ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും തമ്മിലുള്ള പ്രണയകഥ സാധാരണമാണ്. മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയും ശര്‍മ്മിളാ ടാഗോറും മുതല്‍ അസ്ഹറുദ്ദീനും സംഗീത ബിജ്‌ലാനിയും ഒടുവില്‍ വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും വരെ എത്തി നില്‍ക്കുന്നതാണ് ആ പ്രണയകഥ. 

എന്നാല്‍ ഇപ്പോള്‍ ബോളുവുഡും ക്രിക്കറ്റും തമ്മില്‍ ഇപ്പോള്‍ മറ്റൊരു പ്രണയകഥയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഹാര്‍ദിക് പാണ്ഡ്യയും പരിണീതി ചോപ്രയുമാണ് ആ കഥയിലെ നായികാനായകന്‍മാര്‍. ഇരുവരും തമ്മിലുള്ള ഒരു സംഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ഓടുന്നത്. 

ഒരു സൈക്കിളിന്റെ ചിത്രം പരിണീതി ട്വീറ്റ് ചെയ്തതാണ് എല്ലാത്തിന്റെയും തുടക്കം. പ്രിയപ്പെട്ട പങ്കാളിയോടൊപ്പം ഏറ്റവും മനോഹരമായ യാത്ര എന്ന കുറിപ്പോടെയാണ് പരിണീതി ചിത്രം പങ്കുവെച്ചത്. ഒപ്പം താന്‍ സ്‌നേഹത്തിലാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 

ഇതിന് മറുപടിയുമായി ഹാര്‍ദിക് ട്വീറ്റ് ചെയ്തു. ആരാണ് പങ്കാളിയെന്ന് ഞാന്‍ ഊഹിക്കട്ടെ? രണ്ടാമത്തെ ബോളിവുഡ്-ക്രിക്കറ്റ് പ്രണയമായിരിക്കും ഇതെന്നുമായിരുന്നു ഹാര്‍ദികിന്റെ മറുപടി. 

അവിടെ ആ സംഭാഷണം അവസാനിപ്പിക്കാന്‍ പരിണീതി ഒരുക്കമായിരുന്നില്ല. അങ്ങനെ ആവാനും അല്ലാതിരിക്കാനും എല്ലാ സാധ്യതയുമുണ്ടെന്നും ആ ചിത്രത്തില്‍ തന്നെ ക്ലൂ ഒളിഞ്ഞിരിപ്പുണ്ടെന്നുമായിരുന്നു പരിണീതിയുടെ ട്വീറ്റ്. ഇതോടെ ഹാര്‍ദിക് ആകെ കണ്‍ഫ്യൂഷനിലായി. പരിണീതിയെ ശ്രദ്ധിക്കാതെ കളിയില്‍ ശ്രദ്ധിക്കൂ എന്നായിരുന്നു ഹാര്‍ദികിന്റെ ട്വീറ്റിന് ഒരു ആരാധകന്റെ ഉപദേശം.