മോസ്‌ക്കോ: ഇഞ്ചുറി ടൈമിലെ രണ്ട് ഗോളുകള്‍ തുണച്ചു. ഒരു സെല്‍ഫ് ഗോള്‍ വഴങ്ങിയിട്ടും ഈ ഇഞ്ചുറി ടൈം ഗോളുകളുടെ ബലത്തില്‍ മെക്‌സിക്കോയെ മറികടന്ന് പോര്‍ച്ചുഗല്‍ കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോളില്‍ മൂന്നാം സ്ഥാനക്കാരായി. പ്ലേഓഫില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് പോര്‍ച്ചുഗലിന്റെ ജയം.

54-ാം മിനിറ്റില്‍ ലൂയിസ് നെറ്റോയുടെ സെല്‍ഫ് ഗോളില്‍ മെക്‌സിക്കോയാണ് ആദ്യം മുന്നിലെത്തിയത്. ഈ ഗോളില്‍ അവര്‍ യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനെ അട്ടിമറിച്ച് മൂന്നാം സ്ഥാനം സ്വന്തമാക്കുമെന്ന് ഏതാണ്ട് ഉറപ്പിച്ചതായിരുന്നു. എന്നാല്‍, ഇഞ്ചുറി ടൈമില്‍ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. ഒന്നാം മിനിറ്റില്‍ പെപ്പെയാണ് പോര്‍ച്ചുഗലിന് ആശ്വാസം പകര്‍ന്ന് സമനില ഗോള്‍ നേടിയത്.

ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ വീണുകിട്ടിയ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് അഡ്രിയന്‍ സില്‍വ പോര്‍ച്ചുഗലിന് ജയം സമ്മാനിക്കുകയും ചെയ്തു. മെക്‌സിക്കോ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കെ കളിയുടെ ഗതിക്ക് വിപരീതമായാണ് പോര്‍ച്ചുഗല്‍ ഗോള്‍ നേടിയത്.

പോര്‍ച്ചുഗല്‍ ലീഡ് നേടിയതോടെ കളി കൈവിട്ട മട്ടായി. പന്ത്രണ്ട് മിനിറ്റ് നീണ്ട ഇഞ്ചുറി ടീമില്‍ ഇരു ടീമിലെയും ഓരോ ആള്‍ക്കാര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ആദ്യം പോര്‍ച്ചുഗലിന്റെ നെല്‍സണ്‍ സെമഡോയെയും ആറു മിനറ്റ് കഴിഞ്ഞ് മെക്‌സിക്കോയുടെ റൗള്‍ ജിമെനെസിനെയുമാണ് റഫറി പുറത്താക്കിയത്. ഇതാദ്യമായാണ് ലോകകപ്പിലും കോണ്‍ഫെഡറേഷന്‍സ് കപ്പിലും ഇഞ്ചുറി ടൈമില്‍ രണ്ട് പേര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകുന്നത്.

സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇല്ലാതെയാണ് പോര്‍ച്ചുഗല്‍ കളിച്ചത്.