ബെംഗളൂരു: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ് ശനിയാഴ്ച്ച തുടങ്ങാനിരിക്കെ മുന്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലര്‍ക്ക് എല്ലാ തരത്തിലും ബെംഗളൂരുവില്‍ തയ്യാറായിക്കഴിഞ്ഞു. താന്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത് എന്നു തന്നെയാണ് ക്ലര്‍ക്കിന്റെ ആവേശത്തിന് പിന്നിലുള്ളത്. അന്ന് കളിക്കാരന്റെ റോളിലായിരുന്നെങ്കില്‍ ഇന്ന് കമന്റേറ്ററാണ് ക്ലര്‍ക്ക്. ബെംഗളൂരിലെത്തി തെരുവിലൂടെ ഓട്ടോറിക്ഷ ഓടിച്ച് താരമായ ക്ലര്‍ക്ക് ഷോപ്പിങ്ങിനായും സമയം ചെലവഴിച്ചു.

അന്ന് 2004ല്‍ കളിക്കുമ്പോള്‍ 23കാരനായിരുന്നു ക്ലര്‍ക്ക്. ബലെറ്റ് ഡാന്‍സറെപ്പോലെ ഫൂട്ട് വര്‍ക്ക് ചെയ്ത് കളിച്ചിരുന്ന ക്ലര്‍ക്കിന് പപ്പ് എന്ന പേരിലാണ് ടീമില്‍ അറിയപ്പെട്ടിരുന്നത്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി കുറിച്ച ക്ലര്‍ക്ക് ആ നേട്ടം കൈവരിക്കുന്ന ആദ്യ ഓസീസ് ബാറ്റ്‌സാമാനായി മാറി. ബെംഗളൂരു ടെസ്റ്റിന് മുന്നോടിയായി ക്ലര്‍ക്ക് തന്റെ അരങ്ങേറ്റം, ചിന്നസ്വാമിയിലെ പിച്ച്, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ഓസീസ് ടീം എന്നിവയെ കുറിച്ച് സംസാരിക്കുന്നു.

ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുമ്പോള്‍ എന്തു തോന്നുന്നു?

ബെംഗളൂരുവില്‍ തിരിച്ചെത്തിയത് എന്നെ സംബന്ധിച്ച് വളരെ പ്രത്യേകതയുള്ളതാണ്. മനസ്സില്‍ എന്നും സൂക്ഷിക്കാവുന്ന ഓര്‍മകള്‍ സമ്മാനിച്ച നഗരമാണ് ബെംഗളൂരു. ഗ്രൗണ്ടില്‍ പോകുന്നത് അതിലും സന്തോഷമുള്ള കാര്യമാണ്. പിച്ചിലേക്ക് നടന്നടുക്കുമ്പോള്‍ ഞാന്‍ എവിടെയാണോ തുടങ്ങിയത് അവിടെത്തന്നെ തിരിച്ചെത്തിയ അനുഭവമാണ്

വിരാട് കോലിയും അദ്ദേഹത്തിന്റെ നായകത്വവും?

കോലി ഒരു സൂപ്പര്‍സ്റ്റാറാണ്. കോലി ശരിക്കും സച്ചിനെയാണ് ഓര്‍മപ്പെടുത്തുന്നത്. അങ്ങനെ സച്ചിനെ ഓര്‍മപ്പെടുത്തുന്ന കളിക്കാര്‍ വളരെ കുറവാണ്. അദ്ദേഹത്തിന്റെ ലീഡര്‍ഷിപ്പ് സ്റ്റൈല്‍ എനിക്ക് വളരെ ഇഷ്ടമാണ്. അക്രമണോത്സുകത രക്തത്തിലുള്ള, റണ്‍സ് സ്‌കോര്‍ ചെയ്ത്, വിക്കറ്റ് വീഴ്ത്തി എപ്പോഴും വിജയിക്കണമെന്ന് മാത്രം ആഗ്രഹിക്കുന്ന ക്യാപ്റ്റന്‍. പുണെ ടെസ്റ്റിന് ശേഷം കോലി സംസാരിച്ച രീതി എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

ക്യാപ്റ്റനെന്ന നിലയില്‍ താനും ചോദ്യം ചെയ്യപ്പെടേണ്ടവനാണെന്ന് അദ്ദേഹം സമ്മതിച്ചു. മികച്ച വ്യക്തിയോടൊപ്പം ഒരിക്കലും വഴങ്ങാത്ത ക്രിക്കറ്റ് താരവുമാണ് വിരാട്. അദ്ദേഹത്തിനെതിരെ കളിക്കുന്നത് ഞാന്‍ നന്നായി അസ്വദിക്കുമെന്ന് ഉറപ്പാണ്. കാരണം കോലിയുടെ ഉള്ളില്‍ ഒരു ഓസ്‌ട്രേലിയന്‍ കളിക്കാരനുണ്ട്.

