sreejeshന്ത്യന്‍ ഹോക്കി മാറ്റത്തിന്റെ പാതയിലാണ്. ഇടക്കാലത്തെ തളര്‍ച്ച മാറി, യൂറോപ്യന്‍ശക്തികള്‍ക്ക് വെല്ലുവിളിയായി ഇന്ത്യന്‍ ടീം മാറുമ്പോള്‍ മുന്നില്‍നിന്ന് നയിക്കുന്നത് മലയാളിയായ പി.ആര്‍. ശ്രീജേഷ്. ഏപ്രിലില്‍ നടക്കുന്ന സുല്‍ത്താന്‍ അസ്ലന്‍ ഷാ ടൂര്‍ണമെന്റിനുള്ള ഒരുക്കത്തിലാണ് ടീം. ഇതിനായി 33 കളിക്കാരെ ബെംഗളൂരുവിലെ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. ചൊവ്വാഴ്ച ക്യാമ്പ് ആരംഭിക്കാനിരിക്കെ, ഇന്ത്യന്‍ ഹോക്കിയുടെ ഭാവിയും വര്‍ത്തമാനവും പങ്കുവെയ്ക്കുകയാണ് മലയാളി ഗോള്‍കീപ്പര്‍.

?ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിനെക്കുറിച്ച്

ക്യാമ്പില്‍ പരിചയസമ്പന്നരായ താരങ്ങളുണ്ട്. ഹോക്കി ഇന്ത്യ ലീഗില്‍ കഴിവുതെളിയിച്ചവരുണ്ട്. ജൂനിയര്‍ ലോകകപ്പില്‍ മികവുകാണിച്ചവരുമുണ്ട്. സമ്മര്‍ദ്ദഘട്ടം നേരിടാന്‍ പരിചയസമ്പന്നര്‍ വേണം. കളിയുടെ അവസാനഘട്ടങ്ങളില്‍ ശാരീരികക്ഷമതയോടെ കളിക്കാന്‍ യുവതാരങ്ങള്‍ക്കാകും. ഇത്തരമൊരു ഘടന നല്ലതാണ്.

? വിദേശ പരിശീലകര്‍ ഇന്ത്യന്‍ ടീമിന് ഗുണം ചെയ്തോ

തീര്‍ച്ചയായും. ഇന്ത്യന്‍ ഹോക്കിയെ ലോക നിലവാരത്തിലാക്കാന്‍ അവരുടെ പരിശീലനരീതികള്‍ക്കു സാധിച്ചു. പ്രതിരോധത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതാണ് യൂറോപ്യന്‍ പരിശീലകരുടെ ശൈലി. ഹോസെ ബ്രാസയുടെയും മൈക്കല്‍ നോബ്സിന്റെയും ടെറി വാല്‍ഷിന്റെയുമൊക്കെ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു. വാല്‍ഷിനുകീഴില്‍ ഇന്ത്യ ഒട്ടേറെ കിരീടങ്ങള്‍ നേടി. ലോകത്തെ പ്രധാന ടീമുകള്‍ക്ക് ഇപ്പോള്‍ ഇന്ത്യയെ നേരിടുമ്പോള്‍ ഒരു ഭയമുണ്ട്. ടീമിനെ ഈ രീതിയിലേക്ക് എത്തിച്ചതില്‍ വിദേശ പരിശീലകര്‍ക്ക് വലിയ പങ്കുണ്ട്.

? ക്യാപ്റ്റനെന്ന നിലയിലുള്ള അനുഭവം

ഏറെ ഉത്തരവാദിത്വമുള്ള ജോലിയാണ് ക്യാപ്റ്റന്‍സി. ഓരോ കളിക്കാരുടെയും നിലവാരത്തിനൊത്ത പ്രകടനം പുറത്തുകൊണ്ടുവരാന്‍ ക്യാപ്റ്റനാകണം. യുവതാരങ്ങളെ പ്രചോദിപ്പിക്കണം. ഒപ്പം മുതിര്‍ന്ന താരങ്ങള്‍ക്ക് ഉത്തരവാദിത്വങ്ങളും നല്‍കണം. ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ ടീമിനെ നയിക്കാനാകണം. 

? അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നമെന്താണ്

സ്ഥിരമായ നിലവാരം പ്രകടിപ്പിക്കാനാകുന്നില്ല എന്നതാണ് പ്രശ്നം. ഒരു ദിവസം നമ്മള്‍ ഓസ്ട്രേലിയയെ തോല്‍പ്പിക്കും. അടുത്തദിവസം കാനഡയോട് സമനില വഴങ്ങും. ഇപ്പോള്‍ ലോക ഹോക്കിയില്‍ മുന്‍നിര ടീമുകള്‍ തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. സ്ഥിരമായ നിലവാരം നിലനിര്‍ത്താന്‍ നമുക്ക് കഴിയണം.

? ഹോക്കി ഇന്ത്യ ലീഗ് ഗുണം ചെയ്യുന്നുണ്ടോ

തീര്‍ച്ചയായും. ലീഗില്‍ കളിക്കുന്ന മുന്‍നിര വിദേശതാരങ്ങളുടെ കളി മനസ്സിലാക്കാം. അവരുടെ ശൈലി പരിചയപ്പെടാം. അവരുമായി ആശയവിനിമയം നടത്താം. ഇതൊക്കെ അന്താരാഷ്ട്രമത്സരങ്ങളില്‍ നമുക്കു ഗുണം ചെയ്യും.