മോണ്‍റിയാല്‍: ഫോര്‍മുല വണ്‍ കനേഡിയന്‍ ഗ്രാന്‍പ്രീയില്‍ മുന്‍ ലോകചാമ്പ്യന്‍ ലൂയി ഹാമില്‍ട്ടണിന് ജയം. മെഴ്‌സിഡസിന്റെ വാള്‍ട്ടേരി ബോത്താസ്, റെഡ് ബുള്ളിന്റെ ഡാനിയേല്‍ റിക്കിയാര്‍ഡോ എന്നിവരെ പിന്തള്ളിയാണ് മേഴ്സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ ഹാമില്‍ട്ടണ്‍ ഒന്നാമതെത്തിയത്. ലോകകിരീടത്തിനുള്ള പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ആറാം തവണയാണ് ഹാമില്‍ട്ടന്‍ കനേഡിയന്‍ ഗ്രാന്‍പ്രീ ജയിക്കുന്നത്. എന്നാല്‍, ലോകകിരീടത്തിനുള്ള പോരാട്ടത്തില്‍ വെറ്റല്‍ ഇപ്പോഴും മുന്നിലാണ്. ഏഴ് ഗ്രാന്‍പ്രീകള്‍ കഴിഞ്ഞപ്പോള്‍ വെറ്റലിന് 141 പോയന്റും ഹാമില്‍ട്ടണിന് 129 പോയന്റുമാണുള്ളത്. ഇരുവരും മൂന്നുവീതം ഗ്രാന്‍പ്രീകള്‍ ജയിച്ചു. ബോത്താസിന് ഒരു ഗ്രാന്‍പ്രീ കിരീടമുണ്ട്.