പി.വി.സിന്ധുവും സാക്ഷി മാലിക്കും ലിയാന്‍ഡര്‍ പേസും സുശീല്‍ കുമാറും യോഗേശ്വര്‍ ദത്തുമൊക്കെ ഇപ്പോഴുള്ള കായിക പ്രേമികള്‍ക്ക് അടുത്തറിയാവുന്നവരാണ്. ഒളിമ്പിക്സില്‍  മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയവര്‍. എന്നാല്‍  ഖശാബ ദാദാസാഹിബ് യാദവിനെ അറിയാവുന്നവര്‍ ചുരുക്കമായിരിക്കും.

1952ലെ ഹെല്‍സിങ്കി ഒളിമ്പിക്സില്‍ ഗുസ്തിയില്‍ ഇന്ത്യക്ക് വെങ്കലം സമ്മാനിച്ച താരമാണ് യാദവ്. സിന്ധുവിനെയും യാദവിനെയും പോലെ പുതുതലമുറയിലെയും പോയ തലമുറയിലെയും ഒളിമ്പിക് ജേതാക്കള്‍ക്കുള്ള ആദരവാണ് വെള്ളയമ്പലത്തെ ജിമ്മി ജോര്‍ജ് സ്പോര്‍ട്സ് ഹബില്‍ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യപ്പെട്ട ഗാലറി.

ഒളിമ്പിക്സില്‍ മെഡല്‍ നേടിയ 14 ഇന്ത്യന്‍ താരങ്ങളുടെയും ചിത്രങ്ങളും അവരുടെ നേട്ടങ്ങളും ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം 1900ലെ പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യക്കുവേണ്ടി ഇരട്ട വെള്ളി മെഡല്‍ നേടിയ  ബ്രിട്ടീഷുകാരന്‍ നോര്‍മന്‍ പ്രിച്ചാര്‍ഡിന്റെ ചിത്രവും ഗാലറിയിലുണ്ട്. 

ഹോക്കിയിലാണ് ഒളിമ്പിക്സില്‍ ഇന്ത്യ ഏറ്റവുമധികം നേട്ടമുണ്ടാക്കിയിട്ടുള്ളത്. എട്ട് സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവുമടക്കം 11 മെഡലുകള്‍. ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ ഹോക്കി ടീമുകളുടെ ചിത്രങ്ങളും ഗാലറിയില്‍ പുതുതലമുറയിലെ താരങ്ങള്‍ക്ക് പ്രചോദനമായുണ്ട്.

ഒളിമ്പിക്സില്‍ ഇന്ത്യക്കുവേണ്ടി ആദ്യത്തെ വ്യക്തിഗത വെള്ളിയും സ്വര്‍ണവും നേടിയത് ഷൂട്ടര്‍മാരാണ്. 2004ലെ ആതന്‍സ് ഒളിമ്പിക്സില്‍ രാജ്യവര്‍ധന്‍സിങ് റാത്തോഡാണ് ആദ്യ വ്യക്തിഗത വെള്ളിമെഡല്‍ നേടിത്തന്നത്. നാലുവര്‍ഷങ്ങള്‍ക്കുശേഷം ബെയ്ജിങ് ഒളിമ്പിക്സില്‍ അഭിന ബിന്ദ്ര ഒളിമ്പിക്സിലെ  വ്യക്തിഗത സ്വര്‍ണം ഇന്ത്യക്ക് സമ്മാനിച്ചു. ഇവരുടെ  ചിത്രങ്ങള്‍  ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമായി ഗാലറിയിലുണ്ട്. നാലു ഷൂട്ടര്‍മാരാണ് ഇന്ത്യക്ക് ഒളിമ്പിക്സ് മെഡല്‍ നേടിത്തന്നവരുടെ പട്ടികയിലുള്ളത്.

ഒളിമ്പിക്സില്‍ ഇരട്ട വ്യക്തിഗത മെഡല്‍ ഏക ഇന്ത്യക്കാരനെന്ന ബഹുമതി ഗുസ്തി താരം യോഗേശ്വര്‍ ദത്തിനാണ്. 2008ലെ ബെയ്ജിങ് ഒളിമ്പിക്സില്‍ വെങ്കലവും 2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ വെള്ളിയും സുശീല്‍ നേടി.
കര്‍ണം മല്ലേശ്വരിയിലൂടെയാണ് ഒളിമ്പിക്സ് മെഡല്‍ പട്ടികയില്‍ ഇന്ത്യന്‍ വനിതകളുടെ ചരിത്രം തുടങ്ങുന്നത്. 2000 ലെ സിഡ്നി ഒളിമ്പിക്സിലാണ് മല്ലേശ്വരി ഭാരോദ്വഹനത്തില്‍ വെങ്കലം നേടിയത്. വീണ്ടുമൊരു ഒളിമ്പിക്സ് മെഡലിനായി ഇന്ത്യന്‍ വനിതകള്‍ക്ക് 12 വര്‍ഷം വേണ്ടി വന്നു. 

2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ സൈന നേവാള്‍ ബാഡ്മിന്റണിലും മേരി കോം ബോക്സിങിലും വെങ്കല മെഡലുകള്‍ നേടി വനിതകളുടെ അഭിമാനമായി. 2016ലെ റിയോ ഒളിമ്പിക്സില്‍ ഇന്ത്യ തലയുയര്‍ത്തി നിന്നത് പെണ്‍കുട്ടികളുടെ കരുത്തിലാണ്. ഗുസ്തിയില്‍ സാക്ഷി മാലിക് വെങ്കല മെഡലിലൂടെ ഇന്ത്യയുടെ അഭിമാനമുയര്‍ത്തി. തുടര്‍ന്ന പി.വി.സിന്ധു ബാഡ്മിന്റണില്‍ വെള്ളി മെഡലുമായി കരുത്തുകാട്ടി. ഇവരുടെ വിജയ നിമിഷങ്ങളും ജിമ്മി ജോര്‍ജ് സ്പോര്‍ട്സ് ഹബിലെ ഗാലറിയല്‍ കാണാം.

എംപയര്‍ ഗ്രൂപ്പാണ്  സപോര്‍ട്സ് ഹബ്ബിലെ ഗാലറി ഒരുക്കിയിരിക്കുന്നത്. മുന്‍സംസ്ഥാന ബോള്‍ ബാഡ്മിന്‍ണ്‍ താരമായിരുന്ന ബിസ്മി കൃഷ്ണയാണ് സ്ഥാപനത്തിന്റെ ഡയറക്ടര്‍. മൂന്നു മാസമെടുത്താണ് ഗാലറി ഒരുക്കിയതെന്ന് ബിസ്മി പറഞ്ഞു. സ്പോര്‍ട്സ് ഹബില്‍ ജിമ്മി ജോര്‍ജിന്റെ ഗാലറി ഒരുക്കിയതും ബിസ്മിയും സംഘവുമാണ്. കേരള സര്‍ക്കാരിന്റെ കായിക യുവജനകാര്യവകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഗാലറി ഒരുക്കിയിരിക്കുന്നത്.