''ആദ്യം ഒരുയര്‍ച്ചയായിരുന്നു, പിന്നീട് ഒരു പടുകുഴിയിലേക്കുള്ള വീഴ്ച്ചയും. ആ കുഴിയില്‍ കൂട്ടിനുണ്ടായിരുന്നത് നിരാശയും സമ്മര്‍ദവും പിന്നെ തന്നോട് തന്നെയുള്ള വെറുപ്പും. അതെല്ലാം പുറത്തേക്ക് കുത്തിയൊഴുകിയപ്പോള്‍  അവന്‍ ഡ്രസ്സിങ് റൂമിലിരുന്ന് ബാറ്റ് തല്ലിപ്പൊട്ടിച്ചു. ആരോടും പറയാതെ കടല്‍ തീരത്ത് പോയിരുന്നു. അച്ചടക്കം തെറ്റിയപ്പോള്‍ വഴക്കും വാക്കു തര്‍ക്കവും, പിന്നാലെ താക്കീതും കിട്ടി. അവിടെ നിന്ന് വീണ്ടും ഉണര്‍ന്നിരിക്കുന്നു. നിരാശയില്‍ നിന്ന് ആശാവഹമായ ഒരിന്നിങ്‌സിലേക്ക്..ഓരോ ഷോട്ടും പെര്‍ഫെക്റ്റ് പ്ലെയ്‌സ്‌മെന്റ്...'' പുണെയില്‍ കണ്ണിമ ചിമ്മാതെ കാണികള്‍ കണ്ട ആ ഇന്നിങ്‌സിന് മുമ്പ് സഞ്ജു എങ്ങനെയായിരുന്നുവെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഇങ്ങനെ ചുരുക്കിപ്പറയാം.

ഒരു പ്രതിസന്ധി ഘട്ടം വരുമ്പോള്‍ അതിനെ എങ്ങനെ മറികടക്കണമെന്ന് ആരും പറഞ്ഞുകൊടുക്കാനില്ലെങ്കില്‍ ഒരു യുവതാരം ചെയ്യുന്നതു പോലെയുള്ള കുസൃതിയേ സഞ്ജുവും ഒപ്പിച്ചുള്ളൂ. രഞ്ജി ട്രോഫിക്കിടയില്‍ ബാറ്റ് പൊട്ടിച്ചതിനോടൊപ്പം ആരോടും പറയാതെ ഡ്രസ്സിങ് റൂം വിട്ട സഞ്ജു പിന്നീട് വിവാദനായകനാകുകയായിരുന്നു.  അച്ഛന്‍ സാംസണ്‍ കൂടി ഈ പ്രശ്‌നത്തില്‍ പങ്കാളിയായതോടെ സഞ്ജു കൂടുതല്‍ പ്രതിസന്ധിയിലായി. അവസാനം കേരള ക്രിക്കറ്റ് അസോസിയേഷനോട് മാപ്പ് പറഞ്ഞാണ് സഞ്ജു ഈ വിവാദം അവസാനിപ്പിച്ചത്.

പക്ഷേ അവിടെയും കൊണ്ട് തീരുന്നതായിരുന്നില്ല സഞ്ജുവിന്റെ പ്രശ്‌നങ്ങള്‍. ഒരു കാലത്ത് ഐ.പി.എല്ലിലെ യുവതരങ്ങളില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന സഞ്ജുവിന് പിന്നീട് രഞ്ജിയില്‍ പോലും തിളങ്ങാനാകാത്ത അവസ്ഥയാണ് കൂട്ടിനുണ്ടായിരുന്നത്. രഞ്ജിയില്‍ 11 ഇന്നിങ്‌സില്‍ നിന്ന് 334 റണ്‍സ്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബാറ്റിങ് ശരാശരി 18, ഐ.പി.എല്ലില്‍ ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ 13 റണ്‍സ് മാത്രം. ഒരുപക്ഷേ തന്റെ കരിയര്‍ അവസാനിച്ചേക്കുമെന്ന് വരെ സഞ്ജു ഭയപ്പെട്ടിരിക്കാം. അവിടെ നിന്ന് ഒരു ഉയര്‍ത്തിയെഴുന്നേപ്പ് സഞ്ജുവിന് അത്യാവശ്യമായിരുന്നു. തന്റെ കരിയറില്‍ വഴിത്തിരിവാകുന്ന ഒരിന്നിങ്‌സ്..അതു തന്നെയാണ് പുണെയില്‍ സംഭവിച്ചതും.

കേരളത്തിനായി ടി-ട്വന്റിയില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ സഞ്ജുവിന് പ്രായം പതിനാറായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അവന്‍ ഐ.പി.എല്ലിന്റെ ഭാഗമാകുകയും ചെയ്തു. ആദ്യ സീസണില്‍  കൊല്‍ക്കത്തയിലായിരുന്നെങ്കിലും സൈഡ് ബെഞ്ചിലിരിക്കേണ്ടി വന്നു. പിന്നീട് രണ്ടാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി തന്റെ രണ്ടാം മത്സരത്തിനിറങ്ങിയ മലയാളി താരം മൂന്നാം നമ്പറില്‍ കളിച്ച് അര്‍ധ സെഞ്ചുറി അടിച്ചെടുത്തു.

പക്ഷേ പിന്നീട് പ്രതീക്ഷകള്‍ സമ്മര്‍ദങ്ങളായി മാറിയപ്പോള്‍ സഞ്ജുവിനും പിഴച്ചു. കഴിഞ്ഞ സീസണിലും ഡല്‍ഹിക്കൊപ്പമുണ്ടായിരുന്ന സഞ്ജുവിന് 14 മത്സരങ്ങളില്‍ ഏഴെണ്ണത്തിലും 20ല്‍ താഴെ റണ്‍സേ സ്‌കോര്‍ ചെയ്യാനായുള്ളൂ. 

സ്ഥിരതയില്ലാതെ ഉയര്‍ച്ചയും താഴ്ച്ചയും കാണിക്കുന്ന കരിയര്‍ ഗ്രാഫില്‍ സഞ്ജുവിനെ കൈപിടിച്ച് വഴി കാണിച്ചത് വന്‍മതില്‍ രാഹുല്‍ ദ്രാവിഡ് തന്നെയാണ്. കഴിഞ്ഞ സീസണില്‍ പരാജയമായിരുന്നിട്ടും ദ്രാവിഡ് അവനില്‍ വിശ്വാസമര്‍പ്പിച്ചു.

സെഞ്ചുറിയടിച്ച ശേഷം സഞ്ജു പറഞ്ഞതും ഇതൊക്കത്തന്നെയാണ് ''ഞാന്‍ രാജസ്ഥാന്‍ റോയല്‍സിലെത്തുമ്പോള്‍ എനിക്ക് 17 വയസ്സായിരുന്നു പ്രായം. അന്ന് മുതല്‍ ദ്രാവിഡിന്റെ ഉപദേശങ്ങള്‍ കൂടെയുണ്ട്. അങ്ങനെയൊരു ഗുരുവിനെക്കിട്ടിയത് അനുഗ്രഹമായാണ് കരുതുന്നത്. എല്ലാവര്‍ക്കും ഈ ഭാഗ്യം ലഭിക്കില്ല. ശരിക്കും ഞാന്‍ അനുഹ്രിക്കപ്പെട്ടവനാണ്...'' വാക്ക് പൂര്‍ത്തിയാക്കാതെ സഞ്ജു നിര്‍ത്തുന്നു.