ഫോര്‍മുല വണ്‍ മത്സരങ്ങള്‍ക്ക് ആവേശമേറുകയാണ്. ഏഴു ട്രാക്കുകളില്‍ ഇരമ്പം അവസാനിച്ചപ്പോള്‍ സെബാസ്റ്റ്യന്‍ വെറ്റലിന് പോയന്റില്‍ ചെറിയ വ്യത്യാസം മാത്രമെയുള്ളു. വെറും പന്ത്രണ്ട് പോയന്റിന്റെ വിത്യാസം മാത്രമെ ഇവര്‍ തമ്മിലുള്ളു. ഈ സീസണ്‍ തുടക്കം മുതല്‍ വെറ്റലിന് അനുകൂലമായിരുന്നു. ഈയടുത്ത കാലത്ത് ഫെരാരിയുടെ ഏറ്റവും മികച്ച എഞ്ചിനുമായാണ് വെറ്റല്‍ ട്രാക്കിലിറങ്ങിയത്. 

സീസണിലെ ആദ്യ മത്‌സരമായ ഓസ്‌ട്രേലിയന്‍ ഗ്രാന്‍ഡ് പ്രിയില്‍ തന്നെ വെറ്റലിന്റെ പടയോട്ടം വ്യക്തമായിരുന്നു. വ്യക്തമായ ലീഡുമായാണ് വെറ്റല്‍ ഒന്നാം സ്ഥാനത്തെത്തിയത്. പോള്‍ പൊസിഷന്‍ ലഭിക്കാതിരുന്നിട്ടു കൂടി കൃത്യമായ പിറ്റ് സ്‌റ്റോപ്പുകളും ടയര്‍ ചേഞ്ചിങ്ങുമൊക്കെയായി അളന്നുമുറിച്ച വിജയമായിരുന്നു വെറ്റലിന്റേത്. അതേസമയം, ഹാമില്‍ട്ടന് തൊട്ടതെല്ലാം പാളിച്ചയുമായി. എഞ്ചിന്‍ പ്രശ്‌നം ഹാമില്‍ട്ടനെ അലട്ടി. എന്നിട്ടും രണ്ടാം സ്ഥാനത്തെത്തി. ചൈനയില്‍ എന്നാല്‍ ഹാമില്‍ട്ടന്‍ ഒന്നാമതെത്തി. അതും വെറ്റലിന്റെ പിഴവു കൊണ്ട്. നനഞ്ഞ ട്രാക്കിലുണ്ടായ അപകടപരമ്പരകളായിരുന്നു മത്‌സരത്തെ ആകെ തളര്‍ത്തിയത്.  മികച്ച തുടക്കത്തിലൂടെ ഹാമില്‍ട്ടന്‍ ഒന്നാമതെത്തി അവസാന ലാപ്പുകളില്‍ കുതിച്ച വെറ്റല്‍ രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെട്ടു. 

ബഹ്‌റൈനില്‍ വെറ്റലിന്റെ വിജയം നിശ്ചയിച്ചത് രണ്ടു മികച്ച നീക്കത്തിലൂടെയായിരുന്നു. നേരത്തെയുള്ള പിറ്റ്‌സ്‌റ്റോപ്പും ഫെരാരിയുടെ മിടുക്കും. എന്നാല്‍, വില്ല്യംസിന്റെ ലാന്‍സ് സ്േട്രാളും ടൊറൊറോസയുടെ കാര്‍ലോസ് സെന്‍സും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് സേഫ്റ്റികാര്‍ ട്രാക്കില്‍ വന്നു. ആ സമയത്ത് പിറ്റ്‌സ്‌റ്റോപ്പിലേക്ക് വൈകിയോടിച്ചതിനെ തുടര്‍ന്ന് ഹാമില്‍ട്ടന് പിഴയും കിട്ടി. അവസാന പ്രാക്ടീസ് സെഷനില്‍ മികച്ച ഫോമിലായിരുന്ന ഹാമില്‍ട്ടന്‍  സഹഡ്രൈവര്‍ ബോത്തക്ക് വേണ്ടി വേഗതകുറച്ചു. തുടര്‍ന്ന് ബോത്ത തന്റെ കരിയറില്‍ ആദ്യമായി പോള്‍ പൊസിഷനിലെത്തി. ഇരുവരും തമ്മിലുള്ളത് മികച്ച കൂട്ടുകെട്ടായിരുന്നുവെങ്കിലും ചെറിയ ചെറിയ തെറ്റുകളായിരുന്നു അവരുടെ കയ്യില്‍ നിന്നും ചാമ്പ്യന്‍ഷിപ്പ് വഴുതിപോകാന്‍ കാരണം.

 റഷ്യയിലും സംഭവിച്ചത് വെറ്റലിന്റെ പിഴവായിരുന്നു. പോള്‍ പൊസിഷന്‍ ലഭിച്ചിട്ടും തുടക്കത്തില്‍ തന്നെ മെഴ്‌സിഡസിന്റെ വള്‍ട്ടേരി ബോത്ത വെറ്റലിനെ പിന്നിലാക്കുകയായിരുന്നു. തുടക്കം തന്നെ തണുത്തമട്ടില്‍ നീങ്ങിയ വെറ്റലിന് കിട്ടിയ പിഴയായിരുന്നു അത്. ലീഡ് അതേപടി തുടര്‍ന്ന് ബോത്തയെ അവസാന ലാപ്പുകളില്‍  വെറ്റല്‍ പിടിക്കാന്‍ ശ്രമിച്ചെങ്കിലും വൈകിപ്പോയിരുന്നു. എന്നാല്‍, സ്പാനിഷ് ലീഗിലും വെറ്റലിന് തിരിച്ചടി നേരിട്ടു. പോള്‍ പൊസിഷനില്‍ തുടങ്ങിയ ഹാമില്‍ട്ടന്‍ വിജയം വരെ കൃത്യമായ ലീഡ് നിലനിറുത്തി. വെറ്റല്‍ അവസാന രണ്ടു ലാപ്പുകളില്‍ കുതിച്ചെങ്കിലും കാര്യമായി ഒന്നും തടഞ്ഞില്ലെന്ന് മാത്രം. വെറ്റല്‍ ഇവിടെയും രണ്ടാം സ്ഥാനത്ത് ഒടുങ്ങി. കനേഡിയന്‍ ഗ്രാന്‍ഡ് പ്രിയില്‍ പക്‌ഷെ, സെബാസ്റ്റിയന്‍ വെറ്റലിന്റെ പൊടിപോലും കണ്ടെത്താനായില്ല. 

പത്താം ലാപ്പില്‍ തന്നെ അദ്ദേഹം പുറത്തായി. ഇവിടെ ലൂയിസ് ഹാമില്‍ട്ടന്‍ അപരാജിതനായി തുടര്‍ന്നു.കാനഡയിലെ ട്രാക്ക് ഹാമില്‍ട്ടനെ തുണച്ചിട്ടേയുള്ളു എന്ന ചരിത്രവുമായാണ് അദ്ദേഹം എത്തിയത്.  ആ ചരിത്രം ഈ വര്‍ഷവും തുടര്‍ന്നു എന്നുമാത്രം.  തുടര്‍ച്ചയായ രണ്ടുു വിജയങ്ങളുമായാണ് ഹാമില്‍ട്ടന്‍ വെറ്റലിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. കനേഡിയന്‍ ഗ്രാന്‍ഡ് പ്രി കഴിഞ്ഞതോടെ ഇരുവരും തമ്മിലുള്ള പോയന്റ് വിത്യാസം വെറും പന്ത്രണ്ടായി കുറഞ്ഞു.