ഗ്രൗണ്ടിലെ പോരാട്ടവും പിടിവാശിയും അതിന്റെ തെളിവാണ്. ഒാസ്‌ട്രേലിയന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ ഞാനും അങ്ങനെയായിരുന്നു.ടീമിനെ നയിക്കുന്നതില്‍ തന്റേതായ ശൈലിയുള്ള കോലി നേതൃഗുണത്തിന്റെ കാര്യത്തിൽ ഇനിയുമേറെ  മുന്നേറുമെന്നെ കാര്യത്തില്‍ യാതൊരു സംശയവുമില്ല.

അനില്‍ കുംബ്ലെ-വിരാട് കോലി കൂട്ടുകെട്ടിനെക്കുറിച്ച്?

ഒരു ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കൂട്ടുകെട്ട് ക്യാപ്റ്റനും പരിശീലകനും തമ്മിലുള്ളതാണ്. വിരാടും അനിലും അക്കാര്യത്തില്‍ മുന്നില്‍ തന്നെയാണ്. ക്യാപ്റ്റനെന്ന നിലയില്‍ കുംബ്ലെ കോലിയെ ബഹുമാനിക്കുന്നുണ്ട്. ഇരുവരും പരസ്പരം പിന്തുണക്കുന്നതിനോടൊപ്പം പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. വിരാടിനോടും ടീമംഗങ്ങളോടും കുംബ്ലെക്ക് എന്തും പങ്കിടാനുള്ള ഒരു അന്തരീക്ഷം ഇന്ത്യന്‍ ടീമിലുണ്ട്. 

ക്യാപ്റ്റനെന്ന നിലയില്‍ സ്റ്റീവ് സ്മിത്തിനെ എങ്ങനെ വിലയിരുത്തുന്നു?

കഴിഞ്ഞ 12 മാസത്തെ സ്മിത്തിന്റെ ക്യാപ്റ്റന്‍സിയും ഓസീസ് ടീമിന്റെ പ്രകടനവും ഒരു റോളര്‍ കോസ്റ്റര്‍ യാത്ര പോലെയായിരുന്നു. ഇടക്ക് വിജയവും ഇടക്ക് പരാജയവും. സ്റ്റീവ് തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു നല്ല കാര്യം എന്താണെന്ന് വെച്ചാല്‍ തന്റെ മികച്ച ബാറ്റിങ് പ്രകടനം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്. സ്മിത്ത് ഇങ്ങനെ മുന്നില്‍ നിന്ന് നയിക്കുന്നത് ശുഭസൂചനയാണ്.

ഒരുപാട് പേര്‍ പുണെയിലെ പിച്ചിനെക്കുറിച്ച് പരാതി പറഞ്ഞു. ക്ലര്‍ക്കിന്റെ അഭിപ്രായം എന്താണ്?

ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള പിച്ചായിരുന്നു പുണെയിലേത്. 2004ലെ മുംബൈയിയെ ആണ് ഇത് ഓര്‍മിപ്പിക്കുന്നത്. ആദ്യ ദിവസം മുതല്‍ തന്നെ പന്ത്‌ നന്നായി കറങ്ങാന്‍ തുടങ്ങി. ഇത് ബാറ്റിങ് ദുഷ്‌കരമാക്കി. അങ്ങനെയൊരു പിച്ചില്‍ റണ്‍സ് സ്‌കോര്‍ ചെയ്യണമെങ്കില്‍ ഭാഗ്യവും കൂടെ വേണം.

ഒരു ടെസ്റ്റ് മൂന്ന് ദിവസത്തിനുള്ളില്‍ അവസാനിക്കുകയാണെങ്കില്‍ അതില്‍ പിച്ചിന് നിര്‍ണായക സ്വാധീനമുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. പ്രത്യേകിച്ച രണ്ടു ടീമിനും മികച്ച ബാറ്റിങ് നിരയുണ്ടാകുമ്പോള്‍. പിച്ച് അല്‍പെമങ്കിലും ദയ കാണിക്കുമെങ്കില്‍ ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ ശ്രമിക്കുമെന്നുറപ്പാണ്.

പുണെയിലെ വിജയത്തിന്റെ ആത്മവിശ്വാസവുമായാകും ഓസ്‌ട്രേലിയ ബെംഗളൂരുവിലെത്തുക. അത് എത്രത്തോളം കളിയില്‍ നിര്‍ണായകമാകും?

പുണെയില്‍ കളിക്കാനിറങ്ങുന്നതിന് മുമ്പ് ഓസീസ് ടീമിന് ആത്മവിശ്വാസം കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ നൂറു ശതമാനവും ആത്മവിശ്വാസത്തിലാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ച് പൊരുത്തപ്പെടാന്‍ വിജയം അവരെ ഒരുപാട് സഹായിച്ചു. അതേ സമയം ഇന്ത്യ മികച്ച ടീമാണെന്ന കാര്യം ഓസീസ് മറന്നുപോകരുത്. അവര്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചടിക്കാം.