VISHNU VINODകേരളത്തിന്റെ സെവാഗിനെ ഇനി ഐപിഎല്ലില്‍ കാണാം. ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന വിഷ്ണു വിനോദ് റോയൽ ചാലഞ്ചേഴ്സ് ബാംഗളൂര്‍ കുപ്പായത്തിലാണ് ഗ്രൗണ്ടിലിറങ്ങുക.. സയ്യിദ് മുഷ്താഖ് അലി ടിട്വന്റി ടൂര്‍ണമെന്റിലെ മികച്ച പ്രകടനമാണ് വിഷ്ണുവിന് ഐപിഎല്ലിലേക്ക് വഴി തുറന്നത്. ഐപിഎല്‍ ലേലത്തില്‍ വിഷ്ണുവിനെ ആരു ലേലത്തില്‍ നേടിയിരുന്നില്ല. എന്നാല്‍ ബാംഗ്ലൂര്‍ താരം കെ.എല്‍ രാഹുലിന് പരിക്കേറ്റതാണ് ബാംഗ്ലൂര്‍ സെലക്ടര്‍മാരെ വിഷ്ണുവിലെത്തിച്ചത്.

ഒരു വിക്കറ്റ് കീപ്പര്‍ കൂടിയായ വിഷ്ണു രാഹുലിന് പറ്റിയ പകരക്കാരനാണ്. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ വെറും അഞ്ച് ഇന്നിങ്സില്‍ നിന്ന് 218 റണ്‍സാണ് വിഷ്ണു നേടിയത്. ഇതില്‍ രണ്ട് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു. ടൂര്‍ണമെന്റില്‍ റണ്‍വേട്ടക്കാരില്‍ മൂന്നാമതെത്തിയ വിഷ്ണുവിനെ ദക്ഷിണമേഖലാ ടീമിലേക്കും തിരഞ്ഞെടുത്തിരുന്നു. തിരുവല്ലയിലെ കല്ലിശ്ശേരി സ്വദേശിയായ വിഷ്ണുവിന്റെ അച്ഛന്‍ വിനോദ് വിദേശത്താണ്. അമ്മ സുനിത. സഹോദരി: വീണ. റോയല്‍ ചലഞ്ചേഴ്സിലേക്ക് തിരഞ്ഞെടുത്ത വിഷ്ണുവിന്റെ ആദ്യ പ്രതികരണം മാതൃഭൂമി ഡോട്ട് കോമിന്..

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോലൊരു ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എന്താണ് തോന്നുന്നത്.? 

വലിയ സന്തോഷമുണ്ട്. കാരണം ഇത്രയും പരിചയസമ്പന്നരായ ആളുകള്‍ക്കൊപ്പം ഡ്രെസിങ് റൂം പങ്കിടാന്‍ സാധിക്കുക എന്ന് പറയുന്നത് തന്നെ ഒരു ഭാഗ്യമാണ്. പിന്നെ ഇത്രയും നല്ലൊരു പ്ലാറ്റ്ഫോം കിട്ടുന്നത് തന്നെ നമ്മുടെ കഴിവ് തെളിയിക്കാന്‍ കിട്ടിന്നൊരു അവസരമായാണ് എനിക്ക് തോന്നുന്നത്. 

ലേലത്തിന് ശേഷം ഈ സീസണില്‍ ഐപിഎല്ലിലേക്ക് ഒരു വിളി പ്രതീക്ഷിച്ചിരുന്നോ? 

ഇല്ല. അങ്ങനെ പ്രതീക്ഷ ഒന്നും തന്നെ ഇല്ലായിരുന്നു. എസ്.ബി.ടിക്ക് വേണ്ടി ടൂര്‍ണമെന്റ് കളിച്ചു കൊണ്ടിരുന്ന ഒരു സമയത്താണ് അവരെന്നെ ട്രയല്‍സിനായി ക്ഷണിച്ചത്. അങ്ങനെ ആദ്യ ദിവസം ട്രയല്‍സിന് പങ്കെടുത്തു. ആദ്യം ഒരു ദിവസം എന്നായിരുന്നു എന്നോട് പറഞ്ഞിരുന്നത്. എന്നാല്‍ ആദ്യ ദിവസം ട്രയല്‍സ് കഴിഞ്ഞപ്പോള്‍ എന്നോട് പറഞ്ഞു നാളെ ഒരു പരിശീലന മത്സരമുണ്ട് അപ്പോള്‍ അതു വരെ നില്‍ക്കുമോ എന്ന് ചോദിച്ചു.

ഞാന്‍ നില്‍ക്കാമെന്ന് പറഞ്ഞു. അങ്ങനെ പിറ്റേന്നുള്ള പരിശീലന മത്സരവും കളിച്ചു. അതിന് ശേഷം എന്തെങ്കിലുമുണ്ടെങ്കില്‍ അറിയിക്കാമെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. പിന്നെ വ്യാഴാഴ്ച രാത്രയാണ് എന്നെ വിളിച്ച് പറഞ്ഞത് ബെംഗളൂരുവില്‍ എത്താന്‍. എന്നോട് ടീമില്‍ എടുത്തു എന്ന് പറഞ്ഞിരുന്നില്ല അപ്പോള്‍. ഇവിടെ ഇന്നലെ എത്തിയപ്പോഴാണ് ടീമില്‍ ഉണ്ടെന്നറിഞ്ഞത്. അങ്ങനെ ഇന്നലെ ടീമിനൊപ്പം ചേര്‍ന്നു. പ്രാക്ടീസ് ഒക്കെ ചെയ്തു.

