സ്വിങ് ബൗളിങ്ങിന്റെ സുല്‍ത്താനാണ് മുന്‍ ന്യൂസിലന്‍ഡ് താരം റിച്ചാര്‍ഡ് ഹാഡ്‌ലി. ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ഫാസ്റ്റ് ബൗളറായും ഓള്‍റൗണ്ടറായും വിലയിരുത്തപ്പെടുന്ന താരം. പിന്നിട്ട കരിയറിനെക്കുറിച്ചും ജീവിതത്തെ കുറിച്ചും റിച്ചാര്‍ഡ് ഹാഡ്‌ലി സംസാരിക്കുന്നു.

നിങ്ങളുടെ അച്ഛന്‍ വാള്‍ട്ടര്‍ ഹാഡ്‌ലി കിവീസ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. സഹോദരങ്ങളായ ബാരിയും ഡെയ്‌ലും ക്രിക്കറ്റ് താരങ്ങളായിരുന്നു. ക്രിക്കറ്റ് കുടുംബത്തിന്റെ ഭാഗമായിരുന്നില്ലേ?

അതെ, അങ്ങനെ തന്നെയായിരുന്നു. കുടുംബത്തില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിച്ചു. അതുപോലെത്തന്നെ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഗ്ലൗസും പാഡും ബാറ്റും പോലുള്ള സാധനങ്ങള്‍ക്കൊന്നും ഒരു ബുദ്ധിമുട്ടും നേരിട്ടിട്ടില്ല.

അച്ഛന്‍ ക്യാപ്റ്റനായ ടീം എന്നതില്‍ നിന്ന് താങ്കള്‍ കളിക്കുന്ന ടീം എന്ന നിലയിലേക്കുള്ള മാറ്റം എങ്ങനെയായിരുന്നു?

എന്റെ അച്ഛന്‍ കളിച്ചിരുന്ന 1950 കാലഘട്ടങ്ങളില്‍ ന്യൂസിലാന്‍ഡില്‍ നിന്ന് ഇംഗ്ലണ്ടിലെത്താന്‍ 37 ദിവസങ്ങളെടുക്കുമായിരുന്നു. എന്നാല്‍ 1970 ആയപ്പോഴേക്കും വിമാനത്തില്‍ 30 മണിക്കൂറില്‍ താഴെ സമയമെടുത്ത് ആ ദൂരം പിന്നിടാന്‍ കഴിയുമെന്ന നിലയിലെത്തി. 70ന് ശേഷമാണ് ഞങ്ങള്‍ മത്സരങ്ങളില്‍ വിജയിക്കാന്‍ തുടങ്ങിയത്.

താങ്കള്‍ സച്ചിന്‍ തെണ്ടുല്‍ക്കറോടൊപ്പം കളിച്ചിട്ടില്ലേ?

അതെ, 1990ല്‍. അന്ന് സച്ചിന്‍ ഒരു കുട്ടിയായിരുന്നു. അദ്ദേഹത്തിന്റെ 80 റണ്‍സ് നേടിയ ഒരു മികച്ച ഇന്നിങ്‌സ് എനിക്ക് ഓര്‍മ്മയുണ്ട്. പക്ഷേ അന്ന് ഞാന്‍ ഒരിക്കിലും വിചാരിച്ചില്ല. ആ കുട്ടി ഒരു ഇതിഹാസ താരമായി വളരുമെന്ന്.

ഈ അടുത്ത് ഇന്ത്യയിലെ ആരാധകര്‍ ആരെങ്കിലും നിങ്ങളെ തിരിച്ചറിഞ്ഞ സംഭവമുണ്ടായിട്ടുണ്ടോ?

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരാള്‍ എന്നോട് പറഞ്ഞു, നിങ്ങള്‍ റിച്ചാര്‍ഡ് ഹാഡ്‌ലിയെപ്പോലെയുണ്ട് എന്ന്. നിങ്ങള്‍ അദ്ദേഹത്തിന്റെ അച്ഛനാണോ എന്നും ചോദിച്ചു. മുടി മുഴുവന്‍ നരച്ചത് കൊണ്ടായിരിക്കും.

ഇയാം ബോതം, ഇമ്രാന്‍ ഖാന്‍, കപില്‍ ദേവ്, റിച്ചാര്‍ഡ് ഹാഡ്‌ലി...ഇവരില്‍ ആരാണ് മികച്ച ഓള്‍റൗണ്ടര്‍?

അത് ഇമ്രാന്‍ ഖാനാണ്. ഞങ്ങളില്‍ ഏറ്റവും സ്ഥിരതയോടെ കളിച്ചത് ഇമ്രാന്‍ ഖാനാണ്. ഞാന്‍ ബൗളിങ്ങില്‍ മികച്ചതാണെന്ന് കരുതുന്നു. പക്ഷേ ബാറ്റിങ് മോശമാണ്.

നിലവില്‍ ലോകത്തെ മികച്ച അഞ്ചു ക്രിക്കറ്റ് താരങ്ങള്‍ ആരാണ്?

സ്റ്റീവ് സ്മിത്ത്, ജോ റൂട്ട്, കെയ്ന്‍ വില്ല്യംസണ്‍, വിരാട് കോലി...പിന്നെ എബി ഡിവില്ലിയേഴ്‌സ്