ലണ്ടന്‍: പഴയ കണക്കുകള്‍ വെട്ടിമാറ്റി പുതിയവ എഴുതിച്ചേര്‍ക്കാന്‍ ലോക അത്‌ലറ്റിക്‌സിലെ ഒന്നാംനിരത്താരങ്ങള്‍ ലണ്ടനിലെ ട്രാക്കിലേക്ക്. പതിനാറാമത് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് വെള്ളിയാഴ്ച തുടക്കം. ഉസൈന്‍ ബോള്‍ട്ടിന്റെയും മോ ഫറയുടെയും അവസാന അന്താരാഷ്ട്ര മത്സരം എന്നനിലയില്‍ ചരിത്രത്തിലിടംനേടുന്ന ചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്നത് ലണ്ടനിലെ ഒളിമ്പിക് സ്റ്റേഡിയമാണ്. 2012 ഒളിമ്പിക്സിനുവേണ്ടി പണികഴിപ്പിച്ച ഈ സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് 13 വരെ പുതിയ വേഗത്തിനും പുതിയ റെക്കോഡുകള്‍ക്കും കാത്തിരിക്കാം.

ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 11.30 മുതലാണ് മത്സരങ്ങള്‍. ആദ്യ ദിനം പുരുഷന്‍മാരുടെ 10000 മീറ്ററില്‍ മാത്രമാണ് ഫൈനല്‍. വെള്ളിയാഴ്ച രാത്രി 1.50 നാണ് ഈ മത്സരം. ഈയിനത്തില്‍ നിലവിലെ ജേതാവായ ബ്രിട്ടന്റെ മോ ഫറ മത്സരിക്കുന്നുണ്ട്.

അത്ലറ്റിക്സില്‍ ലോകംകണ്ട അദ്ഭുതപ്രതിഭാസങ്ങളില്‍ ഉള്‍പ്പെടുന്ന ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടും ബ്രിട്ടന്റെ മോ ഫറയും ഈ ചാമ്പ്യന്‍ഷിപ്പോടെ അന്താരാഷ്ട്ര മത്സരവേദിയില്‍നിന്ന് വിരമിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. 

5000, 10000 മീറ്റര്‍ ഓട്ടത്തില്‍ ലണ്ടന്‍ (2012), റിയോ (2016) ഒളിമ്പിക്സുകളിലും മോസ്‌കോ (2013), ബെയ്ജിങ് (2015) ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പുകളിലും സ്വര്‍ണം നേടിയിട്ടുള്ള താരമാണ് മോ ഫറ. ഉസൈന്‍ ബോള്‍ട്ട് 100, 200 മീറ്ററുകളില്‍ തുടര്‍ച്ചയായി മൂന്ന് ഒളിമ്പിക്സുകളിലും നാല് ലോക അത്ലറ്റിക് മീറ്റുകളിലും സ്വര്‍ണംനേടി. ഇക്കുറി ലണ്ടനിലും ഈ വിജയം ആവര്‍ത്തിച്ച് അപൂര്‍വ റെക്കോഡോടെ ട്രാക്കിനോട് വിടപറയാനാകും ഇരുവരും ശ്രമിക്കുക.

ചിത്രയില്ലാതെ 1500

പുരുഷന്‍മാരുടെ 100 മീ., ഡിസ്‌കസ് ത്രോ, ലോങ്ജമ്പ്, വനിതകളുടെ 1500 മീറ്റര്‍, പോള്‍വാള്‍ട്ട് എന്നീയിനങ്ങളില്‍ പ്രാഥമികഘട്ട മത്സരങ്ങളും വെള്ളിയാഴ്ച നടക്കും.

നാടിന്റെയും കോടതിയുടെയും പിന്തുണയുണ്ടായിട്ടും ട്രാക്കിന് വെളിയിലായ മലയാളി താരം പി.യു. ചിത്രയില്ലാതെയാണ് വെള്ളിയാഴ്ച വനിതകളുടെ 1500 മീറ്റര്‍ ഹീറ്റ്സ് നടക്കുന്നത്. ഏഷ്യന്‍ അത്ലറ്റിക്സില്‍ സ്വര്‍ണം നേടിയെങ്കിലും ഇന്ത്യന്‍ അത്ലറ്റിക്സ് അസോസിയേഷന്‍ ഇന്ത്യന്‍ ടീമില്‍ ചിത്രയെ ഉള്‍പ്പെടുത്തിയില്ല. ഈ സംഭവം കോടതിയില്‍വരെയെത്തിയെങ്കിലും ചിത്രയ്ക്ക് മത്സരത്തില്‍ പങ്കെടുക്കാനായില്ല.

mo farah
പരിശീലനത്തിനിടെ സെല്‍ഫിയെടുക്കുന്ന മോ ഫറ

ബോള്‍ട്ടിന്റെ എതിരാളി പിന്മാറി

സ്പ്രിന്റില്‍ ബോള്‍ട്ടിന് വെല്ലുവിളിയുയര്‍ത്തുമെന്ന് കരുതിയിരുന്ന കനേഡിയന്‍ ഓട്ടക്കാരന്‍ ആന്ദ്രെ ഡി ഗ്രാസ്സെ പരിക്കുമൂലം മത്സരത്തില്‍നിന്ന് പിന്‍മാറി. റിയോ ഒളിമ്പിക്സിലും 2015 ബെയ്ജിങ് ലോകമീറ്റിലും 100 മീറ്ററില്‍ വെങ്കലം ഡി ഗ്രാസ്സെയ്ക്കായിരുന്നു. റിയോ ഒളിമ്പിക്സില്‍ 200 മീറ്ററില്‍ വെള്ളിനേടി. കഴിഞ്ഞ ഒരുവര്‍ഷമായി ലണ്ടന്‍ മീറ്റിനുള്ള ഒരുക്കത്തിലായിരുന്നുവെന്നും അപ്രതീക്ഷിതമായ പരിക്ക് ഏറെ വേദനയുണ്ടാക്കുന്നതാണെന്നും ഡി ഗ്രാസ്സെ പറഞ്ഞു.

25 അംഗ ഇന്ത്യന്‍സംഘം ഒമ്പത് മലയാളികള്‍

11 ഇനങ്ങളിലായി 25 ഇന്ത്യക്കാര്‍ ലണ്ടനിലെ ട്രാക്കിലിറങ്ങും. ഇതില്‍ ഒമ്പത് മലയാളികളുണ്ട്. 4ഃ400 മീറ്റര്‍ റിലേ ടീം അംഗങ്ങളായ അമോജ് ജേക്കബ്, പി. കുഞ്ഞുമുഹമ്മദ്, സച്ചിന്‍ റോബി, മുഹമ്മദ് അനസ് എന്നിവരും നടത്തത്തില്‍ കെ.ടി. ഇര്‍ഫാനും പുരുഷന്‍മാരുടെ മാരത്തണില്‍ ടി. ഗോപിയുമാണ് പുരുഷവിഭാഗത്തില്‍ മത്സരിക്കുന്ന മലയാളികള്‍. വനിതാ വിഭാഗത്തില്‍ 4ഃ400 മീറ്റര്‍ റിലേ ടീമിലുള്ള അനില്‍ഡ തോമസ്, ജിസ്ന മാത്യു, അനു രാഘവന്‍ എന്നിവരും മലയാളികളാണ്.