ലണ്ടന്‍: സ്വര്‍ണവുമായി ഉസൈന്‍ ബോള്‍ട്ട് ട്രാക്കിനോട് വിട പറയുന്നത് കാണാനായിരുന്നു ലണ്ടനിലെ അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ ആരാധകരെത്തിയത്. ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യന്റെ അവസാന വിജയക്കുതിപ്പ് കാണണം. എന്നാല്‍ പ്രതീക്ഷിച്ച ക്ലൈമാക്‌സെല്ലാം വെട്ടിത്തിരുത്തി അമേരിക്കന്‍ താരം ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ ഒന്നെന്ന അക്കത്തിലേക്ക് കുതിച്ചെത്തി.

ട്രാക്കിലെ തന്റെ അവസാന മത്സരമാണെന്ന ഓര്‍മപ്പെടുത്തല്‍ ബോള്‍ട്ടിന്റെ കുതിപ്പില്‍ സ്വാധീനിച്ചേക്കാം. ഇനി ഇങ്ങനെയൊരു ട്രാക്കിലില്ല എന്ന ചിന്ത ജമൈക്കാക്കാരന്റെ കാലുകളില്‍ ഇടര്‍ച്ച നല്‍കിയിട്ടുണ്ടാകാം. വിഷാദ മുഖവുമായി ബോള്‍ട്ട് ഫിനിഷിങ് ലൈന്‍ തൊട്ടപ്പോള്‍ ആ വിഷാദം ആരാധകരുടെ മുഖത്തും പ്രതിഫലിച്ചു.

എന്നാല്‍ ബോള്‍ട്ടിന്റെ നിരാശയെല്ലാം ഒന്നാമനായ ഗാട്‌ലിന്റെ ആദരത്തിന് മുന്നില്‍ സന്തോഷത്തിലേക്ക് വഴിമാറി. തന്നെ കൂക്കിവിളികളോടെ എതിരേറ്റ കാണികള്‍ക്കുള്ള മറുപടി കൂടിയായി ഗാട്‌ലിന്റെ ആ ആദരം. കാണികളോട് മിണ്ടാതിരിക്കാന്‍ ചുണ്ടില്‍ വിരല്‍ വെച്ച് ആംഗ്യം കാണിച്ച ഗാട്‌ലിന്‍ ഇതിഹാസ താരത്തിന് മുന്നില്‍ മുട്ടുകുത്തി. 

justin gatlin

ഉത്തേജക മരുന്നിന്റെ പേരില്‍ 2006 മുതല്‍ നാലു വര്‍ഷം വിലക്കു നേരിട്ട ശേഷമാണ് ഗാട്‌ലിന്‍ ട്രാക്കിലേക്ക് മടങ്ങിവന്നത്. അമേരിക്കന്‍ താരത്തെ കാണികള്‍ കൂക്കിവിളികളോടെ എതിരേറ്റതിന് പിന്നിലെ കാരണവും ഇതു തന്നെയാണ്. കാണികളുടെ പെരുമാറ്റത്തില്‍ സങ്കടമുണ്ടെനന്ന് പ്രതികരിച്ച ഗാട്‌ലിന്‍ കൈയടികളേക്കാള്‍ ഉച്ചത്തില്‍ നിന്നത് കൂക്കിവിളികളായിരുന്നുവെന്നും പറഞ്ഞു. ഇതെന്റെ തിരിച്ചുവരവായി കണക്കാക്കാത്തതിലുള്ള നിരാശയും ഗാട്‌ലിന്‍ പങ്കുവെച്ചു.