മോസ്‌ക്കോ/സോച്ചി: ലോക ചാമ്പ്യന്മാരായ ജര്‍മനിയും ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മായ ചിലിയും കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോളിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു.

ജര്‍മനി ആധികാരികമായി കാമറൂണിനെ തകര്‍ത്തപ്പോള്‍ ചിലി ഓസ്‌ട്രേലിയയോട് ഞെട്ടുന്ന സമനില വഴങ്ങിയാണ് ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായി സെമിയില്‍ ഇടം നേടിയത്.

germay

ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ജര്‍മനിയുടെ ജയം. ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷമായിരുന്നു ഗോളുകളെല്ലാം.

48-ാം മിനിറ്റില്‍ ഡെമിര്‍ബേയിലൂടെ ജര്‍മനിയാണ് ആദ്യം ലീഡ് നേടിയത്. 66-ാം മിനിറ്റില്‍ ടിമോ വെര്‍ണര്‍ ലീഡ് ഇരട്ടിയാക്കി. എന്നാല്‍, 78-ാം മിനിറ്റില്‍ അബൗബക്കറിലൂടെ കാമറൂണ്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍, 81-ാം മിനിറ്റില്‍ ഒരിക്കല്‍ക്കൂടി ലക്ഷ്യം കണ്ട് വെര്‍ണര്‍ ജര്‍മനിയുടെ ജയം ഉറപ്പിച്ചു. ഇതോടെ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ഇരട്ടഗോള്‍ നേടുന്ന ആദ്യ ജര്‍മന്‍ താരമായിരിക്കുകയാണ് വെര്‍ണര്‍.

ഏണസ്റ്റ് മബൗക്ക ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 64-ാം മിനിറ്റ് മുതല്‍ പത്തു പേരെയും വച്ചാണ് കാമറൂണ്‍ കളിച്ചത്. മബൗക്ക മടങ്ങിയ ഉടനെയായിരുന്നു അവര്‍ രണ്ടാം ഗോള്‍ വഴങ്ങിയത്.

42-ാം മിനിറ്റില്‍ ട്രൊയിസിയാണ് ചിലിയെ ഞെട്ടിച്ചുകൊണ്ട് ഒാസ്‌ട്രേലിയക്ക് ലീഡ് നേടിക്കൊടുത്തത്. എന്നാല്‍, 67-ാം മിനിറ്റില്‍ റോഡ്രിഗസ് ചിലിക്ക് വിലപ്പെട്ട സമനില നേടിക്കൊടുത്തു. ഒപ്പം സെമി ബര്‍ത്തും. കളിച്ച ആറ് കോണ്‍ഫെഡറേഷന്‍സ് കപ്പിലും ചിലി ഗ്രൂപ്പ് ഘട്ടം കടന്നിട്ടുണ്ട്.

യൂറോപ്പ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗലാണ് സെമിയില്‍ ചിലിയുടെ എതിരാളി. ജര്‍മനി സെമിയില്‍ മെക്‌സിക്കോയെ നേരിടും.