ലണ്ടന്‍: വിടവാങ്ങല്‍ മത്സരത്തില്‍ ട്രാക്കിന്റെ രാജാവിന് കാലിടറി.  ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 100 മീറ്ററിന്റെ ഫൈനലില്‍ ഉസൈന്‍ ബോള്‍ട്ടിനെ പിന്തള്ളി അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ ഒന്നാമനായി. ഹീറ്റ്‌സിലും സെമിയിലും മികച്ച പ്രകടനം കാഴ്ചവെക്കാനാകാതിരുന്ന ബോള്‍ട്ടിന് ഫൈനലില്‍ മൂന്നാമനായാണ് ഫിനിഷ് ചെയ്യാനായത്. 

അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാനാണ് രണ്ടാമതെത്തിയത്. 9.92 സെക്കന്റിലാണ് ഗാറ്റ്‌ലിന് ഫിനിഷ് ചെയ്തത്. കോള്‍മാന്‍ 9.94 സെക്കന്റില്‍ ഫിനിഷ് ചെയ്തപ്പോള്‍ ബോള്‍ട്ട് ഫിനിഷ് ചെയ്തത് 9.95 സെക്കന്റിലാണ്. 

ഒരു പതിറ്റാണ്ടോളം ട്രാക്കുകളുടെ രാജാവായി വാഴ്ന്ന ബോള്‍ട്ടിന് കരിയറിലെ അവസാന വ്യക്തിഗത മത്സരത്തില്‍ വെങ്കലമെഡലുമായി വിടവാങ്ങേണ്ടി വന്നത് ആരാധകരെ കണ്ണീരിലാഴ്ത്തി.

കഴിഞ്ഞ ദിവസം ഹീറ്റ്‌സിലും ഇന്ന് സെമിയിലും മികച്ച പ്രകടനത്തിന് വിനയായ തുടക്കം തന്നെയാണ് ഫൈനലിലും ബോള്‍ട്ടിനെ പിന്നിലാക്കിയത്. ഹീറ്റ്‌സില്‍ 10.09 ഉം സെമിയില്‍ 9.98 സെക്കന്റിലുമാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തിരുന്നത്. ഇനി റിലേയില്‍ ജമൈക്കന്‍ ടീമംഗമായി ബോള്‍ട്ട് മത്സരിക്കുന്നുണ്ട്‌.

IAAF WORLD CHAMPIONSHIPS LONDON 2017

IAAF WORLD CHAMPIONSHIPS LONDON 2017