സിഡ്നി: ക്രിക്കറ്റ് താരങ്ങള്‍ സാധാരണ പണം സമ്പാദിക്കാറുള്ളത് മത്സരങ്ങളിലൂടെയും പരസ്യങ്ങളിലൂടെയുമാണ്. എന്നാല്‍ വിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല് പണമുണ്ടാക്കാന്‍ കണ്ടെത്തിയിരിക്കുന്നത് മറ്റൊരു വഴിയാണ്. ഓസ്ട്രേലിയന്‍ മസാജ് തെറാപിസ്റ്റുമായി യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് താന്‍ വ്യക്തമാക്കാമെന്നും അതിനായി അഭിമുഖം അനുവദിക്കാമെന്നുമാണ് ഗെയ്ലിന്റെ ട്വീറ്റ്. എന്നാല്‍ ഏകദേശം രണ്ടു കോടിയോളം രൂപയാണ് ഗെയ്ല് ഈ അഭിമുഖത്തിന് നിശ്ചയിച്ചിരിക്കുന്ന വില.
'എല്ലാവര്ക്കും താത്പര്യമുണ്ടാകുന്ന ഒരു കഥ പറയാനുണ്ട്. ഒരു മണിക്കൂര്‍ അഭിമുഖത്തില്‍ ഞാനതു പറയാം. അല്ലെങ്കില്‍ എന്റെ അടുത്ത പുസ്തകത്തില്‍ ഞാനാ കഥയെഴുതും' ഗെയ്ല് തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.
രണ്ടു കോടി രൂപ അടിസ്ഥാന വിലയില്‍ ഗെയ്ല് ഈ അഭിമുഖം ലേലത്തിന് വച്ചിരിക്കുകയാണ്. ഓസ്ട്രേലിയന്‍ മസാജ് തെറാപ്പിസ്റ്റുമായി ബന്ധപ്പെട്ട് കോടതിയില്‍ സംഭവിച്ച കാര്യങ്ങളും അതിനു ശേഷം തന്റെ ജീവിതം എങ്ങിനെയായിരുന്നു എന്നുമെല്ലാം ഈ അഭിമുഖത്തില്‍ പറയാമെന്നും ഗെയ്ല് വാഗ്ദ്ധാനം ചെയ്യുന്നു.
നേരത്തെ ഗെയ്ല് തന്റെ മുന്നില്‍ നഗ്നത കാട്ടിയെന്ന് ആരോപിച്ച് ഓസ്ട്രേലിയന്‍ മസാജ് തെറാപിസ്റ്റ് സിഡ്നി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ജനനേന്ദ്രിയം കാണിച്ച് ഗെയ്ല് തന്നെ അപമാനിച്ചെന്നും ആ സമയത്ത് താന്‍ പൊട്ടിക്കരഞ്ഞു പോയെന്നും മസാജ് തെറാപിസ്റ്റ് വ്യക്തമാക്കിയിരുന്നു. ഓസ്ട്രേലിയയിലെ മാധ്യമസ്ഥാപനമായ ഫെയര്‍ഫാക്സ് മീഡിയയുടെ പത്രങ്ങളായ സിഡ്നി മോണിങ് ഹെറാള്‍ഡ്, ദി എയ്ജ്, ദി കാന്‍ബെറ ടൈംസ് എന്നിവക്കെതിരെ ഗെയ്ല് നല്കിയ അപകീര്‍ത്തി കേസിന്റെ വാദത്തിനിടയിലാണ് ഓസ്ട്രേലിയന്‍ വംശജയായ മസാജ് തെറാപ്പിസ്റ്റ് ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയത്.
2015ലെ ലോകകപ്പ് മത്സരങ്ങള്‍ക്കിടെ സിഡ്നിയില്‍ വച്ച് മസാജ് തെറാപ്പിസ്റ്റിനോട് ഗെയ്ല് ലൈംഗിക താത്പര്യം പ്രകടിപ്പിക്കുംവിധം പെരുമാറിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും വാര്‍ത്ത പ്രചരിപ്പിച്ചത് ഫെയര്‍ഫാക്സ് ആണെന്നും ആരോപിച്ചായിരുന്നു ഗെയ്ല് കേസ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഇതുമായി ബന്ധപ്പെട്ട് ഈ പത്രങ്ങള്‍ പരമ്പര ചെയ്തിരുന്നു.
എന്നാല്‍ സിഡ്നി കോടതി ഗെയ്ലിന് അനുകൂലമായാണ് വിധി പറഞ്ഞത്. ഫെയര്‍ഫാക്സ് മീഡിയ ഗെയ്ലിനോട് വിദ്വേഷം തീര്‍ത്തതാണെന്നായിരുന്നു ദിവസങ്ങള്‍ നീണ്ട വാദത്തിനൊടുവില്‍ കോടതിയുടെ കണ്ടെത്തല്‍.
Content Highlights: Chris Gayle West Indies Cricket massage therapist controversy