hemgbert

കൊച്ചി: കണ്ണീരണിഞ്ഞു മടങ്ങിയ കേരളത്തോട് ഹെങ്ബര്‍ട്ട് പറഞ്ഞു: മാപ്പ്, രണ്ടാം തവണയും ആ ട്രോഫി നഷ്ടപ്പെടുത്തിയതിന്. പിന്നെ ആ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിനും. ഉജ്വലമായൊരു സീസണായിരുന്നു ഇത്. എല്ലാവര്‍ക്കും നന്ദി. ഒരുപാട് സ്‌നേഹമുണ്ട് എല്ലാവരോടും.

ഐ.എസ്.എല്‍ ഫൈനലിലെ തോല്‍വിക്കുശേഷം കരഞ്ഞും ശപിച്ചും സ്‌റ്റേഡിയം വിട്ടുപോയ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരോടും ദുര്‍വിധിയെ പഴിച്ച് ടി.വി. സെറ്റ് ഓഫാക്കി നിരാശരായി കിടന്നവരോടും തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു ഹെങ്ബര്‍ട്ടിന്റെ ക്ഷമാപണം. 2014ലെ പ്രഥമ ഐ.എസ്.എല്ലില്‍ റണ്ണറപ്പായ ബ്ലാസ്‌റ്റേഴ്‌സ് ടീമിലും അഗമായിരുന്നു ഹെങ്ബര്‍ട്ട്.

cedric hengbert

എന്നാല്‍, ടീമിന്റെ പ്രതിരോധത്തിന്റെ നെടുന്തൂണായിരുന്ന ഹെങ്ബര്‍ട്ടിനെ പിഴച്ച പെനാല്‍റ്റിയുടെ പേരില്‍ പഴിക്കാനൊന്നും ആരാധകര്‍ ഒരുക്കമല്ല. വല്ല്യേട്ടന്‍ എന്നാണ് ആരാധകര്‍ ഹെങ്ബര്‍ട്ടിനെ വിശേഷിപ്പിച്ചത്. പെനാല്‍റ്റി പിഴവില്‍ വിഷമിക്കേണ്ടെന്നും അതൊക്കെ ഫുട്‌ബോളില്‍ സ്വാഭാവികമാണെന്നും പറഞ്ഞ് ട്വിറ്ററില്‍ തന്നെ ആരാധകര്‍ പിന്തുണ അറിയിച്ചു. വല്ല്യേട്ടാ ഞങ്ങളോട് മാപ്പ് പറയരുത്. ഈ സീസണിലെ ഏറ്റവും മികച്ച പ്രതിരോധനിരക്കാരനാണ് നിങ്ങള്‍. അടുത്ത സീസണിലും ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമുണ്ട്. ഒരുപാട് ഗോളുകള്‍ തടഞ്ഞ ആളാണ്. ഒരു പെനാല്‍റ്റി പാഴാക്കുന്നത് പ്രശ്‌നമല്ല. കപ്പൊന്നും ഒരു പ്രശ്‌നമല്ല. നിങ്ങള്‍ ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം കവര്‍ന്നുകഴിഞ്ഞു. പെനാല്‍റ്റി പാഴാക്കിയത് കാര്യമാക്കേണ്ട. നിങ്ങള്‍ ഒരാള്‍ കാരണമാണ് ഞങ്ങള്‍ ഫൈനലില്‍ എത്തിയത്. പെനാല്‍റ്റി പാഴാക്കിയെങ്കിലും നിങ്ങളെ പഴിക്കാനാവില്ല ഞങ്ങള്‍ക്ക്. വെറുക്കാനുമാവില്ല.... ട്വിറ്ററില്‍ ആരാധകരുടെ ആശ്വാസവാക്കുകള്‍ പ്രവഹിച്ചു.

hengbert

കൊല്‍ക്കത്തയ്‌ക്കെതിരായ ഫൈനലില്‍ ഫ്രഞ്ച് ഡിഫന്‍ഡറായ ഹെങ്ബര്‍ട്ടിന്റെയും സെനഗല്‍ താരം എല്‍ഹാജി എന്‍ഡോയെയുടെയും പിഴച്ച പെനാല്‍റ്റികളാണ് ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി സമ്മാനിച്ചത്. എന്‍ഡോയെ എടുത്ത മൂന്നാം കിക്ക് ബാറിന് മുകളിലൂടെ പറന്നപ്പോള്‍ ഹെങ്ബര്‍ട്ടിന്റെ കിക്ക് ദിശ തെറ്റി ഡൈവ് ചെയ്ത കൊല്‍ക്കത്ത ഗോളി ദേബ്ജിത്തിന്റെ കാലില്‍ തട്ടിത്തെറിക്കുകയായിരുന്നു. അവസാന കിക്കെടുത്ത ജുവല്‍ റാജ പന്ത് ലക്ഷ്യത്തിലെത്തിച്ച് കൊല്‍ക്കത്തയ്ക്ക് രണ്ടാം ഐ.എസ്.എല്‍. കിരീടം സമ്മാനിക്കുകയും ചെയ്തു.

കഴിഞ്ഞ സീസണില്‍ ഏറ്റവും അവസാനക്കാരാവുകയും ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ തോല്‍ക്കുകയും ചെയ്ത ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനല്‍ വരെയെത്തിച്ചതില്‍ നിര്‍ണായകമായ പങ്കാണ് ക്യപ്റ്റന്‍ ആരോണ്‍ ഹ്യൂസിനൊപ്പം സെന്‍ട്രല്‍ ഡിഫന്‍സ് കാത്ത ഹെങ്ബര്‍ട്ട് വഹിച്ചത്. ഫൈനലില്‍ ഹ്യൂസ് ഇടയ്ക്ക് പരിക്കേറ്റ് പിന്‍വാങ്ങിയപ്പോള്‍ ക്യാപ്റ്റന്റെ ആം ബാന്‍ഡ് ധരിച്ച് മത്സരം ഷൂട്ടൗട്ട് വരെ എത്തിച്ചതും ഹെങ്ബര്‍ട്ട് തന്നെ. പുണെയ്‌ക്കെതിരെ സമനിലയിലായ മത്സരത്തില്‍ ഒരു ഗോള്‍ നേടുകയും ചെയ്തു.

ഫ്രഞ്ച് ടീമുകളായ കായെന്‍, ഔസെരെ, അയാഷിയോ എന്നിവയ്ക്കുവേണ്ടി കളിച്ച ഹെങ്ബര്‍ട്ട് 2014ലാണ് ഇന്ത്യയിലെത്തിയത്. അടുത്ത സീസണില്‍ നോര്‍ത്ത് ഈസ്റ്റിനുവേണ്ടി കളിച്ച് വീണ്ടും ബ്ലാസ്‌റ്റേഴ്‌സില്‍ തിരിച്ചെത്തി. ഈ സീസണില്‍ ആകെയുള്ള പതിനാറില്‍ പതിനഞ്ച് മത്സരങ്ങളിലും ഹെങ്ബര്‍ട്ട് കളിച്ചു.