മെല്‍ബണ്‍: ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ അട്ടിമറിയോടെ തുടക്കം. സീസണിലെ ആദ്യമത്സരമായ ഓസ്ട്രേലിയന്‍ ഗ്രാന്‍പ്രീയില്‍ മുന്‍ ലോകചാമ്പ്യന്‍ ലൂയി ഹാമില്‍ട്ടണിനെ പിന്തള്ളി ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ കിരീടം നേടി. മേഴ്സിഡസിന്റെ ഇംഗ്ലീഷ് ഡ്രൈവര്‍ ഹാമില്‍ട്ടന്‍ രണ്ടാമതും മേഴ്സിഡസിന്റെ തന്നെ വാള്‍ട്ടേരി ബോത്താസ് മൂന്നാമതുമെത്തി.

മുന്‍ലോകചാമ്പ്യനായ ജര്‍മനിയുടെ വെറ്റല്‍ 18 മാസത്തിനുശേഷമാണ് ഗ്രാന്‍പ്രീയില്‍ ജയം നേടുന്നത്. 2015 സെപ്റ്റംബറില്‍ സിങ്കപ്പൂര്‍ ഗ്രാന്‍പ്രീയാണ് അവസാനമായി ജയിച്ചത്. കഴിഞ്ഞ സീസണില്‍ നിക്കോ റോസ്ബര്‍ഗിന്റെയും ഹാമില്‍ട്ടണിന്റെയും പോരിനിടയില്‍ പിന്തള്ളപ്പെട്ടുപോയ വെറ്റല്‍ സീസണിലെ ആദ്യ കിരീടം നേടിക്കൊണ്ട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. കരിയറിലെ 43-ാം കിരീടമാണ്. നാലു തവണ ലോകചാമ്പ്യനായിട്ടുണ്ട്. 2013-ലാണ് അവസാനമായി ലോകകിരീടം നേടിയത്.

പോള്‍പൊസിഷനില്‍ തുടങ്ങിയ ഹാമില്‍ട്ടണിന് കഴിഞ്ഞതവണ കിരീടംനേടിയ ഫോം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.