എം.എസ് ധോനി ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നപ്പോള്‍ ധോനിയുടെ വിശ്വസ്തനായിരുന്നു സുരേഷ് റെയ്‌ന. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കുമ്പോഴും ഇരുവരും ആത്മമിത്രങ്ങളായിരുന്നു. ഐ.പി.എല്‍ പത്താം സീസണില്‍ ധോനിയുടെ ക്യാപ്റ്റന്‍സി ഏറ്റവും മിസ്സ് ചെയ്യുന്നതും റെയ്‌നക്ക് തന്നെ.

റെയ്‌സിങ് പുണെ സൂപ്പര്‍ജയന്റിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ധോനിയെ നീക്കിയ രീതിയില്‍ തനിക്ക് സങ്കടമുണ്ടെന്ന് റെയ്‌ന വ്യക്തമാക്കി. ''ഞാന്‍ നിരാശനാണ്. ഐ.പി.എല്‍ ടീമിനു വേണ്ടിയും രാജ്യത്തിന് വേണ്ടിയും ധോനി മികച്ച രീതിയിലാണ് കളിച്ചത്. എല്ലാ സമയത്തും ധോനി ബഹുമാനിക്കപ്പെടണം. ഇത് ഞാന്‍ പറയുന്നതല്ല, ലോകം പറയുന്നതാണ്''-റെയ്‌ന പറഞ്ഞു.

പത്താം സീസണില്‍ ഇതുവരെ ഫോമിലേക്കെത്താന്‍ ധോനിക്ക് കഴിഞ്ഞിട്ടില്ല. അഞ്ചു മത്സരങ്ങളില്‍ നിന്ന് 61 റണ്‍സ് മാത്രമാണ് ധോനി നേടിയത്.''ധോനിയുമായി ഡ്രസ്സിങ് റൂം പങ്കിട്ടിട്ടുണ്ട്.  പ്രതിസന്ധി ഘട്ടത്തില്‍ ധോനിയുടെ മനസ്സിലൂടെ എന്തെല്ലാം കടന്നു പോകുമെന്ന് എനിക്കറിയാം. ഏത് പ്രൊഫഷണലിലാണെങ്കിലും നമുക്ക് ബഹുമാനം ലഭിക്കണം. ഒരു കളിക്കാരനെ സംബന്ധിച്ച് അയാള്‍ കളിക്കുന്ന കാലത്തേക്കെങ്കിലും'' റെയ്‌ന കൂട്ടിച്ചേര്‍ത്തു.

ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയത് ധോനിയെ ബാധിച്ചിട്ടില്ലെന്നും അടുത്ത മത്സരങ്ങളില്‍ ധോനി ഫോമിലേക്കെത്തുമെന്നും റെയ്‌ന വ്യക്തമാക്കി.