ഭുവനേശ്വര്‍: ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് രണ്ടാം ദിനം ഇന്ത്യക്ക് നാലു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവും കൂടി.  400 മീറ്ററിലും 1500 മീറ്ററിലും ഇന്ത്യ ഇരട്ടസ്വര്‍ണം നേടി. പുരുഷന്‍മാരുടെ 400 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അനസ് (45.77 സെക്കന്റ്) ഒന്നാമതെത്തിയപ്പോള്‍ വനിതാ വിഭാഗത്തില്‍ എസ് നിര്‍മ്മല സ്വര്‍ണം നേടി. 

അതേസമയം വനിതകളുടെ 1500 മീറ്ററില്‍ മലയാളി താരം പി.യു ചിത്രയും (4:17.92 മിനുറ്റ്‌) പുരുഷന്‍മാരുടെ വിഭാഗത്തില്‍ അജയ് കുമാര്‍ സരോജും ഒന്നാമതെത്തി. പുരുഷ 400 മീറ്ററില്‍ വെള്ളിയും ഇന്ത്യക്കാണ്. ആരോഗ്യ രാജീവാണ് വെള്ളി മെഡല്‍ നേടിയത്. വനിതകളുടെ 400 മീറ്ററിലും 100 മീറ്ററിലും ഇന്ത്യ വെങ്കലം സ്വന്തമാക്കി.400 മീറ്ററില്‍ മലയാളി താരം ജിസ്‌ന മാത്യുവും 100 മീറ്ററില്‍ ദ്യുതിചന്ദുമാണ് വെങ്കലം നേടിയത്.

2016 ജൂണില്‍ പോളിഷ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്ററില്‍ അനസ് ദേശിയ റെക്കോര്‍ഡ് മറികടന്നിരുന്നു. 45.40 സെക്കന്റില്‍ മത്സരം പൂര്‍ത്തിയാക്കിയ അനസ് റിയോ ഒളിമ്പിക്സിന് യോഗ്യത നേടുകയും ചെയ്തു. മില്‍ഖാ സിങ്ങിനും കെ.എം ബിനുവിനും ശേഷം 400 മീറ്ററില്‍ ഒളിമ്പിക്സില്‍ മത്സരിച്ച ഇന്ത്യന്‍ അത്ലറ്റെന്ന നേട്ടവും അനസ് സ്വന്തമാക്കിയിരുന്നു. റിയോ ഒളിമ്പിക്സ് 4ഃ400 മീറ്റര്‍ റിലേയിലും അനസ് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. 

MUHAMMAD-ANES-GOLD-400.jpg
400 മീറ്ററില്‍ അനസ് സ്വര്‍ണത്തിലേക്ക്   ഫോട്ടോ: ബി മുരളീകൃഷ്ണന്‍

22കാരിയായ പി.യു ചിത്രയുടെ സീനിയര്‍ തലത്തിലുള്ള ആദ്യ ഏഷ്യന്‍ മെഡലാണിത്. നേരത്തെ 2013ല്‍ ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ 3000 മീറ്ററില്‍ പി.യു ചിത്ര സ്വര്‍ണം നേടിയിരുന്നു. കൂടാതെ ദേശീയ സ്‌കൂള്‍ ഗെയിംസിലും ചിത്ര നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്.

ആദ്യ ദിനമായ ഇന്നലെ ഇന്ത്യ രണ്ടു സ്വര്‍ണമടക്കം ഏഴു മെഡലുകള്‍ നേടിയിരുന്നു. വനിതകളുടെ ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗറും പുരുഷ വിഭാഗം 5000 മീറ്ററില്‍ ജി.ലക്ഷ്മണുമാണ് സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യയുടെ ആകെ സ്വര്‍ണനേട്ടം ആറായി.

p.u.jpg
പി.യു ചിത്ര സ്വര്‍ണത്തിലേക്ക് കുതിക്കുന്നു  ഫോട്ടോ: ബി മുരളീകൃഷ്ണന്‍