തേഞ്ഞിപ്പലം: മരുന്നടിയുടെ പേരില്‍ പരിശീലനരംഗം വിടാനുള്ള പറളി സ്‌കൂളിലെ കായികാധ്യാപകന്‍ പി.ടി. മനോജിന്റെ തീരുമാനത്തിനെതിരെ ഒളിമ്പ്യന്‍ പി.ടി.ഉഷ. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മരുന്നടി ഉണ്ടോ എന്ന കാര്യം അറിയില്ലെന്നും ഉണ്ടെങ്കില്‍ മനോജ് മാഷ് ഇങ്ങിനെ പരിശീലനച്ചുമതല നിര്‍ത്തിപ്പോവുകയല്ല വേണ്ടതെന്നും ഉഷ സ്‌കൂളിന്റെ പരിശീലക കൂടിയായ ഉഷ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. കായികമേളയില്‍ ഉത്തേജക മരുന്ന് പരിശോധന ആവശ്യമാണെന്നന്നും ഉഷ പറഞ്ഞു.

Read More: മരുന്നടി കണ്ടു മടുത്തു; ഇനി കളി പഠിപ്പിക്കാനില്ലെന്ന് പറളിയുടെ പരിശീലകന്‍

മരുന്നടി പരിശോധിക്കാന്‍ ആരും ഇവിടെ വന്നിട്ടില്ല എന്നതാണ് സത്യമാണ്. വരുമെന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും പേടിയുണ്ടാകും. ഇതിന് മുന്‍പും വരുമെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും പേടിച്ചിരുന്നു. അങ്ങിനെ ഒരു പരിശോധനാ രീതി ഉണ്ടാകുന്നത് നല്ലത് തന്നെയാണ്. മരുന്നടി ഉണ്ടോ എന്ന കാര്യം എനിക്ക് അറിഞ്ഞുകൂട. ഉണ്ടെങ്കിലും ഇല്ലെങ്കിലും മനോജ് മാഷ് വിട്ടുപോകേണ്ട ആവശ്യമില്ല. ഉഷ സ്‌കൂളിലെ കുട്ടികളൊക്കെ ഇതുപോലുള്ള കാര്യങ്ങളെ നേരിട്ടാണ് മത്സരിക്കുന്നത്. പാലക്കാടിന്റെ കുട്ടികള്‍ ഇവരെ പോലെ ഉത്തേജക മരുന്ന് പരിശോധന നടക്കുന്ന എഫ്.എഫ്.ഐയുടെയും എ.എ.എഫ്.ഐ.യുടെയുമൊന്നും മീറ്റുകളില്‍ മത്സരിക്കുന്നില്ലല്ലൊ. എന്റെ കുട്ടികള്‍ ഇത്തരം മീറ്റുകളിലെല്ലാം മത്സരിക്കുന്നുണ്ട്. ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഉത്തേജക മരുന്ന് പരിശോധനയുടെ പേരില്‍ മനോജ് മാഷ് ഇങ്ങനെ നിരാശപ്പെടേണ്ട കാര്യമില്ല. ഇതിന്റെ പേരില്‍ കോച്ചിങ് നിര്‍ത്തുകയല്ല വേണ്ടത്. കുട്ടികളെ പരിശീലിപ്പിച്ച് അതിനെ മറികടക്കണം. ഈ മീറ്റ് ഇല്ലെങ്കില്‍ മരുന്ന് പരിശോധനയുള്ള വേറെ മീറ്റുകളില്ലെ. ജൂനിയര്‍ മീറ്റിലൊക്കെ പങ്കെടുക്കാമല്ലോ. ഉഷ സ്‌കൂളിലെ കുട്ടികള്‍ അതിലൊക്കെ പങ്കെടുത്തല്ലെ വരുന്നത്. അവിടെയൊക്കെ ടെസ്റ്റ് നിര്‍ബന്ധമായും ഉണ്ടാകും. കുട്ടികള്‍ അവിടെ കഴിവ് തെളിയിക്കട്ടെ. മനോജ് മാഷ് നിര്‍ത്തിപ്പോകാന്‍ പാടില്ല. ഇവിടെ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിയാണ്. ആരെങ്കിലുമൊക്കെ മരുന്നടിക്കുന്നുണ്ടെന്ന് വച്ച് നമ്മള്‍ സ്‌പോര്‍ട്‌സ് ഇട്ട് പോവുകയാണോ വേണ്ടത്. അതല്ല ചെയ്യേണ്ടത്-ഉഷ പറഞ്ഞു.