
അനുഭവിക്കുന്നതിനേക്കാള്‍ സ്മരണകളിലാണ് ആനന്ദമെന്ന് മാര്‍ക്ക് ട്വെയ്ന്‍ എഴുതിയിട്ടുണ്ട്. മുംബൈ വാംഖഡേയില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ പട്ടാഭിഷേകത്തിന് സാക്ഷിയായി ഒമ്പത് മാസം പിന്നിടുന്നു. കിരീടത്തിലേക്കുള്ള മഹേന്ദ്ര സിങ് ധോനിയുടെ സിക്‌സറും സച്ചിന്‍ തെണ്ടുല്‍ക്കറെ തോളിലേറ്റിയുള്ള ഇന്ത്യന്‍താരങ്ങളുടെ വിജയാഹ്ലാദവും ഓര്‍മകളുടെ സുഗന്ധമായി ചുറ്റുമുണ്ട്.
ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്ത്യന്‍ ടീമിനൊപ്പം ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നിന്നാണ് ഒരു സ്വപ്നയാത്ര തുടങ്ങുന്നത്. ഇന്ത്യ ലോകകപ്പ് നേടിയതിന്റെ ഒരു സാങ്കല്പിക വിവരണത്തോടെയായിരുന്നു 'ബേബീസ് ഡേയ്‌സ് വിത്ത് ഇന്ത്യ' എന്ന പംക്തിയുടെ തുടക്കം. പ്രാര്‍ഥനയോടെയും ആരാധനയോടെയുമാണ് ഇന്ത്യന്‍ ടീമിനെ പിന്തുടര്‍ന്നത്. ആയിരക്കണക്കിന് വായനക്കാരും അഭിപ്രായങ്ങളും നിര്‍ദേശങ്ങളുമായ് ഒപ്പം ചേര്‍ന്നു. തുടക്കം ഗംഭീരമാക്കി ധാക്കയില്‍ തകര്‍പ്പന്‍ജയം. പിന്നാലെ ചില മുന്നറിയിപ്പുകള്‍ നല്‍കി ബാംഗ്ലൂരിലെ നാടകീയ ടൈ. പിന്നീട് ബാംഗ്ലൂരിലെയും ഡല്‍ഹിയിലെയും ജയങ്ങള്‍. നാഗ്പുരില്‍ ദക്ഷിണാഫ്രിക്കയോട് ഞെട്ടിപ്പിക്കുന്ന തോല്‍വി. ഒടുവില്‍ ചെന്നൈയിലെ ജയത്തോടെ ഓസ്‌ട്രേലിയയുമായി അഹമ്മദാബാദില്‍ തീരുമാനിക്കപ്പെട്ട ക്വാര്‍ട്ടര്‍. യുവരാജ് സിങ്ങിന്റെ നെഞ്ചില്‍ തലചായ്ച്ച്, ഓസ്‌ട്രേലിയന്‍ വാഴ്ചയ്ക്ക് അറുതിവരുത്തി മൊഹാലിയിലേക്ക്. അവിടെ ഇന്ത്യാ-പാക് നയതന്ത്രം ക്രിക്കറ്റിനെ ഏറ്റെടുത്തു. കളി തുടങ്ങുന്നതിന് മുമ്പ് ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ ഗ്രൗണ്ടിലേക്കിറങ്ങി ഹസ്തദാനം ചെയ്തത് മഹത്തായ കാഴ്ചയായിരുന്നു. അവിടെ ജയിച്ചത് ഇന്ത്യയും നയതന്ത്രവും.
ഒടുവില്‍ മുംബൈയിലെ സ്വപ്ന ഫൈനല്‍. ശ്രീലങ്ക മികച്ച ടോട്ടല്‍ നേടുകയും തുടക്കത്തില്‍ തന്നെ സെവാഗും സച്ചിനും പുറത്താവുകയും ചെയ്തപ്പോള്‍ എല്ലാം അവസാനിച്ചെന്ന് കരുതിയതാണ്. പക്ഷേ, ഗൗതം ഗംഭീറും ക്യാപ്റ്റന്‍ ധോനിയും ചേര്‍ന്ന് 28 വര്‍ഷത്തിന് ശേഷം ലോകകിരീടത്തിലേക്ക് ഇന്ത്യയെ വീണ്ടും നയിച്ചു. ലോകചാമ്പ്യനായതിലൂടെ സച്ചിന്റെ കരിയര്‍ പൂര്‍ണസൗഭാഗ്യത്തിലെത്തുകയും ചെയ്തു. ഇന്ത്യ ലോകകപ്പ് നേടി എന്ന് തുടക്കത്തില്‍ നല്‍കിയ സാങ്കല്പിക റിപ്പോര്‍ട്ട് സത്യമായ് ഭവിച്ചു. അര്‍ധരാത്രിയില്‍ സൂര്യനുദിച്ചപോലെ. മുംബൈ മറൈന്‍ ഡ്രൈവ് മനുഷ്യമഹാസാഗരമായ്. അതിലൊരു തുള്ളിയായ് ഒഴുകാന്‍ കഴിഞ്ഞത് മഹാഭാഗ്യം.
ഫൈനലിന്റെ അന്നിറങ്ങിയ പത്രത്തിലും മൂന്ന് സാങ്കല്പിക റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. ഇന്ത്യ ജയിച്ചാല്‍, ഇന്ത്യ ജയിക്കുകയും സച്ചിന്‍ നൂറാം സെഞ്ച്വറി തികക്കുകയും ചെയ്താല്‍, ഇന്ത്യ തോറ്റാല്‍ എന്നിങ്ങനെയായിരുന്നു ആ റിപ്പോര്‍ട്ടുകള്‍. ഫൈനല്‍ തുടങ്ങും മുമ്പേ റിപ്പോര്‍ട്ടിങ് ദൗത്യം പൂര്‍ണമാക്കിയ സ്ഥിതി. ഇന്ത്യ ജയിച്ച റിപ്പോര്‍ട്ടാണ് സത്യമായത്.
എല്ലാം നേരത്തേ എഴുതിയതുകൊണ്ടാവാം ഫൈനല്‍ റിപ്പോര്‍ട്ട് എഴുതുമ്പോള്‍ വാക്കുകള്‍ കിട്ടാതായി. 'ഭാവത്തിന്‍ പരകോടിയില്‍ അഭാവത്തിന്‍ സ്വഭാവം വരാം' എന്ന് കുമാരനാശാന്‍ എഴുതിയതുപോലുള്ള അവസ്ഥ. എങ്കിലും, 'ധാക്ക-മുംബൈ ഡ്രീം എക്‌സ്പ്രസ്സ്' എന്ന ആദ്യ വാര്‍ത്തയുടെ തലക്കെട്ട് അന്വര്‍ഥമായപ്പോള്‍ ജീവിതത്തിന് എക്കാലത്തേക്കുമൊരു പൂക്കാലമായി ഇന്ത്യയുടെ ലോകകിരീടം.

