കൊച്ചി: ആ രൂപത്തിലും ഭാവത്തിലും ഒരു മാറ്റവുമില്ല. കളിക്കളത്തില്‍ എത്ര സമ്മര്‍ദമുണ്ടായാലും ഡഗ്ഔട്ടില്‍ പാതിമറച്ച മുഖവുമായി ശാന്തനായി ഒളിഞ്ഞിരുന്ന അതേ മനുഷ്യന്‍. സംസാരിക്കാന്‍ അടുത്തുവരുന്നവര്‍ക്ക് അല്പം നാണംകലര്‍ന്ന ഹൃദ്യമായ പുഞ്ചിരി സമ്മാനിക്കുന്ന അതേ മനുഷ്യന്‍. വെള്ളിയാഴ്ച കേരള ബ്ലാസ്റ്റേഴ്സ് ജംഷേദ്പുര്‍ എഫ്.സി.യെ നേരിടുമ്പോള്‍ എതിരാളികളുടെ ഡഗ്ഔട്ടിലായിരിക്കും സ്റ്റീവ് കോപ്പല്‍. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ കോച്ചായിരുന്ന കോപ്പല്‍ കൊച്ചിയിലേക്കുള്ള രണ്ടാം വരവിനെപ്പറ്റി സംസാരിക്കുന്നു

?കൊച്ചിയിലേക്ക് തിരിച്ചെത്തിയപ്പോള്‍ എന്തുതോന്നുന്നു

കൊച്ചി എനിക്ക് ഒരുപാടിഷ്ടപ്പെട്ട സ്ഥലമാണ്. വീണ്ടും കൊച്ചിയിലെത്തുന്നതില്‍ നിറഞ്ഞ സന്തോഷം. വെള്ളിയാഴ്ച കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സിനെതിരേ ജയിക്കാനായാല്‍ ഇരട്ടിസന്തോഷം. ജംഷേദ്പുര്‍ പുതിയ ടീമാണ്. ബ്ലാസ്റ്റേഴ്സും ഈ സീസണില്‍ മാറിയിരിക്കുന്നു.

?ഇരുടീമുകളെയും എങ്ങനെ വിലയിരുത്തുന്നു

നാലാം സീസണില്‍ ഇരുടീമുകളും ഓരോ മത്സരങ്ങള്‍ മാത്രമാണ് കളിച്ചിരിക്കുന്നത്. അതുകൊണ്ട് ടീമിനെ വിലയിരുത്താനായിട്ടില്ല. എന്റെ ടീമില്‍ മികച്ച കുറേ താരങ്ങളുണ്ട്. ലോകനിലവാരത്തിലുള്ള കുറേ താരങ്ങള്‍ ബ്ലാസ്റ്റേഴ്സിലുമുണ്ട്. അതിന്റെ ഫലം കാണുമെന്നാണ് എന്റെ വിശ്വാസം. അതിനായി നമുക്ക് കാത്തിരിക്കാം.

?ജംഷേദ്പുര്‍ ടീമിന്റെ കോച്ച്... പുതിയ മേല്‍വിലാസത്തെ എങ്ങനെ കാണുന്നു

ഇതൊരു പുതിയ പുസ്തകമാണ്. ഞാന്‍ ഇവിടെ എഴുതിത്തുടങ്ങുകയാണ്. എല്ലാം നല്ലതാകുമെന്നാണ് കരുതുന്നത്. ടീമിനായി ജംഷേദ്പുര്‍ ക്ലബ്ബ് അധികൃതര്‍ നല്ല പിന്തുണ നല്‍കുന്നു.

? ഇന്ത്യന്‍ ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധതാരത്തിലൊരാളും മലയാളിയുമായ അനസ് എടത്തൊടിക താങ്കളുടെ ടീമിലാണ്...

അനസ് ലോകനിലവാരത്തിലുള്ള ഡിഫന്‍ഡറാണ്. പന്തിന്റെ ഗതിയും വേഗവും എതിരാളിയുടെ നീക്കവുമൊക്കെ കൃത്യമായി വായിച്ചെടുക്കാന്‍ അനസിന് കഴിയുന്നു. ഇതുപോലൊരു താരം ഏതൊരു കോച്ചിനും സന്തോഷം പകരും.

? ഐ.എസ്.എല്ലിലെ മത്സരകാലം കൂട്ടിയത് എത്രമാത്രം ഗുണകരമാകും

നല്ലതാണെന്ന് ഞാന്‍ കരുതുന്നു. കാലാവസ്ഥയും നീണ്ട യാത്രകളും കഴിഞ്ഞ സീസണില്‍ ടീമുകളെ സാരമായി ബാധിച്ചിരുന്നു. ഇത്തവണ ഒരുപരിധിവരെ അതിന് പരിഹാരമുണ്ടാകും.

?സ്വന്തമായി ഒരു എയര്‍പോര്‍ട്ട് പോലുമില്ലാത്ത ജംഷേദ്പുരില്‍നിന്നുള്ള യാത്രകള്‍ വലിയ ബുദ്ധിമുട്ടല്ലേ

യാത്രാസൗകര്യങ്ങളുടെ കുറവ് മത്സരഫലത്തിനുള്ള ന്യായീകരണമാകരുത്. നിങ്ങളോട് മറ്റൊരു കാര്യം പറയട്ടെ, ജംഷേദ്പുരില്‍ ഒരു രഹസ്യവിമാനത്താവളമുണ്ട്. ഞങ്ങള്‍ മാത്രമാണ് അത് ഉപയോഗിക്കുന്നത്. 

?ബ്ലാസ്റ്റേഴ്സ് കോച്ച് റെനെ മ്യൂലെന്‍സ്റ്റീനിനെപ്പറ്റി

റെനെ മികച്ച കോച്ചാണ്. മാഞ്ചെസ്റ്ററില്‍ ഫെര്‍ഗൂസനൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്ത് തീര്‍ച്ചയായും മുതല്‍ക്കൂട്ടാണ്. മികച്ച താരങ്ങളെ മികച്ച ഫലത്തിനായി ഒരുക്കാന്‍ അയാള്‍ക്കാകും. റെനെക്കും ബ്ലാസ്റ്റേഴ്സിനും എല്ലാവിധ ആശംസകളും നേരുന്നു.