ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തില്‍ ബാറ്റ് കൊണ്ട് മാത്രമല്ല ഡേവിഡ് വാര്‍ണര്‍ തിളങ്ങിയത്, ഹൃദയം കൊണ്ട് കൂടിയാണ്. മത്സരത്തിനിടയില്‍ മലയാളി പേസര്‍ ബേസില്‍ തമ്പിയുടെ ഊരിയപ്പോയ ഷൂ എടുത്ത് നല്‍കിയാണ് വാര്‍ണര്‍ ആരാധകരുടെ ഹൃദയത്തില്‍ ഇടം പിടിച്ചത്.
 
ഹൈദരാബാദ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെടുത്ത് നില്‍ക്കെ ബേസില്‍ തമ്പിയുടെ പന്തില്‍ ഹെന്റിക്വെസ് സ്‌ട്രൈറ്റ് ഷോട്ട് അടിക്കുകയായിരുന്നു. ബൗളിങ് എന്‍ഡിലേക്ക് വന്ന പന്ത് കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കവെ ബേസില്‍ തമ്പിയുടെ കാലില്‍ നിന്ന് ഷൂ ഊരിപ്പോയി. 
 
നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന് റണ്ണിനായി ഓടിയ വാര്‍ണര്‍ ഇതുകണ്ടു. ഓട്ടം നിര്‍ത്തിയ ഓസീസ് താരം ബേസിലിന് ഷൂ എടുത്തുകൊടുത്തു. ശേഷം ഒരു റണ്‍ പൂര്‍ത്തിയാക്കുകയായിരുന്നു. വാര്‍ണറുടെ ഈ സ്‌പോര്ട്‌സ്മാന്‍ സ്പിരിറ്റിനെ കമന്റേറ്റര്‍ പ്രശംസിക്കുകയും ചെയ്തു.