ദക്ഷിണ കൊറിയയിലെ ദെയ്ഗുവില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വേഗത്തിന്റെ രാജാവ് ഉസെയ്ന്‍ ബോള്‍ട്ട് എത്തിയത് സ്പ്രിന്റില്‍ തന്റെ മേല്‍ക്കോയ്മ ഒന്നുകൂടി ഉറപ്പിക്കാനാണ്. എന്നാല്‍, കാത്തിരുന്നതോ ലോകത്തെ മുഴുവന്‍ ആരാധകരെയും ഞെട്ടിച്ച ഫൗള്‍ സ്റ്റാര്‍ട്ടും. നിലവിലെ ചാമ്പ്യനും ലോകറെക്കോഡുകാരനുമായ ബോള്‍ട്ട് ഫൗള്‍ സ്റ്റാര്‍ട്ടില്‍ കുടുങ്ങി അയോഗ്യനാക്കപ്പെട്ടപ്പോള്‍, ജമൈക്കയുടെ കീരീടം നഷ്ടപ്പെടാതെ യോഹാന്‍ ബ്ലെയ്ക്ക് എന്ന കൗമാരതാരം തങ്കപ്പതക്കം സ്വന്തമാക്കി. ആഗസ്ത് 28-ലെ ഫൗള്‍സ്റ്റാര്‍ട്ടില്‍ തളര്‍ന്നെങ്കിലും ദിവസങ്ങള്‍ക്കകം 200 മീറ്റര്‍ സ്വര്‍ണം നിലനിര്‍ത്തി ബോള്‍ട്ട് മാനം കാത്തു.

