ജൂനിയര്‍, സീനിയര്‍ തലങ്ങളില്‍ ഇന്ത്യന്‍ ടെന്നീസില്‍ ഏറെ നേട്ടമുണ്ടാക്കിയ താരമാണ് നിതിന്‍ കിര്‍താനെ. 1992ലെ ജൂനിയര്‍ വിംബിള്‍ഡണ്‍ ഡബ്ള്‍സില്‍ മഹേഷ് ഭൂപതിക്കൊപ്പം ഫൈനല്‍ വരെയെത്തി. 1998ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിനൊപ്പം വെങ്കല മെഡല്‍.

നിരവധി തവണ ഇന്ത്യന്‍ ഡേവിസ് കപ്പ് ടീമംഗം. ദേശീയ ചാമ്പ്യന്‍. ദേശീയ ഗെയിംസില്‍ മെഡലുകള്‍... നേട്ടങ്ങളുടെ ഒരു പട്ടികതന്നെയുണ്ട് നിതിനൊപ്പം. നാല്‍പ്പത്തിമൂന്നാം വയസ്സിലും ടെന്നീസ് കോര്‍ട്ടില്‍ ഒരു യുവാവിന്റെ ചുറുചുറുക്കോടെ തുടരുകയാണ് ഈ പുണെ സ്വദേശി.

ഐ.ടി.എഫ്. ഫ്യൂച്ചേഴ്സ് ടൂര്‍ണമെന്റില്‍ മത്സരിക്കാന്‍ തിരുവനന്തപുരത്തെത്തിയതാണ് നിതിന്‍. യോഗ്യതാമത്സരത്തില്‍ പോരാട്ടം അവസാനിച്ചെങ്കിലും നിതിന്‍ ആവേശത്തില്‍ത്തന്നെയാണ്. ഇതിനിടയില്‍ ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കു പരിശീലനം നല്‍കാനും അദ്ദേഹം സമയം കണ്ടെത്തി. നിതിനുമായുള്ള അഭിമുഖത്തില്‍ നിന്ന്.

?തിരിഞ്ഞുനോക്കുമ്പോള്‍ കരിയറിനെക്കുറിച്ച് എന്താണ്  അഭിപ്രായം

എനിക്കു സംതൃപ്തിയുണ്ട്. ജൂനിയര്‍ തലത്തില്‍ ലോക റാങ്കിങില്‍ ഏഴാം സ്ഥാനം വരെയെത്താന്‍ സാധിച്ചു. വിംബിള്‍ഡണിലും ഫ്രഞ്ച് ഓപ്പണിലും യു.എസ്. ഓപ്പണിലുമൊക്കെ ജൂനിയര്‍ തലത്തില്‍ കളിക്കാന്‍ കഴിഞ്ഞു.  ജൂനിയര്‍ വിംബിള്‍ഡണിന്റെ ഡബിൾസില്‍ ഫൈനല്‍ വരെയെത്തി. പക്ഷേ, ഇതേ നേട്ടം സീനിയര്‍ തലത്തിലേക്ക് എത്തിക്കാനായില്ല. സാമ്പത്തികമായ പിന്തുണയില്ലാത്തതും സ്‌പോണ്‍സര്‍മാരെ ലഭിക്കാത്തതുമായിരുന്നു പ്രശ്‌നം. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ അടക്കമുള്ള നേട്ടങ്ങളുണ്ടെങ്കിലും സീനിയര്‍ തലത്തില്‍ ഇതില്‍ക്കൂടുതല്‍ നേട്ടമുണ്ടാക്കാമായിരുന്നു.
 
? ഇന്ത്യന്‍ ടെന്നീസിന്റെ ഇപ്പോഴത്തെ അവസ്ഥ

ടെന്നീസ് വളരെ പണച്ചെലവേറിയ ഒരു കളിയാണ്. ഇന്ത്യന്‍ ടെന്നീസ് അസോസിയേഷന്‍ (ഐ.ടി.എ.) അവരെക്കൊണ്ട് ആകുന്നതൊക്കെ ചെയ്യുന്നുണ്ട്. ഒന്നര മാസത്തിനുള്ളില്‍ തുടരെ അഞ്ച് ഫ്യൂച്ചേഴ്സ് ടൂര്‍ണമെന്റുകള്‍ നടന്നുകഴിഞ്ഞു. ആറാമത്തെ  ടൂര്‍ണമെന്റാണ് തിരുവനന്തപുരത്തു നടക്കുന്നത്. യുവതാരങ്ങള്‍ക്ക് ഇത്തരം  ടൂര്‍ണമെന്റുകള്‍ ഏറെ ഗുണംചെയ്യും.

