ടിട്വന്റി ലോകകപ്പില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ച എസ്.ശ്രീശാന്തിന്റെ ആ ക്യാച്ച് ആരും മറന്നിട്ടുണ്ടാകില്ല. ഇന്ത്യയുടെ എണ്ണംപറഞ്ഞ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായിരുന്ന ശ്രീശാന്തിന്റെ കരിയര്‍ ഒത്തുകളി വിവാദത്തില്‍ പെട്ട് അവസാനിക്കുകയായിരുന്നു. കളിക്കളത്തില്‍ നിന്ന് ജയിലിന്റെ ഇരുട്ടറയിലേക്കെത്തിയ ആ കാലത്തെ നടുക്കത്തോടെ മാത്രമേ ശ്രീശാന്തിന് ഓര്‍ക്കാനാവൂ. വര്‍ഷങ്ങള്‍ക്കിപ്പുറം കളിക്കളത്തിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ശ്രീശാന്ത്. തന്റെ 34ാം ജന്മദിനത്തില്‍ ക്ലബ് എഫ്. എം. ദുബായിലെ ആർ.ജെ. നീന, മിനി പത്മ, തൻവീർ എന്നിവരോട് ശ്രീശാന്ത് പ്രതീക്ഷകള്‍ പങ്കുവെക്കുന്നു.

ശ്രീശാന്ത് കളിക്കളത്തിലേക്ക് തിരിച്ചെത്താനുള്ള അവസരമുണ്ടെന്ന ടി.സി മാത്യുവിന്റെ വാക്കുകള്‍ എങ്ങനെ കാണുന്നു?

34ാം ജന്മദിന സമ്മാനമായാണ് ഞാന്‍ ടി.സി മാത്യുവിന്റെ അഭിപ്രായത്തെ കാണുന്നത്. എന്റെ ഭാഗ്യനമ്പര്‍ ഏഴാണ്. 34ലെ മൂന്നു നാലും കൂട്ടിയാല്‍ ഭാഗ്യമ്പരാണ് ഉത്തരമായി ലഭിക്കുക. ടീമില്‍ തിരിച്ചെത്താമെന്ന എന്റെ പ്രതീക്ഷക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ് ടി.സി മാത്യുവിന്റെ വാക്കുകള്‍.

ജയിലിലെ നാളുകള്‍ എങ്ങനെയാണ് കഴിച്ചു കൂട്ടിയത്?

ജീവിതത്തിലെ ഒരു അനുഭവമായിരുന്നു അത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ആരൊക്കെ കൂടെയുണ്ടാകും, ആരൊക്കെ കൂടെയുണ്ടാകില്ല എന്നൊക്കെ മനസ്സിലാക്കാന്‍ സാധിച്ചു. കാര്‍മേഘങ്ങളുടെ ഇടയിലും സൂര്യനിരിക്കും. പക്ഷേ പിന്നീട് വളരെയധികം തേജസ്സോടെ ആ സൂര്യന്‍ ഉദിച്ചുയരും. ഇങ്ങനെയാണ് ആ നാളുകളെ വിശേഷിപ്പിക്കുന്നത്. പിന്നെ ദൈവത്തോടും കുടുംബത്തോടും നാട്ടുകാരോടുമെല്ലാം കടപ്പെട്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള മലയാളികള്‍ തന്ന പിന്തുണയും മറക്കാനാകില്ല. 

സുപ്രീം കോടതി നിയമിച്ച ബി.സി.സി.ഐ ഇടക്കാല ഭരണസമിതിയില്‍ എത്രത്തോളം പ്രതീക്ഷയുണ്ട്?

പുതിയ അധ്യക്ഷന്‍ വിനോദ് റായ് അനുഭവസമ്പത്തുള്ള വ്യക്തിയാണ്. എല്ലാവര്‍ക്കും ഒരേ നിയമമാണെങ്കില്‍ എന്നെയും കളിപ്പിക്കണം. അദ്ദേഹത്തെ പോയി കണ്ടാല്‍ എല്ലാം ശരിയാകുമെന്ന വിശ്വാസമുണ്ട്. ഒരു തെറ്റും ചെയ്യാതെ വര്‍ഷങ്ങളോളം തീ തിന്നു. പല സുഹൃത്തുക്കളും എന്നോട് അവരുടെ അനുഭവം പറഞ്ഞിട്ടുണ്ട്. ആ കള്ളക്കളി കളിച്ചവന്റെ നാട്ടില്‍ നിന്നല്ലേ എന്ന് പറഞ്ഞ് അവരെ കളിയാക്കിയിട്ടുണ്ട്. ഇതെല്ലാം മാറ്റിയെടുക്കണമെങ്കില്‍ ബി.സി.സി.ഐ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം. 

