Judo

അശ്വതി കോച്ച് മരിയ ലീയ്‌ക്കൊപ്പം.  

തേഞ്ഞിപ്പലം: സീനിയര്‍ ഏഷ്യന്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പിലേക്ക് ആദ്യമായി ഒരു മലയാളിപ്പെണ്‍കൊടി. കേരളത്തിന്റെ അന്തര്‍ദേശീയ താരവും തൃശ്ശൂര്‍ വിമല കോളേജ് വിദ്യാര്‍ഥിനിയുമായ പി.ആര്‍. അശ്വതിക്കാണ് ഈ നേട്ടം. ദേശീയടീമിലേക്ക് പുരുഷ-വനിതാ വിഭാഗങ്ങളിലായി 27 പേരെ വീതം തിരഞ്ഞെടുത്തതില്‍ കേരളത്തില്‍ നിന്ന് അശ്വതി മാത്രമേയുള്ളൂ. ഒരു മാസത്തെ ക്യാമ്പ് മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ 24ന് തുടങ്ങും. ഹോങ്കോങില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 48 കിലോഗ്രാം വിഭാഗത്തിലാകും അശ്വതി മത്സരിക്കുക. 

12 വര്‍ഷത്തിലേറെയായി ജൂഡോ പരിശീലിക്കുന്ന അശ്വതി സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ചാമ്പ്യന്‍ഷിപ്പുകളിലെ മെഡല്‍ ജേതാവാണ്. കഴിഞ്ഞ വര്‍ഷം ചണ്ഡിഗഡില്‍ നടന്ന അഖിലേന്ത്യാ അന്തസ്സര്‍വകലാശാലാ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ ജേതാവാണ് അശ്വതി. 2015ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ വെങ്കലം നേടിയിരുന്നു. 2009 ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ലെബനണിലും 2012ല്‍ ചൈനയിലും മത്സരിച്ചിട്ടുണ്ട്. 

തിരുവനന്തപുരം വെള്ളായനി അയ്യങ്കാളി സ്‌കൂളില്‍ അഞ്ചാംക്ലാസില്‍ പഠിക്കുമ്പോഴാണ് അശ്വതി ജൂഡോ പരിശീലനം തുടങ്ങിയത്. അന്ന് പരിശീലകയായുണ്ടായിരുന്ന മരിയ ലീ തന്നെയാണ് ഇന്നും അടവുകള്‍ പഠിപ്പിച്ച് കൂടെയുള്ളത്. പഞ്ചാബ് സ്വദേശിനിയായ മരിയ ലീ നിലവില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകയാണ്. മരിയ്‌ക്കൊപ്പം താമസിച്ചാണ് അശ്വതി പഠിക്കുന്നത്. ഇതിനകം സംസ്ഥാന ദേശീയ മീറ്റുകളിലായി മുപ്പതോളം മെഡലുകള്‍ നേടിയിട്ടുണ്ട്. ഇടുക്കി കഞ്ഞിക്കുഴി അല്ലുപുറത്ത് രമണന്‍-സില്‍വി ദമ്പതികളുടെ മകളാണ്.