ഇന്ത്യന്‍ സര്‍ക്യൂട്ടും മുന്നേറ്റത്തിന്റെ പാതയിലാണ്. പ്രജ്നേഷ്, ബാലാജി, വിഷ്ണു, എസ്.കെ.മുകുന്ദ് തുടങ്ങിയവരൊക്കെ നന്നായി കളിക്കുന്നുണ്ട്. പക്ഷേ, കോര്‍പ്പറേറ്റുകളുടെ സ്‌പോണ്‍സര്‍ഷിപ്പുകൊണ്ടേ ഇന്ത്യന്‍ താരങ്ങള്‍ക്കും ടെന്നീസിനും മുന്നോട്ടുപോകാനാകൂ. ടാറ്റയെയും ബിര്‍ളയെയും ഹീറോയെയും പോലുള്ള സ്‌പോണ്‍സര്‍മാര്‍ കടന്നുവന്നാല്‍ ഇന്ത്യന്‍ ടെന്നീസിനു രക്ഷയാകും.

?ഇത് എങ്ങനെയാണെന്ന് വിശദീകരിക്കാമോ

അഞ്ചോ ആറോ  യുവതാരങ്ങള്‍ ചേര്‍ന്ന് ഒരു ടീമുണ്ടാക്കുക. അവര്‍ക്ക് ഒരു കോച്ചിനെയും ഫിസിയോയെയും നല്‍കുക. ഇവര്‍ ഒരുമിച്ചു യാത്രചെയ്യുകയും ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുകയും വേണം. ഒരു കോര്‍പ്പറേറ്റ് സ്ഥാപനം ഈ ടീമിനെ സ്‌പോണ്‍സര്‍ ചെയ്യണം. ഇവരുടെ യാത്രയുടെയും ടൂര്‍ണമെന്റുകളുടെയും മറ്റും കാര്യം സ്‌പോണ്‍സര്‍മാര്‍ നോക്കണം. താരങ്ങള്‍ക്കു കളിയെക്കുറിച്ചു മാത്രം ചിന്തിക്കാന്‍ അവസരം നല്‍കണം.

ഈ ടീമിന് നാലോ അഞ്ചോ വര്‍ഷം എല്ലാവിധ അവസരങ്ങളും നല്‍കണം. ഇതുവഴിേയ ഇന്ത്യന്‍ ടെന്നീസിനെ മുന്നോട്ടു നയിക്കാനാകൂ. ഇതിനൊക്കെ കോര്‍പ്പറേറ്റ് സ്‌പോണ്‍സര്‍ഷിപ്പുകൊണ്ടേ സാധിക്കൂ.ലോണ്‍ ടെന്നീസ് അസോസിയേഷന്‍ ഓഫ് ഇംഗ്ലണ്ടിന്റെ (എല്‍.ടി.ഇ.) പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യത്തില്‍ മാതൃകയാക്കാനാകും. അവിടെ ജൂനിയര്‍ ടീമുകളും സീനിയര്‍ ടീമുകളുമൊക്കെ ഒരുമിച്ചാണ് യാത്രചെയ്യുന്നത്. വിംബിള്‍ഡണ്‍ ടൂര്‍ണമെന്റില്‍നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം രാജ്യത്തെ ടെന്നീസിന്റെ വികസനത്തിനായാണ് അവര്‍  ഉപയോഗപ്പെടുത്തുന്നത്.

?ഇന്ത്യന്‍ ടെന്നീസ് താരങ്ങള്‍ക്ക് വിദേശപരിശീലകരുടെ ആവശ്യമുണ്ടോ

എന്റിക്കോ പിപ്പെര്‍ണോയെയും നന്ദന്‍ ബാലിനെയും പോലുള്ള വളരെ പരിചയസമ്പന്നരായ പരിശീലകര്‍ നമുക്കുണ്ട്. ഞങ്ങളെപ്പോലുള്ള സീനിയര്‍ താരങ്ങള്‍ യുവതാരങ്ങളെ സഹായിക്കാന്‍ തയ്യാറുമാണ്. നമ്മുടെ യുവതാരങ്ങള്‍ക്കു മുന്നോട്ടുപോകാനുള്ള കഴിവുണ്ട്. നാട്ടിലെ പരിശീലകര്‍തന്നെയാണ് നമുക്കു നല്ലത്.