ബി.സി.സി.ഐ മാധ്യമങ്ങളെ ഉപയോഗിച്ചാണ് എനിക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ എന്‍.ഒ.സി അനുവദിക്കാത്തതും മറ്റുമുള്ള കാര്യങ്ങള്‍ വാര്‍ത്തകളില്‍ മാത്രമാണുള്ളത്. ബി.സി.സി.ഐ പത്രസമ്മേളനം നടത്തി അങ്ങനെയൊക്കെ പറയുന്നു. അതല്ലാതെ എനിക്കോ കേരള ക്രിക്കറ്റ് അസോസിയേഷനോ ഇതുമായി ബന്ധപ്പെട്ട് ഒരു കത്തോ ഇ-മെയിലോ അയച്ചിട്ടില്ല. ഒന്നുകിൽ എന്റെ വിലക്ക് കാണിച്ചുള്ള കത്ത് അയക്കുക. അങ്ങനെയെങ്കില്‍ എനിക്ക് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കാം. അതല്ലെങ്കില്‍ എന്നെ കളിക്കാന്‍ അനുവദിക്കണം. 

ശ്രീശാന്തിനെ ഇനി ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കരുതെന്ന് പറഞ്ഞ് ആകാശ് ചോപ്രയുടെ ട്വീറ്റ്?

ആകാശ് ചോപ്ര എന്റെ കൂടെ കളിച്ചിട്ടുണ്ട്. എതിരായും കളിച്ചിട്ടുണ്ട്. ഡല്‍ഹി എയര്‍വേസിന് വേണ്ടി കളിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വിക്കറ്റ് ഞാനെടുത്തിട്ടുണ്ട്. കുറ്റവിമുക്തനായ എന്നെ എന്തിന് അദ്ദേഹം ദ്രോഹിക്കുന്നു. ഒത്തുകളിയുമായി ബന്ധപ്പെട്ട് 13 കളിക്കാരുടെ പേരുകള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കത്തിലുണ്ടായിരുന്നല്ലോ. ആ 13 പേര്‍ക്ക് കൊടുത്ത ബഹുമാനത്തിന്റെ നാലിലൊന്ന് എനിക്ക് തന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്. കളി തുടങ്ങിയാല്‍ കേരളത്തെ രഞ്ജി ചാമ്പ്യന്‍മാരാക്കണം.

എപ്പോഴും ശ്രീശാന്തിന്റെ കൂടെ വിവാദങ്ങളുണ്ട്. രാഷ്ട്രീയത്തിലും ഡാന്‍സിലും സിനിമയിലും ഇപ്പോഴും സജീവമാണ്? ക്രിക്കറ്റില്‍ നിന്ന് ശ്രദ്ധ മാറുന്നുണ്ടോ?

എല്ലാ താരങ്ങളും ക്രിക്കറ്റിന് പുറത്തുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. വിരാട് കോലി എത്ര പരസ്യങ്ങളില്‍ അഭിനയിക്കുന്നു.ധോനിയും അഭിനയിച്ചിരുന്നു. ഒരു ക്രിക്കറ്റ് താരമാകുമെന്ന് ഉറപ്പില്ലായിരുന്നു. അതുകൊണ്ട് നൃത്തവും അഭിനയവും പഠിച്ചു. സാമ്പത്തികമായി എന്നെ നൃത്തവും സിനിമയും സഹായിച്ചിട്ടുണ്ട്. നിങ്ങള്‍ ചെയ്യുന്ന കാര്യം നിങ്ങളില്‍ നിന്ന് ബലമായി ആരെങ്കിലും നിര്‍ത്തിവെപ്പിച്ചാല്‍ നിങ്ങളെന്തു ചെയ്യും. അതു കൊണ്ടാണ് ഞാന്‍ സിനിമയില്‍ അഭിനയിച്ചത്.