ബാംഗ്ലൂര്‍ ഇന്ന് ഡല്‍ഹിക്കെതിരെ ഇറങ്ങുകയാണ് ടീമില്‍ അരങ്ങേറാനാകുമെന്ന് പ്രതീക്ഷയുണ്ടോ? 

അതിനെ പറ്റി എനിക്കറിയില്ല. അതൊക്കെ ക്യാപ്റ്റനു മാനേജ്മെന്റുമാണല്ലോ തീരുമാനിക്കേണ്ടത്. ടീമിന്റെ കോമ്പിനേഷന്‍ അനുസരിച്ചിരിക്കും.

ആദ്യ സീസണില്‍ തന്നെ വിഷ്ണുവിന് ഐപിഎല്ലിലേക്ക് മുന്നേറാന്‍ സഹായിച്ചത് സയ്യിദ് മുഷ്താഖ് അലിയിലെ പ്രകടനമാണല്ലോ? ആ പ്രകടനത്തെ എങ്ങനെ കാണുന്നു? 

തീര്‍ച്ചയായിട്ടും. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലെ പ്രകടനമാണ് എന്നെ ഐപിഎല്ലിലേക്ക് മുന്നേറാന്‍ സഹായിച്ചത്. എന്റെ കളി വെച്ച് നോക്കുമ്പോള്‍ എനിക്ക് കൂടുതലും ടി-ട്വന്റിയില്‍ നന്നായിട്ട് കളിക്കാനാവുമെന്ന്് പ്രതീക്ഷിയുണ്ടായിരുന്നു. കേരള ടീം എന്നില്‍ അര്‍പ്പിച്ച വിശ്വാസം എനിക്ക് പറയാതിരിക്കാന്‍ പറ്റില്ല. എനിക്ക് കേരള ടീമില്‍ അവസരം തന്നു. അതു കൊണ്ടാണ് എനിക്ക് നല്ല പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചത്. ടീം എന്നെ വിശ്വസിച്ചു. അതെനിക്ക് തിരിച്ചു നല്‍കാനും സാധിച്ചു. 

സച്ചിന്‍ ബേബിയും റോയല്‍ ചാലഞ്ചേഴ്സ് താരമാണല്ലോ. സച്ചിന്‍ ബേബിയുടെ പിന്തുണ എത്ര മാത്രമുണ്ട്?

സച്ചിനേട്ടന്‍ എനിക്ക് നന്നായി പിന്തുണ നല്‍കുന്നുണ്ട്. ഇവിടുത്തെ കാര്യങ്ങളില്‍ എല്ലാം അദ്ദേഹമാണ് എന്നെ സഹായിക്കുന്നത്. ഇവിടെ സഹതാരങ്ങളോട് സംസാരിക്കുന്നതിനും ഇടപഴകുന്നതിനുമെല്ലാം സച്ചിന്‍ ചേട്ടനാണ് എന്നെ സഹായിക്കുന്നത്. സച്ചിന്‍ ചേട്ടനുള്ളത് വല്യ ഒരു ആശ്വാസമാണ്. 

ബാംഗ്ലൂര്‍ കാമ്പില്‍ എത്തി കഴിഞ്ഞപ്പോള്‍ എന്താണ് വിഷ്ണുവിന് തോന്നുന്നത്.?

ഇവിടെത്തിയപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത വികാരമാണ് തോന്നുന്നത്. ഇത്രയും ലോകോത്തര താരങ്ങളൊക്കെ നമ്മളെ കാണാനായിട്ട് നില്‍ക്കുമ്പോള്‍ ആ ഫീല്‍ എങ്ങനെ പറഞ്ഞറിയിക്കണമെന്ന് അറിയില്ല. 

ക്രിക്കറ്റില്‍ വിഷ്ണുവിന്റെ റോള്‍ മോഡല്‍ ആരാണ്?

ശരിക്കും എന്റെ റോള്‍ മോഡല്‍സ് എ.ബി. ഡിവില്ലിയേഴ്സും വിരാട് കോലിയുമാണ്. അവരോടൊപ്പം തന്നെ കളിക്കാന്‍ അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. അവരോടൊപ്പം ബാറ്റ് ചെയ്യാനുള്ള അവസരം കൂടി ലഭിച്ചാല്‍ അതെന്റെ ഭാഗ്യമാണെന്ന് ഞാന്‍ കരുതും.

വിഷ്ണു ക്രിക്കറ്റിലേക്ക് എങ്ങനെയാണ് വന്നത്?

 എന്റെ കൂട്ടുകാരന്‍ പ്രവീണ്‍ ആണ് എന്നെ ക്രിക്കറ്റിലേക്ക് കൊണ്ടു വന്നത്. അവനാണ് എന്നെ ട്രയല്‍സിനൊക്കെ കൊണ്ട് പോയിരുന്നത്. അണ്ടര്‍-19 മുതലാണ് ഞാന്‍ ക്രിക്കറ്റിനെ ശരിക്കും സീരിയസായി നോക്കി കാണാന്‍ തുടങ്ങിയത്. അന്നു മുതല്‍ ഞാന്‍ തിരിച്ചറിഞ്ഞു ക്രിക്കറ്റാണ് എന്റെ ജീവിതം എന്ന്.