ന്യൂഡല്‍ഹി: പി.യു ചിത്രയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുമ്പോള്‍ അന്തിമ പട്ടികയില്‍ ഇല്ലാതിരുന്ന സുധാ സിങ്ങ്‌ ലോക അത്‌ലറ്റിക് മീറ്റില്‍ മത്സരിക്കും. ചിത്രയ്ക്കൊപ്പം പട്ടികയില്‍ നിന്നും തഴയപ്പെട്ട സുധാ സിങ്ങിനെ ലോക അത്‌ലറ്റിക് ഫെഡറേഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മീറ്റില്‍ പങ്കെടുപ്പിക്കാന്‍ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ തീരുമാനിക്കുകയായിരുന്നു. 

സുധാ സിങ്ങിന്റെ പേര് ഉള്‍പ്പെടുത്തി രണ്ടാമതൊരു എന്‍ട്രി കൂടി ദേശീയ അത്ലറ്റിക് ഫെഡറേഷന്‍ സമര്‍പ്പിച്ചു. ചിത്രയെ ബോധപൂര്‍വം ഒഴിവാക്കി എന്ന ആരോപണം നിലനില്‍ക്കെയാണ് ഈ പട്ടിക പുറത്തുവന്നത്.

എന്‍ട്രികള്‍ അയക്കാനുള്ള അവസാന ദിവസം ഈ മാസം 24 ആയിരുന്നുവെന്നും വൈകി എത്തുന്ന എന്‍ട്രികള്‍ സ്വീകരിക്കില്ലെന്നുമുള്ള വാദം ഉന്നയിച്ചാണ് ദേശീയ ഫെഡറേഷന്‍ ചിത്രയെ ഉള്‍പ്പെടുത്താതിരുന്നതിനെ തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളെ പ്രതിരോധിച്ചത്.

ഇതോടെ ചിത്രയെ മനപ്പൂര്‍വ്വം തഴഞ്ഞതാണെന്ന കേരള അത്ലറ്റിക് ഫെഡറേഷന്റെ വാദങ്ങള്‍ക്ക് ശക്തിയേറുകയാണ്. ഒഴിവാക്കിയതിനെതിരെ ചിത്ര നല്‍കിയ പരാതി പരിഗണിച്ച ഹൈക്കോടതി ചിത്രയെ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു.

ഹൈക്കോടതി നിര്‍ദ്ദേശത്തിനോട് ഫെഡറേഷന്‍ മുഖം തിരിച്ചതും, അവസാന തിയതി കഴിഞ്ഞുപോയെന്ന വാദം തിരത്തിയാണ്. ഇതാണ് അന്തിമ പട്ടിക വീണ്ടും ഇന്നലെ പുറത്തുവന്നതോടെ പൊളിയുന്നത്. 

ലോക മീറ്റില്‍ പങ്കെടുക്കാന്‍ സുധാസിങ്ങിനുള്ള അതേ യോഗ്യതയാണ് ചിത്രയ്ക്കും ഉള്ളത്. ഇരുവരും ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണ ജേതാക്കളാണ്.