എനിക്ക് ജീവിക്കാന്‍ പണം ആവശ്യമായിരുന്നു. മഹേഷ് ഭട്ടിന്റെ ആക്റ്റിങ് സ്‌കൂളില്‍ പോയി വരെ പഠിച്ചു. പിന്നെ ക്രിക്കറ്റില്‍ നിന്ന് ശ്രദ്ധ നഷ്ടപ്പെട്ടു എന്ന് പറയരുത്. കളിക്കുന്ന സമയത്ത് ഞാന്‍ മികച്ച ഫോമില്‍ തന്നെയായിരുന്നു. ഇപ്പോഴും ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ ഞാന്‍ പിറകിലല്ല. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പറഞ്ഞിട്ടാണ് ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 2013ല്‍ ഭോപ്പാലില്‍ നില്‍ക്കാന്‍ പറഞ്ഞിരുന്നു. ഭാര്യ ജനിച്ചതും വളര്‍ന്നതുമെല്ലാം അവിടെയാണ്. അന്ന് പക്ഷേ ഞാന്‍ കുറ്റവിമുക്തനായിരുന്നില്ല. സിമ്പതി വോട്ട് എനിക്ക വേണ്ടാത്തതിനാല്‍ അന്ന് മത്സരിച്ചില്ല. പിന്നീട് തിരുവനന്തപുരത്ത് യുവാക്കളുടെ പ്രതീകമെന്ന നിലയിലാണ് എന്നെ നിര്‍ത്തിയത്. 34 ദിവസത്തെ എന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും പ്രവര്‍ത്തനം കൊണ്ടും 25000നടുത്ത് വോട്ട് കിട്ടി. 

രാഷ്ട്രീയമല്ല എന്ന് സെലിബ്രിറ്റികള്‍ പറയും. പക്ഷേ ഒരാള്‍ക്ക് രാഷ്ട്രീയം വേണം. രാഷ്ട്രീയമില്ലെങ്കില്‍ നട്ടെല്ലില്ല എന്നാണ് എന്റെ അഭിപ്രായം. എന്റെ അനുഭവം ആര്‍ക്കും വരാതിരിക്കാനാണ് രാഷ്ട്രീയത്തിലിറങ്ങിയത്. രാഷ്ട്രീയത്തില്ഡ ഇനിയും സജീവമായുണ്ടാകും. പക്ഷേ ഇപ്പോള്‍ ക്രിക്കറ്റിനാണ് ശ്രദ്ധ കൊടുക്കുന്നത്. രാഷ്ട്രീയവും സിനിമ 45 വയസ്സിന് ശേഷവും ചെയ്യാം. പക്ഷേ ക്രിക്കറ്റ് 45 വയസ്സിന് ശേഷം കളിക്കാന്‍ പറ്റില്ല. 

ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടുകയാണെങ്കില്‍ യുസ്‌വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍ അടക്കമുള്ള ബൗളിങ് നിരയിലേക്കാണ് ശ്രീശാന്ത് വരുന്നത്. എത്രത്തോളം വെല്ലുവിളി സൃഷ്ടിക്കും?

ഞാന്‍ കളിക്കാന്‍ വരുന്ന കാലത്ത് ബാലാജി., ഇര്‍ഫന്‍ പഠാന്‍, ആശിഷ് നെഹ്‌റ, അജിത് അഗാര്‍ക്കര്‍, ആര്‍.പി സിങ്ങ്, ടിനു യോഹന്നാന്‍ തുടങ്ങി ഒട്ടേറെ ബൗളര്‍മാരുണ്ടായിരുന്നു. 36 ഫാസ്റ്റ് ബൗളര്‍മാരില്‍ നിന്നാണ് എന്നെ തിരഞ്ഞെടുത്തത്. അതുകൊണ്ടു തന്നെ എന്റെ ജഴ്‌സി നമ്പര്‍ 36 ആയിരുന്നു. ആ 36 പേരില്‍ ടോപ്പ് ഫൈവില്‍ എത്താന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്. പിന്നെ മത്സരമുണ്ടാകുന്നത് എന്തുകൊണ്ടു നല്ലതാണ്. 

കേരള ക്രിക്കറ്റില്‍ തന്നെ നല്ല കഴിവുള്ള യുവനിരയുണ്ട്. സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, മനു കൃഷ്ണന്‍, നിയാസ്.  മീഡിയം പേസ് ബൗളിങ്ങില്‍ റൈഫിയുമുണ്ട്. ഇവരൊക്കെ നല്ല മത്സരം തരുന്നവരാണ്. എനിക്ക് അര്‍ഹതയുണ്ടെങ്കില്‍ മുന്നോട്ടു പോകും. അത്ര തന്നെ.