ചൈനയില്‍ നടന്ന ഏഷ്യന്‍ ഗ്രാന്റ്പ്രീയില്‍ 14.10 മീറ്റര്‍ ചാടി ട്രിപ്പിള്‍ ജമ്പില്‍ 14 മീറ്റര്‍ താണ്ടുന്ന ആദ്യ ഇന്ത്യക്കാരിയായി മാറിയ മയൂഖ ജപ്പാനിലെ കോബെയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും പ്രതീക്ഷ കാത്തു. ലോങ് ജമ്പില്‍ സ്വര്‍ണവും ട്രിപ്പിളില്‍ വെങ്കലവുമായാണ് മയൂഖ മടങ്ങിയത്. 6.56 മീറ്റര്‍ ചാടിയാണ് മയൂഖ ലോങ്ജമ്പില്‍ സ്വര്‍ണമണിഞ്ഞത്. കോഴിക്കോട് കല്ലാനോട് സ്വദേശിനിയായ മയൂഖയുടെ നേട്ടമാണ് കേരളത്തിന് 2011-ല്‍ ഏറ്റവും വലിയ നേട്ടമായി മാറിയത്. ദെയ്ഗുവില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ ലോങ്ജമ്പില്‍ ഫൈനലില്‍ കടന്ന മയൂഖ ട്രിപ്പിളില്‍ ഒളിമ്പിക്‌സിനും യോഗ്യത നേടി.

ലോര്‍ഡ്‌സ് ടെസ്റ്റിനിടെ പാകിസ്താന്‍ താരങ്ങളായ സല്‍മാന്‍ ബട്ടും മുഹമ്മദ് ആസിഫും മുഹമ്മദ് ആമിറും ഒത്തുകളിക്കാരുടെ ഏജന്റുമായി ചേര്‍ന്ന് തത്സമയ ഒത്തുകളിക്ക് തയ്യാറായതായിരുന്നു 2010-ലെ ഏറ്റവും ഞെട്ടിച്ച കായിക വാര്‍ത്ത. എന്നാല്‍, മൂവര്‍ക്കും ബ്രിട്ടീഷ് ക്രൗണ്‍ കോര്‍ട്ട് ശിക്ഷ വിധിച്ചത് ഇക്കൊല്ലമാണ്. പാകിസ്താന്‍ ക്യാപ്റ്റനായിരുന്ന സല്‍മാന്‍ ബട്ടിന് രണ്ടരവര്‍ഷവും ആസിഫിന് ഒരുവര്‍ഷവും തടവുശിക്ഷ വിധിച്ച ക്രൗണ്‍ കോടതി ജഡ്ജി ജെറമി കുക്ക്, കൗമാര താരം മുഹമ്മദ് ആമിറിനെ ആറുമാസം ദുര്‍ഗുണ പരിഹാര പാഠശാലയിലയയ്ക്കാനും വിധിച്ചു. കോഴക്കളിക്കു കിട്ടിയ താക്കീതായി മാറി ഈ സംഭവം.

