കസാന്‍: ആവേശം അലതല്ലിയ കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളിന്റെ ആദ്യ സെമിയില്‍ ചിലിക്ക് പോര്‍ച്ചുഗലിനെതിരെ ഉജ്ജ്വല ജയം. തുല്യശക്തികള്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ പൂര്‍ണ്ണസമയവും അധിക സമയവും പിന്നിട്ടിട്ടും ഗോള്‍രഹിതമായതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. ഷൂട്ടൗട്ടില്‍ 3-0നാണ് ചിലിയുടെ വിജയം.

ഗോള്‍കീപ്പര്‍ ക്ലൗഡിയോ ബ്രാവോ നടത്തിയ അത്യുജ്ജല സേവിങിലൂടെയാണ് ചിലിക്ക് വിജയം നേടാനായത്. പോര്‍ച്ചുഗലിനായി കിക്കെടുത്തവര്‍ക്കൊന്നും ബ്രാവോയുടെ ചിലന്തിവല മറികടക്കാന്‍ സാധിച്ചില്ല. ചിലി ആദ്യ മൂന്ന് കിക്കുകള്‍ ഗോളാക്കി മാറ്റുകയും ചെയ്തു.

റിക്കാര്‍ഡോ ക്വറെസ്‌മോ, സാന്റോസ് മൗടിഞ്ഞോ, നാനി എന്നിവരുടെ കിക്കുകളാണ് ബ്രാവോ അത്യുഗ്രന്‍ സേവിങിലൂടെ തടഞ്ഞിട്ടത്.. ചിലിക്കായി അര്‍ടുറോ വിദാല്‍, അരാങ്കീസ്, അലക്സിസ് സാഞ്ചസ് എന്നിവര്‍ ലക്ഷ്യം കണ്ടു. 

confederationscup
ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും തുറന്ന അവസരം ലഭിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. ആറാം മിനിറ്റില്‍ സാഞ്ചസിന്റെ പാസ്സില്‍ നിന്ന് വര്‍ഗാസിന് സുവര്‍ണ്ണാവസരം ലഭിച്ചെങ്കിലും ഗോള്‍കീപ്പര്‍ പാട്രിയോ പോര്‍ച്ചുഗലിന്റെ രക്ഷക്കെത്തി. പിന്നീട് പോര്‍ച്ചുഗലിന്റെ അവസരമായിരുന്നു. ഇടതു വിങ്ങില്‍ നിന്ന് ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ നല്‍കിയ മനോഹരമായ ക്രോസ് ലക്ഷ്യത്തിലെത്തിക്കാന്‍ ആന്ദ്രെ സില്‍വയ്ക്ക് സാധിച്ചില്ല.

രണ്ടാം പകുതിയില്‍ സാഞ്ചസും വിദാലും വര്‍ഗാസും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒന്നും ഫിനിഷ് ചെയ്യാനായില്ല. പലപ്പോഴും പോര്‍ച്ചുഗലിന്റെ ഗോളി വിലങ്ങുതടിയായി. 90 മിനിറ്റും ആരും ഗോള്‍ കണ്ടെത്താതിരുന്നതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. സാഞ്ചസിന്റെ ഹെഡ്ഡര്‍ പോസ്റ്റിന് തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ പുറത്തു പോയപ്പോള്‍ വിദാലിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. അധിക സമയം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു വിദാലിന്റെ ഷോട്ട്. തിരിച്ചു വന്ന പന്ത് റോഡ്രിഗസ് പോസ്റ്റിലേക്ക് തിരിച്ചു വിട്ടെങ്കിലും ഷോട്ട് ബാറില്‍ തട്ടി മടങ്ങി. ഇതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

ചിലിയുടെ ആദ്യ കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനലാണിത്. ജര്‍മനി-മെക്‌സിക്കോ രണ്ടാം സെമിഫൈനല്‍ വിജയികളെയാണ് ഫൈനലില്‍ ചിലി നേരിടുക. വ്യാഴാഴ്ച നടക്കുന്ന ജര്‍മനി-മെക്‌സിക്കോ മത്സരത്തിലെ വിജയിയാണ് ഫൈനലില്‍ ചിലിയുടെ എതിരാളി.