പണ്ട് ആന്ദ്രെ നെല്ലിന്റെ പന്തില്‍ സിക്‌സ് അടിച്ചപ്പോള്‍ ഡാന്‍സ് കളിച്ചിരുന്നില്ലേ.ദക്ഷിണാഫ്രിക്കക്കെതിരെ ഇനി കളിക്കുയാണെങ്കില്‍ അങ്ങനെ ഡാന്‍സ് കളിക്കുമോ?

ഇല്ല. അത് 2006ല്‍ കാണിച്ചു കൂട്ടിയതാണ്. ഒരിക്കലും ഡാന്‍സ് കളിക്കില്ലല്ല. പിന്നീടും ഞാന്‍ ആന്ദ്രെ നെല്ലിന്റെ പന്തില്‍ സിക്‌സ് അടിച്ചിട്ടുണ്ട്. പക്ഷേ ഡാന്‍സ് കളിച്ചിട്ടില്ല. കളിച്ചിരുന്നെങ്കില്‍ അടുത്ത പന്ത് ചിലപ്പോള്‍ തലക്ക് എറിഞ്ഞേനെ. (ചിരിച്ചു കൊണ്ട്) 

ഇനി കളിക്കുകയാണെങ്കില്‍ ശ്രീശാന്തിന്റെ അഗ്രസ്സീവ്‌നെസ്സില്‍ എന്തെങ്കിലും മാറ്റം വരുമോ?

അതു കളിച്ചാല്‍ മാത്രമേ പറയാന്‍ പറ്റൂ. ഇപ്പോഴത്തെ ക്യാപ്റ്റന്‍ തന്നെ അഗ്രസീവാണ്. എന്റെ അഗ്രസ്സീവ്‌നെസ്സ് കുറക്കണമെന്ന് അലന്‍ ഡൊണാഴള്‍ഡ് വരെ പറഞ്ഞിരുന്നു. അഗ്രസ്സീവ്‌നെസ്സ് വലയി തോതിലാകുന്നതും കുഴപ്പമാണ്. ക്രീസില്‍ അച്ഛനാണെങ്കിലും എങ്ങനെയെങ്കിലും എറിഞ്ഞു ഔട്ടാക്കണമെന്ന വാശിക്കാരനാണ് ഞാന്‍. വെളിച്ചപ്പാടിനെപ്പോലെയായിരുക്കും ആ സമയത്ത് ഞാന്‍.

സച്ചിന്‍ ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ചുരുക്കം പേരില്‍ ഒരാളാണ് ശ്രീശാന്ത്?

സച്ചിനെ കാണണം എന്ന് പറഞ്ഞിട്ടാണ് ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത് തന്നെ. അദ്ദേഹത്തിന്റെ  കൂടെ കളിക്കാന്‍ കഴിഞ്ഞതില്‍, ലോകകപ്പ് ജയിച്ചപ്പോ ഇന്ത്യന്‍ പതാക കൈയില്‍പ്പിടിച്ച് അദ്ദേഹത്തിന്റെ കൂടെ നടക്കാന്‍ പറ്റിയത്,  എല്ലാം ഭാഗ്യമായി കരുതുന്നു. എനിക്ക് വിക്കറ്റുകള്‍ കിട്ടിയത് സച്ചിന്‍ കാരണമാണ്. കളിക്കിടയില്‍ മിഡ് ഓണില്‍ വന്ന് അദ്ദേഹം തരുന്ന ആത്മവിശ്വാസം വളരെ വലുതാണ്. എനിക്ക് ദൈവതുല്ല്യനാണ് സച്ചിന്‍. അദ്ദേഹം അടുത്ത് വന്ന് നിന്നാല്‍ ഏത് മോശം അവസ്ഥിയലാണെങ്കിലും നമുക്ക് കൂടുതല്‍ ഉര്‍ജ്ജം ലഭിക്കും. നമ്മള്‍ വേറെ ഒരാളായി മാറും. സച്ചിനെക്കുറിച്ച് പറഞ്ഞാല്‍ തീരില്ല. ഒറ്റ വാക്കില്‍ ഇങ്ങനെ പറയാം. സച്ചിന്‍ എന്റെ ചങ്ക് ബ്രോ ആണ്....