തിരുവനന്തപുരം: അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ (ഐ.ടി.എഫ്.) ഫ്യൂചേഴ്സ് ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ത്യയിലെ അഞ്ച് ചാമ്പ്യന്‍ഷിപ്പുകള്‍ കഴിഞ്ഞപ്പോള്‍ ഏറ്റവും ഫോമിലുള്ള താരമാണ് ശ്രീറാം ബാലാജി. കോയമ്പത്തൂരുകാരനായ ബാലാജി രണ്ടു ടൂര്‍ണമെന്റുകളില്‍ കിരീടം നേടി. ആദ്യ കിരീടം ജോര്‍ഹട്ട് ടൂര്‍ണമന്റിലായിരുന്നു.

രണ്ടാം കിരീടം ശനിയാഴ്ച, ബെംഗളൂരുവിലും. ഒന്നാം സീഡ് പ്രജ്നേഷ് ഗുണേശ്വരനെ കീഴടക്കിയാണ് ഇരുപത്തിയേഴുകാരനായ ബാലാജി ഒന്നാമനായത് (2-6, 6-3, 6-4). തിരുവനന്തപുരത്ത് തിങ്കളാഴ്ച തുടങ്ങുന്ന ഐ.ടി.എഫ്. ഫ്യൂചേഴ്സ് ടൂര്‍ണമെന്റിലെ ആറാം ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാണ് ആര്‍മി ഉദ്യോഗസ്ഥനായ ബാലാജി തലസ്ഥാനത്തെത്തിയത്. ഡേവിസ് കപ്പ് താരംകൂടിയായ ബാലാജി 'മാതൃഭൂമി'യുമായി സംസാരിച്ചു. 

ബെംഗളൂരുവിലെ വിജയത്തെക്കുറിച്ച്

വളരെ സന്തോഷം. ടൂര്‍ണമെന്റിലെ ഒന്നാം സീഡാണ് പ്രജ്നേഷ്. ഭിലായ് ടൂര്‍ണമെന്‍ില്‍ ഫൈനലില്‍ പ്രജ്നേഷ് എന്നെ തോല്‍പ്പിച്ചിരുന്നു. ബെംഗളൂരുവില്‍ എനിക്ക് നന്നായി കളിക്കാനായി. തുടരെ അഞ്ചു ടൂര്‍ണമെന്റുകള്‍ കളിച്ചത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഗുണകരമായി. 

അടുത്തമാസം ഡേവിസ് കപ്പില്‍ ഉസ്ബെക്കിസ്താനെതിരായ മത്സരത്തെക്കുറിച്ച് 

ശക്തമായ ടീമാണ് ഇന്ത്യയുടേത്. ഞങ്ങള്‍ ആറുതാരങ്ങളാണ് (ലിയാന്‍ഡര്‍ പേസ്, രോഹന്‍ ബൊപ്പണ്ണ, രാംകുമാര്‍ രാമനാഥന്‍, യൂകി ബാംഭ്രി, പ്രജ്നേഷ് ഗുണേശ്വരന്‍, ശ്രീറാം ബാലാജി) ടീമിലുള്ളത്. അവസാനടീമിനെ തീരുമാനിക്കുന്നത് നോണ്‍ പ്ലെയിങ് ക്യാപ്റ്റന്‍ മഹേഷ് ഭൂപതിയാണ്. ഞാന്‍ ഇപ്പോള്‍ നല്ല ഫോമിലാണ്.

ഇപ്പോഴത്തെ സഹതാരങ്ങളെക്കുറിച്ച്

ഞങ്ങള്‍ എല്ലാവരും നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ ഒരുമിച്ചാണ് യാത്രചെയ്യുന്നത്. പരസ്പരം സഹായിക്കുകയും ചെയ്യും. ഇത്തരം ടൂര്‍ണമെന്റുകള്‍ ഞങ്ങള്‍ക്ക് ഏറെ ഗുണംചെയ്യുന്നുണ്ട്. പ്രകടനത്തിലൂടെ റാങ്കിങ് മെച്ചപ്പെടുത്താനാകും. 

പരിശീലന രീതിയെക്കുറിച്ച്

ആറുവര്‍ഷമായി ജര്‍മനിയിലെ ഷുട്ലര്‍ വാസ്‌കെ ടെന്നീസ് അക്കാദമിയിലാണ് പരിശീലനം. അവിടത്തെ പരിശീലനം ഏറെ ഗുണംചെയ്യുന്നു. സ്പോണ്‍സര്‍ഷിപ്പ് ലഭിക്കുന്നില്ലെന്നതാണ് ഞങ്ങളുടെ പ്രശ്നം. എല്ലാ ചെലവും സ്വന്തമായി വഹിക്കേണ്ടിവരുന്നു.

തിരുവനന്തപുരം ടൂര്‍ണമെന്റിലെ പ്രതീക്ഷകള്‍

ഓരോ മത്സരംവീതം ലക്ഷ്യംവെച്ച് കളിക്കുകയാണ് എന്റെ രീതി. ഇവിടെയും അതുതന്നെയായിരിക്കും രീതി. തിരുവനന്തപുരം എന്റെ ഭാഗ്യസ്ഥലമാണ്. ദേശീയ ഗെയിംസില്‍ ഇവിടെ വെച്ച് തമിഴ്നാടിനുവേണ്ടി മത്സരിച്ച് മെഡല്‍ നേടി.

ആര്‍മിയില്‍ ഉദ്യോഗസ്ഥനായ ബാലാജി ഫ്യൂചേഴ്സ് സര്‍ക്യൂട്ടില്‍ ആറ് ഐ.ടി.എഫ്. സിംഗിള്‍സ് കിരീടങ്ങളും 29 ഡബ്ള്‍സ് കിരീടങ്ങളും നേടിയിട്ടുണ്ട്. ലോകറാങ്കിങ്ങില്‍ ഇപ്പോള്‍ 363-ാം സ്ഥാനത്താണ്.