സച്ചിന് തെണ്ടുല്‍ക്കറുടെ കരിയറിലെ നൂറാം സെഞ്ച്വറിക്കുവേണ്ടിയുള്ള കാത്തിരിപ്പാണ് ക്രിക്കറ്റ് ലോകത്ത് 2011-ല്‍ ഏറ്റവുമേറെ ചര്‍ച്ച ചെയ്യപ്പെട്ട വാര്‍ത്ത. ഇന്ത്യയിലെ പെട്രോളിന്റെ വില സച്ചിനെക്കാള്‍ മുന്നേ 'നൂറടിക്കു' മെന്ന തമാശയിലേക്കുവരെ കാര്യങ്ങള്‍ നീണ്ടു. എന്നാല്‍, സച്ചിനെ നൂറാംസെഞ്ച്വറി അനുഗ്രഹിച്ചില്ല. വെസ്റ്റിന്‍ഡീസിനെതിരെ മുംബൈയില്‍ സ്വന്തം നാട്ടുകാര്‍ക്കുമുന്നില്‍ സെഞ്ച്വറിയടിക്കാനുള്ള അസുലഭാവസരം സച്ചിന് കൈവന്നതാണ്. എന്നാല്‍, ആ പ്രയത്‌നം 94 റണ്‍സിലവസാനിച്ചപ്പോള്‍ ഞെട്ടിയത് ഇന്ത്യന്‍ കായികലോകം ഒന്നടങ്കമായിരുന്നു. കൊല്ലാവസാനം മെല്‍ബണില്‍ നടന്ന ടെസ്റ്റിലും സച്ചിനെ സെഞ്ച്വറി കൈവിട്ടു.

ഫോര്‍മുല വണ്ണിന്റെ വരവുപോലെ, ഇന്ത്യയെ ആവേശത്തിലാഴ്ത്തിയ മറ്റൊരു സംഭവമായിരുന്നു ലോകഫുട്‌ബോളര്‍ ലയണല്‍ മെസ്സിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന ടീം കൊല്‍ക്കത്തയില്‍ കളിക്കാനെത്തിയത്. സപ്തംബര്‍ രണ്ടിന് കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരം കാണാന്‍ എണ്‍പതിനായിരത്തോളം ആരാധകരെത്തി. അര്‍ജന്റീനയുടെ നായകനായി മാറിയശേഷം മെസ്സിയുടെ അരങ്ങേറ്റ മത്സരമായിരുന്നു വെനസ്വേലയ്‌ക്കെതിരായ സൗഹൃദ മത്സരം. മത്സരത്തില്‍ ഒരു ഗോള്‍ വിജയത്തോടെ, 'കോപ്പ അമേരിക്ക'യില്‍ ക്വാര്‍ട്ടര്‍ പുറത്താകലിന്റെ മുറിവുണക്കാനും അര്‍ജന്റീനയ്ക്കായി.

തന്റെ ആരാധ്യപുരുഷനായ സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരിലുള്ള റെക്കോഡ് സെവാഗ് മറികടന്നത് വെസ്റ്റിന്‍ഡീസിനെതിരെ ഇന്‍ഡോറില്‍ നടന്ന നാലാം ഏകദിനത്തിലാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 200 അടിച്ച സച്ചിനെ മറികടന്ന സെവാഗ് 219 റണ്‍സാണ് വിന്‍ഡീസിനെതിരെ കുറിച്ചത്. ഇതോടെ, ഏകദിന ക്രിക്കറ്റില്‍ ഇതേവരെ പിറന്ന രണ്ട് ഡബിള്‍സെഞ്ച്വറികളും ഇന്ത്യക്കാരുടെ പേരിലായി. 149 പന്തില്‍ ഏഴ് സിക്‌സറും 25 ബൗണ്ടറിയും പറത്തിയാണ് വീരു ഇരട്ട സെഞ്ച്വറി പ്രകടനം നടത്തിയത്. പരിക്കും ഫോമില്ലായ്മയും വലച്ച വര്‍ഷത്തില്‍ത്തന്നെ ഇരട്ട സെഞ്ച്വറി പ്രകടനം നടത്തിയതിലൂടെ പ്രവചനാതീതനായ താരമാണ് താനെന്ന് സെവാഗ് തെളിയിച്ചു.

