രൗദ്രതാളത്തില്‍ അമേരിക്കന്‍ സംഗീതം അലയടിക്കുന്ന ആംവേ സ്റ്റേഡിയത്തില്‍ പെട്ടെന്ന് 'ബല്ലേ ബല്ലേ...' പഞ്ചാബി ഗാനം മുഴങ്ങിയപ്പോള്‍ അദ്ഭുതമാണ് ആദ്യം തോന്നിയത്. 'വെല്‍ക്കം ടു ഷോ... കമോണ്‍ ബോളിവുഡ് ബോയ്സ്...' പഞ്ചാബിഗാനത്തിനൊപ്പം നൃത്തച്ചുവടുകളുമായി കടന്നുവന്ന യോദ്ധാക്കളെ അവതാരകന്‍ ആക്രോശ സ്വരത്തില്‍ പരിചയപ്പെടുത്തിയപ്പോള്‍ അദ്ഭുതം ഇരട്ടിച്ചു. 

റസില്‍മാനിയയുടെ ഇടിക്കൂട്ടിലേക്ക് ആവേശത്തിന്റെ പോരാട്ടവീര്യവുമായി അതാ രണ്ടു ഇന്ത്യക്കാര്‍...സഹോദരങ്ങളായ ഗുര്‍വ് സിഹ്റയും ഹാര്‍വ് സിഹ്റയും. ബോളിവുഡിന്റെ മേല്‍വിലാസത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ മത്സരത്തില്‍ അമേരിക്കന്‍ ജോഡികളായ ഹെവി മെഷീനറി ടീമിനോട് പരാജയപ്പെട്ടെങ്കിലും കാണികളുടെ നിറഞ്ഞ കൈയടികള്‍ ഏറ്റുവാങ്ങിയാണ് അവര്‍ അരങ്ങൊഴിഞ്ഞത്.

റസില്‍മാനിയയുടെ ആവേശത്തിലേക്ക് പതുക്കെപ്പതുക്കെ ഇന്ത്യയും കടന്നുവരികയാണെന്നതിന്റെ പ്രഖ്യാപനംതന്നെയായിരുന്നു ആ കാഴ്ച. ഓര്‍ലാന്‍ഡോയിലെ ആംവേ സെന്ററിലെ എന്‍.എക്സ്.ടി. പോരാട്ടത്തില്‍ അത്രമേല്‍ ആവേശകരമായ പ്രകടനമായിരുന്നു ഇന്ത്യന്‍താരങ്ങള്‍ പുറത്തെടുത്തത്.

റസില്‍മാനിയക്ക് മുന്നോടിയായുള്ള എന്‍.എക്സ്.ടി. മത്സരത്തിലാണ് ഇരുവരും ഇന്ത്യക്കായി കളത്തിലെത്തിയത്. പരിശീലന സെഷനില്‍ കണ്ടുമുട്ടുമ്പോള്‍ ഇന്ത്യയുടെ റസ്ലിങ് സാധ്യതകളെക്കുറിച്ചാണ് ഇരുവരും ഏറെ വാചാലരായത്. ബോളിവുഡില്‍ അനുപം ഖേറിന്റെ ശിഷ്യനായ ഹാര്‍വും അക്ഷയ് കുമാര്‍ അടക്കമുള്ള താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള ഗുര്‍വും രാജ്യത്തുനിന്ന് ഇനിയും ഒരുപാട് റസ്ലിങ് താരങ്ങള്‍ ഉയര്‍ന്നുവരുമെന്ന പക്ഷക്കാരാണ്.

റസില്‍മാനിയയുടെ ആവേശം അതിവേഗം പടര്‍ത്താന്‍ കഴിയുന്ന രാജ്യം... ഇന്ത്യയെക്കുറിച്ച് ഡബ്ല്യു.ഡബ്ല്യു.ഇ. വിലയിരുത്തല്‍ ശരിവെക്കുന്ന കാഴ്ചകളാണ് ഓര്‍ലാന്‍ഡോയിലെ റസില്‍മാനിയ വേദികളിലെല്ലാം കണ്ടത്.

ശനിയാഴ്ച പെര്‍ഫോമന്‍സ് സെന്ററിലെ പരിശീലനം കണ്ടുനില്‍ക്കുമ്പോഴും തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യന്‍ താരങ്ങള്‍ കോച്ചിന്റെ പ്രശംസനേടുന്നത് പലതവണ കണ്ടിരുന്നു. ജപ്പാന്‍, ഓസ്ട്രേലിയ, ചൈന, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ക്കൊപ്പം റസലിങ് രംഗത്ത് ഇന്ത്യക്ക് അതിവേഗം പുരോഗതി നേടാനാകുമെന്നാണ് പെര്‍ഫോമന്‍സ് സെന്ററില്‍ കണ്ടുമുട്ടിയ വിദേശ കോച്ചുമാരെല്ലാം പറഞ്ഞത്.

'ദ ഗ്രേറ്റ് കാലി' എന്നറിയപ്പെടുന്ന ദലീപ് സിങ് റാണ എന്ന സൂപ്പര്‍ റസ്ലിങ് താരത്തിന് പിന്നാലെയാണ് കൂടുതല്‍ ഇന്ത്യക്കാര്‍ ഈ രംഗത്തേക്കു വന്നത്. ഹിമാചല്‍പ്രദേശില ധിരാന എന്ന സ്ഥലത്ത് ജനിച്ച കാലി ഇപ്പോള്‍ അമേരിക്കയിലെ ടെക്സാസിലെ ഹൂസ്റ്റണിലാണ് താമസിക്കുന്നത്.

ഏഴടി പൊക്കവും നൂറിലേറെ കിലോ ഭാരവുമുള്ള കാലി നടനെന്ന വേഷത്തിലും ഭാരോദ്വഹകന്റെ കുപ്പായത്തിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ലോകത്തെ മികച്ച ഏഴാം ഉയരക്കാരനായ റസ്ലര്‍ എന്ന ബഹുമതിയുള്ള കാലി ഡബ്ല്യു.ഡബ്ല്യു.ഇ.യുടെ ലോക ഹെവിവെയ്റ്റ് കിരീടവും നേടിയിട്ടുണ്ട്.