സാംബാ നര്‍ത്തകരുടെ മികവിലാണ് എഫ്.സി. ഗോവ ഐ.എസ്.എല്ലിന്റെ മൂന്നാം പതിപ്പിനെത്തുന്നത്. ആദ്യ രണ്ട് സീസണുകളിലും മികച്ച പ്രകടനം നടത്തിയ ഗോവ ഉദ്ഘാടന പതിപ്പില്‍ സെമിഫൈനലിലും കഴിഞ്ഞവര്‍ഷം രണ്ടാംസ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

കോച്ച് സീക്കോ ഉള്‍പ്പടെ അഞ്ച് പരിശീലകസംഘവും എട്ട് താരങ്ങളുമാണ് കാനറികളുടെ നാട്ടില്‍ നിന്ന് ഗോവയിലേക്കെത്തിയത്. കാനറികളുടെ ചിറകടി തന്നെയാണ് ഗോവന്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതും.

ഒക്ടോബര്‍ രണ്ടിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് ഗോവയുടെ ആദ്യമത്സരം. ഇന്ത്യന്‍ താരങ്ങളായ സുഭാഷിഷ് ചൗധരിയും ലക്ഷ്മി കാന്ത് കട്ടിമണിയും സുഖ്ദേവ് പട്ടേലുമാണ് ഗോള്‍വലയം കാക്കാനുള്ളത്. ബ്രസീലിയന്‍ മതിലായിരിക്കും ഗോവ മൂന്നാം പതിപ്പില്‍ പ്രതിരോധനിരയില്‍ തീര്‍ക്കുക. 

2002-ല്‍ ലോകകപ്പ് ചാമ്പ്യന്മാരായ ബ്രസീല്‍ ടീമിലുണ്ടായിരുന്ന ലൂസിയോ നയിക്കുന്ന ഗോവന്‍ പ്രതിരോധ കോട്ടയില്‍ സ്വന്തം നാട്ടുകാരായ ലൂസിയാനോ സാബ്രോസയും റാഫേല്‍ ദുമാസും ഫ്രാന്‍സില്‍ നിന്നുമുള്ള ഗ്രിഗറി അര്‍നോലിനും ചേരുന്നതോടെ കൂടി ഗോവന്‍ പ്രതിരോധത്തെ മറികടക്കുകയെന്നത് ദുഷ്‌കരമാവും.

ഇന്ത്യന്‍ താരങ്ങളായ ദേബബ്രത റോയിയും രാജു ഗെയ്ക്ക്വാദും ഡെന്‍സില്‍ ഫ്രാങ്കോയും ഫുല്‍ഗാങ്കോ കാര്‍ഡോസൊയും കീനന്‍ അല്‍മെയ്ഡയുമാണ് ടീമിലെ മറ്റു പ്രതിരോധതാരങ്ങള്‍.

 ബ്രസീലില്‍ നിന്നുള്ള താരങ്ങള്‍ തന്നെയാവും മധ്യനിരയില്‍ തന്ത്രമൊരുക്കുന്നത്. റിച്ചാര്‍ലിസണും മതേവൂസ് ട്രിന്‍ഡാഡെയുമാണ് കാനറികളുടെ നാട്ടില്‍ നിന്ന് ഗോവന്‍ മധ്യനിരയിലുളളത്. സ്പെയിനില്‍ നിന്നുള്ള ജോഫ്രയാണ് ഇവര്‍ക്ക് കൂട്ടായി മധ്യനിരയിലുള്ള മറ്റൊരു വിദേശതാരം.

റൊമെറോ ഫെര്‍ണാണ്ടസും പ്രതേഷ് ശിരോദ്ക്കറും കളി നിയന്ത്രിക്കാന്‍ കഴിവുള്ള ഇന്ത്യന്‍ താരങ്ങളാണ്. മന്ദര്‍ റാവു ദേശായിയും സാഹില്‍ തവോരയുമാണ് മധ്യനിരയിലുള്ള മറ്റു താരങ്ങള്‍.

55 ഗോളുകളാണ് സീക്കോയും സംഘവും കഴിഞ്ഞ രണ്ട് സീസണിലുമായി അടിച്ചുകൂട്ടിയത്. കഴിഞ്ഞ തവണ ഏഴ് ഗോളുകളുമായി ടോപ്പ് സ്‌കോററായിരുന്ന ബ്രസീലില്‍ നിന്നുള്ള റെയ്നാള്‍ഡോ ഇത്തവണയും ഗോവന്‍ മുന്നേറ്റ നിരയിലുണ്ട്.

മുന്നേറ്റനിരയില്‍ റെയ്നാള്‍ഡോക്ക് കൂട്ടായുള്ള ജൂലിയോ സീസറും റാഫേല്‍ കൊയ്ലോയും ബ്രസീലില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ സീസണില്‍ ഡൈനാമോസ് നിരയിലുണ്ടായിരുന്ന് റോബിന്‍ സിങ്ങാണ് ഗോവന്‍ മുന്നേറ്റനിരയില്‍ അക്രമണച്ചുമതലയുള്ള ഇന്ത്യന്‍ താരം.

ഹോ ഗ്രൗണ്ട്: ഫത്തോര്‍ഡ സ്റ്റേഡിയം മഡ്ഗാവ്
ഇരിപ്പിടം:19000
ടീം ഉടമ: ജയദേവ് മോഡി
കോച്ച്: സീക്കോ
കഴിഞ്ഞ സീസണില്‍ റണ്ണേഴ്സ് അപ്പ്