.എസ്.എല്ലിന്റെ ആദ്യ രണ്ടു സീസണിലും മികവിനൊത്ത് ഉയരാത്ത ടീമാണ് എഫ്.സി. പുണെ സിറ്റി. ഇത്തവണ സ്പാനിഷ് താരങ്ങളുടെയും പരിശീലകന്റെയും കരുത്തിലാണ് പുണെ മൂന്നാം സീസണിന് തയ്യാറെടുക്കുന്നത്.

മുഖ്യപരിശീലകനുള്‍പ്പെടെ പരിശീലകസംഘത്തിലെ അഞ്ചുപേരും സ്പെയിനില്‍നിന്നാണ്. ഇവര്‍ക്കുപുറമേ മൂന്നു പ്രധാനതാരങ്ങളും സ്പെയിനില്‍നിന്നുള്ളവരാണ്. ഒക്ടോബര്‍ മൂന്നിന് ഹോം ഗ്രൗണ്ടായ ബാലവാഡി ഗ്രൗണ്ടില്‍ സ്വന്തം നാട്ടുകാരായ മുംബൈ സിറ്റി എഫ്.സി.യുമായാണ് പുണെയുടെ ആദ്യകളി.

കഴിഞ്ഞ രണ്ടു സീസണിലും അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയെ പരിശീലിപ്പിച്ച അന്റോണിയോ ലോപ്പസ് ഹെബാസാണ് പുണെയ്ക്കായി ഇക്കുറി തന്ത്രമൊരുക്കുന്നത്. കളിനിര്‍ത്തിയ മുന്‍ ഇന്ത്യന്‍ മധ്യനിരതാരം റെനെഡി സിങ് ഹെബാസിന്റെ സഹായിയായി കൂടെയുണ്ട്. 

40 ഗോളുകളാണ് പുണെ സിറ്റി എഫ്.സി.യുടെ വലയില്‍ എതിര്‍ടീമുകള്‍ രണ്ടു സീസണിലുകളിലുമായി നിറച്ചത്. ഇതിനുള്ള പരിഹാരമാണ് കഴിഞ്ഞ രണ്ടു ഐ.എസ്.എല്‍. സീസണുകളിലും ചാമ്പ്യന്‍മാരായ ടീമുകളുടെ ഗോള്‍വലയംകാത്ത അപൂല എഡല്‍. അര്‍മേനിയന്‍ ഗോളിയുടെ ഭാഗ്യമുള്ള കൈകള്‍ കപ്പുയര്‍ത്താന്‍ സഹായിക്കുമെന്ന വിശ്വാസമാണ് ടീമിന്. ഇന്ത്യക്കായി അഞ്ചുമത്സരങ്ങളില്‍ കാവല്‍നിന്നിട്ടുള്ള അരിന്ദം ഭട്ടാചാര്യയും യുവ ഗോള്‍കീപ്പര്‍ വിശാല്‍ കൈത്തുമാണ് എഡലിന് കൂട്ടായി ടീമിലുള്ളത്.

Pune

ഇന്ത്യന്‍താരങ്ങളാണ് പുണെ എഫ്.സി.യുടെ പ്രതിരോധക്കോട്ടയ്ക്ക് കാവല്‍തീര്‍ക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് കളിച്ച രാഹുല്‍ ബെക്കയും യുവതാരം നാരയണദാസുമടങ്ങിയ കാവല്‍നിരയില്‍ ഗൗര്‍മാംഗി സിങ്ങും അഗസ്റ്റിന്‍ ഫെര്‍ണാണ്ടസും ചേരുന്നതോടുകൂടി പുണെ എഫ്.സി.യുടെ പ്രതിരോധനിരയ്ക്ക് കൂടൂതല്‍ ശക്തിയാവും. ബ്രസീലില്‍നിന്നുള്ള എഡ്വാര്‍ഡോ ഫെരേരിയാണ് വിദേശകരുത്ത്. യുമ്നം രാജുവും ധര്‍മരാജ് രാവണും സോഡിങ്ലിയാന റാള്‍ട്ടെയും ഉള്‍പ്പെടുന്ന താരങ്ങള്‍ എതിര്‍ മുന്നേറ്റങ്ങളെ പ്രതിരോധിക്കാന്‍ കെല്‍പ്പുള്ളവരാണ്. 

ഭാവനാസമ്പന്നമായ മധ്യനിരയാണ് ടീമിനുള്ളത്. സ്പെയിനില്‍നിന്നുള്ള ബ്രൂണോ എര്യസും പിറ്റുവും ബ്രസീല്‍ താരം ജോനാഥന്‍ ലുക്കയും ജപ്പാന്‍ വംശജന്‍ അരാത്തെ ഇസുമിയുമുണ്ട്. യൂജിന്‍സണ്‍ ലിങ്ദോയും ഫ്രാന്‍സിസ് ഫെര്‍ണാണ്ടസും മനീഷ് മൈതാനിയും സഞ്ജു പ്രതാനും ലെന്നി റോഡിഗ്രാസും ഉള്‍പ്പെടെയുള്ളവര്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുന്നവരാണ്. 

മാര്‍ക്വീ താരമായി പ്രഖ്യാപിച്ചിരുന്ന മുന്‍ ചെല്‍സി താരം ഐദുര്‍ ഗുഡ്യോണ്‍സണ്‍ പരിക്ക് കാരണം പുറത്തായത് പുണെ എഫ്.സി.യുടെ മുന്നേറ്റനിരയുടെ പ്രകടനത്തെ കാര്യമായി ബാധിക്കും. അര്‍ജന്റീനിയന്‍ താരം ഗുസ്താവോ ഒബെര്‍മാനും സ്പെയിനില്‍നിന്നുള്ള ജീസസ് ടാറ്റോയും ഉള്‍പ്പെടുന്ന മുന്നേറ്റ നിര ഏത് പ്രതിരോധത്തെയും കീറിമുറിക്കാന്‍ ശേഷിയുള്ളവരാണ്. മെക്സിക്കോയില്‍നിന്നുള്ള അനിബല്‍ സുര്‍ദോയും സെനഗലില്‍നിന്നുള്ള മോമര്‍ ഡോയെയും മലയാളിതാരം ആഷിഖ് കുരുണിയനുമാണ് മുന്നേറ്റത്തിലെ മറ്റ് താരങ്ങള്‍. 

ഹോം ഗ്രൗണ്ട്: ശ്രീ ശിവ് ഛത്രപതി സ്പോര്‍ട്സ് കോംപ്ലക്സ്
ഇരിപ്പിടം: 11,000
ടീമുടമ: ഹൃത്വിക്ക് റോഷന്‍ 
കോച്ച്: അന്റോണിയോ ലോപ്പസ് ഹബാസ്
കഴിഞ്ഞ സീസണില്‍ ഏഴാമത്