റേസിങ് ട്രാക്കില്‍ ശരവേഗത്തില്‍ കാറുമായി ചീറിപ്പാഞ്ഞിരുന്ന അശ്വിന്‍ സുന്ദറിന് ജീവിതത്തില്‍ ഒരു നിമിഷം ട്രാക്ക് തെറ്റിയപ്പോള്‍ അതിന് വിലയായി നല്‍കേണ്ടി വന്നത് സ്വന്തം ജീവനും ഭാര്യ നിവേദിതയുടെ ജീവനുമായിരുന്നു.

ഫാസ്റ്റ് ആന്റ് ഫ്യൂരിയസിലെ പോള്‍ വാക്കറുടെ മരണത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു മറീന ബീച്ചിനടുത്ത പട്ടണപ്പാക്കത്ത് അശ്വിന്‍ സുന്ദറിന്റെ 27 വര്‍ഷത്തെ ജീവിതം അവസാനിച്ചത്‌. ട്രാക്കിലെ വേഗത റോഡിലും ആവര്‍ത്തിച്ചതിന്റെ മറ്റൊരു ഇര കൂടി.

പുലര്‍ച്ചെ രണ്ട് മണിക്ക് റോഡിലൂടെ ചീറിപ്പാഞ്ഞു വന്ന ബി.എം.ഡബ്ല്യു കാര്‍ മരത്തിലിടിച്ച് കത്തിയമര്‍ന്നതോടെ റേസിങ്ങില്‍ ദേശീയ ചാമ്പ്യനായ അശ്വിന്റെ സ്വപ്‌നങ്ങള്‍ കൂടിയാണ് ചാരമായത്. ഹൈദരാബാദ് എക്‌സ്പ്രസ്സ് ഹൈവേയില്‍ 1000 സി.സി സുസുക്കി ബൈക്കില്‍ വേഗം കൊണ്ട് കളിച്ച് ജീവന്‍ കളഞ്ഞ മുന്‍ ക്രിക്കറ്റ് താരം അസ്ഹറുദ്ദീന്റെ മകന്‍ അയാസുദ്ദീന്റെ മരണവുമായി കൂട്ടിവായിക്കാവുന്നതാണ് അശ്വിന് സംഭവിച്ച അപകടവും. 

പതിനാലാമത്തെ വയസ്സില്‍ പഠനം പാതിവഴിക്ക് ഉപേക്ഷിച്ചാണ് അശ്വിന്‍ റേസിങ് ട്രാക്കിലെത്തിയത്. സ്‌കൂള്‍ നിര്‍ത്തി കറസ്‌പോണ്ടന്‍സ് കോഴിസിന് ചേര്‍ന്ന അശ്വിന്‍ റോഡിലൂടെ ഓവര്‍സ്പീഡില്‍ വണ്ടിയോടിച്ച് അച്ഛന് എപ്പോഴും തലവേദനയുണ്ടാക്കുന്ന ഒരു മകനായിരുന്നു. അന്ന് അശ്വിന്റെയുള്ളില്‍ ഒരു റേസിങ് സ്റ്റാറാകാനുള്ള തീപ്പൊരിയുണ്ടെന്ന് മനസ്സിലാക്കിയ അച്ഛന്‍ അവനെ ട്രാക്കിലേക്ക് വഴി തിരിച്ചു വിടുകയായിരുന്നു. അത് വെറുതെയായില്ല.

ashwin sundar

2003ലും 2004ലും എം.ആര്‍.എഫ് ഫോര്‍മുല മോണ്ടിയല്‍ ദേശീയ ചാമ്പ്യനായ അശ്വിന്‍ 2008ല്‍ ജര്‍മന്‍ റെയ്‌സിങ് ടീമായ മാ കോന്‍ മോട്ടോര്‍ സ്‌പോര്‍ടുമായി കരാറൊപ്പിട്ടു. അങ്ങനെ ജര്‍മന്‍ ഫോര്‍മുല ഫോക്‌സ്‌വാഗണ്‍ എ.ഡി.എ.സി ചാമ്പ്യന്‍ഷിപ്പില്‍ കാറോടിക്കുകയും ചെയ്തു. 2012ലും 2013ലും അശ്വിന്‍ ദേശീയ ദേശീയ ചാമ്പ്യനായി. 

മുമ്പ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അശ്വിന്‍ തനിക്ക് വേഗതയോട് എത്രത്തോളം ഇഷ്ടമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.''കാറിനേക്കാൾ എനിക്ക് ഓടിക്കാന്‍ ഇഷ്ടം ബൈക്കുകളാണ്. യഥാര്‍ഥ വേഗം  അനുഭവിക്കണമെങ്കില്‍ ടു  വീലർ  ഓടിക്കണം. പക്ഷേ അത് വളരെ അപകടം പിടിച്ചതാണ്'. ജീവിതത്തില്‍ ഇത്രത്തോളം മുന്‍കരുതലെടുത്തിട്ടും വേഗതയുടെ മോഹവലയത്തില്‍ കുരുങ്ങാന്‍ തന്നെയായിരുന്നു അശ്വിന്റെ വിധി.