ഇന്ത്യന്‍ കായികരംഗത്തുണ്ടായ ഏറ്റവും വലിയ നാണക്കേടായിരുന്നു 2011-ലെ ഡോപ്പിങ് വിവാദം. എട്ടുതാരങ്ങളാണ് ദിവസങ്ങള്‍ക്കിടെ ഉത്തേജക മരുന്നുപയോഗത്തിന് പിടിയിലായത്. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയ റിലേ ടീമിലംഗങ്ങളായ മന്‍ദീപ് കൗര്‍, സിനി ജോസ്, അശ്വിനി അക്കുഞ്ചി എന്നിവരടക്കം മുന്‍നിര താരങ്ങള്‍ കുടുങ്ങിയത് ഇന്ത്യന്‍ സ്‌പോര്‍ട്‌സിനെ ചെറുതായൊന്നുമല്ല ഉലച്ചത്. മലയാളി താരം ടിയാന മേരി തോമസ്, ജൗന മുര്‍മു, പ്രിയങ്ക പന്‍വാര്‍ എന്നിവരാണ് പരിശോധനയില്‍ കുടുങ്ങിയ മറ്റ് 400 മീറ്റര്‍ ഓട്ടക്കാര്‍. പിടിക്കപ്പെട്ട താരങ്ങള്‍ക്ക് ഡിസംബറില്‍ ഒരുവര്‍ഷത്തെ വിലക്കും ലഭിച്ചു. ലോങ്ജമ്പര്‍ മലയാളിയായ ഹരികൃഷ്ണന് രണ്ടുവര്‍ഷത്തെ വിലക്കും കിട്ടി.

ഇന്ത്യന്‍ ക്രിക്കറ്റില്‍ തലക്കെട്ടുകള്‍ പിടിച്ചെടുത്തത് സച്ചിന്‍ തെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗുമാണെങ്കിലും രാഹുല്‍ ദ്രാവിഡായിരുന്നു ഇക്കൊല്ലവും 'മിസ്റ്റര്‍. കണ്‍സിസ്റ്റന്റ്'. 12 ടെസ്റ്റുകളില്‍ അഞ്ച് സെഞ്ച്വറിയും നാല് അര്‍ധസെഞ്ച്വറിയുമായി 1145 റണ്‍സാണ് ഇക്കൊല്ലം ദ്രാവിഡ് നേടിയത്. ഇന്ത്യ നാല് ടെസ്റ്റിലും പരാജയപ്പെട്ട ഇംഗ്ലണ്ട് പരമ്പരയില്‍ മാത്രം നാല് ടെസ്റ്റുകളില്‍ മൂന്ന് സെഞ്ച്വറിയുള്‍പ്പെടെ 461 റണ്‍സ് ദ്രാവിഡ് നേടി. പരമ്പരയുടെ താരമായി മാറിയതും ദ്രാവിഡിന്റെ സ്ഥിരതയാര്‍ന്ന ബാറ്റിങ്ങായിരുന്നു. ഏകദിന ക്രിക്കറ്റില്‍നിന്ന് വിരമിച്ച ദ്രാവിഡിനെ ടീമിലേക്ക് തിരിച്ചുവിളിക്കാന്‍പോലും ഇതോടെ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരായി.

