയുടെ സ്‌കൂളിലെത്തി. വാര്‍ഷിക പരിപാടിയില്‍ സിവയുടെ വേഷം രാജകുമാരിയുടേതായിരുന്നു. ആ വേഷത്തില്‍ സിവ വേദി വന്നപ്പോള്‍ കൈയടിക്കാന്‍ ധോനി സദസ്സിലുണ്ടായിരുന്നു.

കിരീടം വെച്ച് ധോനിയുടെ മടിയിലിരിക്കുന്ന സിവയുടെ ചിത്രവും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നേരത്തെ മലയാളം സിനിമാ പാട്ട് പാടി മലയാളികളുടെ ഇഷ്ടവും സിവ പിടിച്ചുപറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് അച്ഛനോടൊപ്പമുള്ള ചിത്രവും തരംഗമാവുന്നത്.

സിവയുടെ കൂട്ടുകാരികളോടും ധോനി സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നിന്ന് പിന്മാറിയ ശേഷമാണ് ധോനി കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തിയത്.

ഫെബ്രുവരി ഒന്നിന് ദക്ഷിണാഫ്രിക്കയില്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ധോനി ചേരും. ടെസ്റ്റ് മത്സരങ്ങള്‍ക്ക് ശേഷം ഫെബ്രുവരിയിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിനം തുടങ്ങുന്നത്.

Content Highlights: Mahendra Singh Dhoni Attends Ziva's First Annual Day