ലണ്ടന്‍:  വേള്‍ഡ് ഹോക്കി ലീഗ് സെമിഫൈനലില്‍ ഇന്ത്യക്ക് തോല്‍വി. ക്വാര്‍ട്ടര്‍ ഫൈനലില്‍ മേലഷ്യയോട് രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ഇന്ത്യ പരാജയപ്പെട്ടത്. വിജയത്തോടെ മലേഷ്യ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഹോക്കി ലോകകപ്പിന് യോഗ്യത നേടി.

മത്സരത്തില്‍ ഏഴു പെനാല്‍റ്റി കോര്‍ണറുകളാണ് ഇന്ത്യ വഴങ്ങിയത്. ഇതില്‍ മൂന്നെണ്ണം ലക്ഷ്യത്തിലെത്തിച്ച് മലേഷ്യ ഇന്ത്യയുടെ മോശം പ്രതിരോധത്തിന് മറുപടി നല്‍കുകയായിരുന്നു. റാസീ റഹീംേ 19-ാം മിനിറ്റിലും 48-ാം മിനിറ്റിലും മലേഷ്യക്കായി ലക്ഷ്യം കണ്ടു. ടെന്‍ഗു താജുദ്ദീനാണ് മറ്റൊരു ഗോള്‍സ്‌കോറര്‍. ഇരട്ടഗോളുമായി ഇന്ത്യയുടെ പരാജയഭാരം കുറച്ചത് രമണ്‍ദീപ് സിങ്ങാണ്. 24-ാം മിനിറ്റിലും 26-ാം മിനിറ്റിലും രമണ്‍ദീപ് ലക്ഷ്യം കണ്ടു.

രണ്ടു മാസത്തിനുള്ളില്‍ മലേഷ്യക്കെതിരെ ഇന്ത്യയുടെ രണ്ടാം തോല്‍വിയാണിത്. കഴിഞ്ഞ മാസം നടന്ന അസ്ലന്‍ഷാ കപ്പില്‍ ഇന്ത്യ 1-0ത്തിന് മലേഷ്യയോട് തോറ്റിരുന്നു.  സെമിഫൈനലില്‍ ഒളിമ്പിക് ചാമ്പ്യന്‍മാരും ലോക ഒന്നാം നമ്പര്‍ ടീമുമായ അര്‍ജന്റീനയാണ് മലേഷ്യയുടെ എതിരാളി.