2011-ല്‍ ഇന്ത്യന്‍ കായികരംഗത്ത് ലോകകപ്പ് വിജയം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആവേശമുയര്‍ത്തിയത് ഫോര്‍മുല വണ്‍ കാറോട്ട ചാമ്പ്യന്‍ഷിപ്പിലെ പ്രഥമ ഇന്ത്യന്‍ ഗ്രാന്റ്പ്രീ തന്നെയായിരുന്നു. ഇംഗ്ലണ്ടില്‍ കനത്ത പരാജയമേറ്റുവാങ്ങിയശേഷം ഇന്ത്യയില്‍ നടന്ന ക്രിക്കറ്റ് മത്സരങ്ങളെ ആരാധകര്‍ കൈയൊഴിഞ്ഞപ്പോള്‍ നോയ്ഡയിലെ ബുദ്ധ് സര്‍ക്യൂട്ടില്‍ നടന്ന ഫോര്‍മുല വണ്‍ റേസ് കാണാന്‍ ഒരുലക്ഷത്തിലേറെ ആരാധകരെത്തി. ലോകചാമ്പ്യന്‍ സെബാസ്റ്റ്യന്‍ വെറ്റലിന്റെ കിരീടധാരണം 2011 ഒക്ടോബര്‍ 30-നായിരുന്നു. ഇന്ത്യന്‍ കായികരംഗത്തിന് പുതിയൊരു അനുഭവം സമ്മാനിച്ചാണ് ഫോര്‍മുല വണ്‍ ഇവിടം കീഴടക്കിയത്.

ഇംഗ്ലണ്ടിലേക്ക് ഇന്ത്യ ക്രിക്കറ്റ് പരമ്പരയ്ക്ക് പോകുമ്പോള്‍ മേലങ്കികള്‍ ഏറെയുണ്ടായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം റാങ്കുകാര്‍. ഏകദിനത്തിനെ നിലവിലെ ജേതാക്കള്‍. എന്നാല്‍, അവിടെ കാത്തിരുന്നത് മറക്കാനാകാത്ത ദുരന്തമായിരുന്നു. ഇതോടെ. ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാംസ്ഥാനം ഇന്ത്യയെ മറികടന്ന് ഇംഗ്ലണ്ട് സ്വന്തമാക്കി. ടെസ്റ്റ് പരമ്പരയിലെ നാല് മത്സരങ്ങളിലും വമ്പന്‍ തോല്‍വി. ഏകദിനപരമ്പരയും ഏക ട്വന്റി 20 മത്സരവും നഷ്ടപ്പെട്ട് സമ്പൂര്‍ണ തോല്‍വിയുമായാണ് ഇന്ത്യ നാട്ടിലേക്ക് വിമാനമേറിയത്. സമീപകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത തോല്‍വി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കിട്ടിയ കനത്ത ഷോക്കായി മാറി.

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് ഒളിമ്പ്യന്‍ സുരേഷ് ബാബുവിന്റെ വിയോഗം കായിക കേരളത്തിനും ഇന്ത്യന്‍ അത്‌ലറ്റിക്‌സിനൊന്നാകെയും വേദനാജനകമായി. മികച്ച പരിശീലകനും അതിലേറെ മികച്ച സംഘാടകനുമായിരുന്ന സുരേഷ്ബാബു ഫിബ്രവരി 19-നാണ് മരിച്ചത്. വിദേശശക്തികള്‍ക്കുമുന്നില്‍ നട്ടെല്ലുനിവര്‍ത്തിനില്‍ക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ പ്രാപ്തനാക്കിയ ടൈഗര്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി സപ്തംബര്‍ 22-ന് അന്തരിച്ചു. വിദേശമണ്ണില്‍ ഇന്ത്യയെ ആദ്യ ടെസ്റ്റ് ജയത്തിലേക്കുനയിച്ച ക്യാപ്റ്റനായിരുന്നു പട്ടൗഡി. അളന്നുമുറിച്ച നിരീക്ഷണങ്ങള്‍കൊണ്ട് ക്രിക്കറ്റ് ലോകത്ത് താരങ്ങളെപ്പോലെ ആരാധകരെ സമ്പാദിച്ച പംക്തീകാരനായിരുന്നു പീറ്റര്‍ റൂബക്ക്. പോലീസ് ചോദ്യം ചെയ്യുന്നതിനിടെ അപമാനഭയത്താല്‍ ഹോട്ടലിന്റെ ജനലിലൂടെ ചാടി അദ്ദേഹം ആത്മഹത്യ ചെയ്തത് നവംബര്‍ 12-ന്.