?എങ്ങനെയാണ് ടെന്നീസിലേക്കു തിരിഞ്ഞത്

ആറാം വയസ്സില്‍ത്തന്നെ വീട്ടിനടുത്തുള്ള ടെന്നീസ് അക്കാദമിയില്‍ പരിശീലനം തുടങ്ങി. ജ്യേഷ്ഠനും ബന്ധുവായ സന്ദീപും ഒപ്പമുണ്ടായിരുന്നു. പതിനഞ്ചാം വയസ്സിലാണ് ബത്ര ടെന്നീസ് അക്കാദമിയില്‍ പ്രവേശനം ലഭിക്കുന്നത്. അവിടെനിന്നു ലഭിച്ച പരിശീലനമാണ് ജൂനിയര്‍ തലത്തില്‍ മോഹിപ്പിക്കുന്ന നേട്ടങ്ങളുണ്ടാക്കാന്‍ എന്നെ സഹായിച്ചത്. സീനിയര്‍ തലത്തില്‍ ഇതേപോലുള്ള പിന്തുണ ലഭിച്ചില്ല.

?എത്രനാള്‍ കോര്‍ട്ടില്‍ തുടരും

ഇപ്പോള്‍ എനിക്ക് 43 വയസ്സായി. ശരീരം അനുവദിക്കുന്നതുവരെ കോര്‍ട്ടില്‍ തുടരണമെന്നാണ് ആഗ്രഹം. ടെന്നീസിനെ എനിക്ക് അത്രയ്ക്കിഷ്ടമാണ്. ഇപ്പോഴും തോല്‍ക്കുന്നത് എനിക്കു സഹിക്കാനാവില്ല. ഇവിടെ യോഗ്യതാ റൗണ്ടില്‍ തോറ്റതില്‍ വിഷമമുണ്ട്. 2005ലുണ്ടായ കാറപകടത്തില്‍ വലതുകൈക്ക് ഗുരുതരമായി പരിക്കേറ്റതാണ്.  ഞാന്‍ ഇടങ്കയ്യനായത് ദൈവാനുഗ്രഹമായി. അതുകൊണ്ട് വീണ്ടും റാക്കറ്റെടുക്കാനായി. ഇതിനിടയ്ക്ക് കാലിനും പരിക്കേറ്റു. ഇതിനെയൊക്കെ അതിജീവിച്ചാണ് ഇപ്പോഴും പിടിച്ചുനില്‍ക്കുന്നത്. ഇപ്പോഴും രാവിലെ അഞ്ചരയ്ക്ക് ഞാന്‍ വ്യായാമം തുടങ്ങും. അത് എന്നെ സഹായിക്കുന്നുണ്ട്.

?കരിയറില്‍ ഏറ്റവും സന്തോഷംതോന്നിയ നിമിഷം 

ഒത്തിരി നല്ല നിമിഷങ്ങള്‍ എന്റെ മനസ്സിലുണ്ട്.ജൂനിയര്‍ വിംബിള്‍ഡണിന്റെ ഫൈനലില്‍ കളിച്ചത് തിളക്കമുള്ള ഓര്‍മയാണ്. ചരിത്രത്തിലാദ്യമായാണ് അന്ന്  വിംബിള്‍ഡണിന്റെ ഫൈനല്‍ തിങ്കളാഴ്ച നടക്കുന്നത്. മഴ മൂലമാണ് ഫൈനല്‍ തിങ്കളാഴ്ചത്തേക്കു മാറ്റിയത്.

ഞാനും മഹേഷും ഫൈനല്‍ കളിക്കുമ്പോഴാണ് അപ്പുറത്തെ കോര്‍ട്ടില്‍ സാക്ഷാല്‍ ജോണ്‍ മക്കെന്റോ ഡബിള്‍സ് ഫൈനല്‍ കളിക്കുന്നത്. എന്റെ ആരാധ്യപുരുഷന്മാരായിരുന്നു മക്കെന്റോയും ജിമ്മി കോണേഴ്സുമൊക്കെ. ഇപ്പോഴത്തെ താരങ്ങളില്‍ റാഫേല്‍ നഡാലിനെയാണ് ഇഷ്ടം. നഡാലും എന്നെപ്പോലെ ഇടങ്കയ്യനാണല്ലോ.

?ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബിലെ കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത് എങ്ങനെയുണ്ട്

നല്ല കുട്ടികളാണവര്‍. എനിക്കും നല്ല ഒരു അനുഭവമായിരുന്നു. നല്ല കഴിവുള്ള കുട്ടികളുടെ തിരഞ്ഞെടുത്ത ഗ്രൂപ്പിന് പരിശീലനം നല്‍കുന്നതു ഗുണംചെയ്യും.ഇവിടെ നല്ല സൗകര്യങ്ങളാണുള്ളത്. ഒരേസമയം നാല് കോര്‍ട്ടില്‍ ഐ.ടിഎഫ്. ഫ്യൂച്ചേഴ്സ് മത്സരങ്ങള്‍  നടത്താന്‍ പറ്റുകയെന്നതു വലിയ കാര്യമാണ്.