തൃശ്ശൂര്‍: പന്ത്രണ്ടുകാരന്‍ നിഹാല്‍ സരിന്‍ ഇനി കേരളത്തില്‍നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍. മോസ്‌കോയില്‍ നടന്ന ഏറോ ഫ്ളോട്ട് ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റില്‍ ഗ്രാന്റ് മാസ്റ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ലോകതാരങ്ങളെ അട്ടിമറിച്ചാണ് നിഹാല്‍ വിജയം നേടിയത്.

ഇതോടെ ഇന്റര്‍നാഷണല്‍ പദവിക്കുള്ള മൂന്ന് നോമും പൂര്‍ത്തീകരിച്ച് 2400 എലോ റേറ്റിങ്ങും മറികടന്ന് നിഹാല്‍ നേട്ടം കൈയിലൊതുക്കി. ലോകത്തില്‍ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവി നേടിയ പ്രായംകുറഞ്ഞവരില്‍ മൂന്നാമനും ഇന്ത്യയിലെ രണ്ടാമനുമാണ് നിഹാല്‍. 

ഫ്രാന്‍സിലെ കാപ്പല്‍ ല ഗ്രാന്റ് ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റില്‍ നിന്നാണ് നിഹാല്‍ ഐ.എം. പദവിക്കുള്ള ആദ്യ നോം നേടിയത്. തുടര്‍ന്ന് സ്പെയിനിലെ സണ്‍വേ സിറ്റ്ജഡില്‍ നടന്ന ടൂര്‍ണമെന്റില്‍ നിന്ന് രണ്ടാമത്തെ നോമും കരസ്ഥമാക്കി.

തൃശ്ശൂര്‍ ദേവമാതാ സി.എം.ഐ. പബ്ലിക് സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ് നിഹാല്‍. മുത്തച്ഛന്‍ എ.എ. ഉമ്മറാണ് നിഹാലിലെ ചെസ് പ്രതിഭയെ ആദ്യമായി കണ്ടെത്തിയത്. മാത്യു പി. ജോസഫ് പോട്ടോര്‍ ആയിരുന്നു നിഹാലിന്റെ ആദ്യ പരിശീലകന്‍. 

ഇ.പി. നിര്‍മല്‍, ഡിമിത്രി കോമറോവ് (ഉക്രെയിന്‍) എന്നിവരുടെ കീഴിലാണ് ഇപ്പോള്‍ പരിശീലനം. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ  ഡോക്ടര്‍ സരിന്‍, മാനസികരോഗവിഭാഗം ഡോക്ടര്‍ ഷിജിന്‍ ദമ്പതിമാരുടെ മകനാണ് നിഹാല്‍.