സ്വപ്നങ്ങള്‍ തെളിയുന്നത് കണ്ണുകളിലല്ല... 
മനസ്സിലാണ്.
കറുപ്പ് എന്ന ഒറ്റനിറം മാത്രം നിറഞ്ഞ ലോകം.
പിന്നെ സ്വപ്നങ്ങളുടെ 
ഏഴുനിറങ്ങളിലേക്കൊരു കൂടുമാറ്റം.
മനസ്സിലാണ് എന്നും എപ്പോഴും 
സ്വപ്നങ്ങള്‍ വിടരുന്നത്...

മനസ്സില്‍ വിടരുന്ന സ്വപ്നങ്ങളെക്കുറിച്ചോര്‍ത്ത് ആ പച്ചപ്പുല്‍ മൈതാനത്തേക്കെത്തുമ്പോള്‍ മുന്നില്‍ നീലക്കുപ്പായത്തില്‍ ഫര്‍ഹാന്‍ പുഞ്ചിരിതൂകി നിന്നു. കാഴ്ചയില്ലാത്തവരുടെ ജീവിതം അറിയണമെങ്കില്‍ കുറച്ചുനേരമെങ്കിലും അന്ധകാരം എന്തെന്നറിയണമെന്നു പറഞ്ഞ ഒരാളെ മനസ്സില്‍ അറിയാതെ ഓര്‍ത്തുപോയി. നട്ടുച്ചവെയിലില്‍ നെറ്റിയില്‍ നിന്ന് ഇറ്റിറ്റുവീഴുന്ന വിയര്‍പ്പുതുള്ളികള്‍ തുടച്ച് ഫര്‍ഹാന്‍ ആ ബൗണ്ടറിലൈനിനരികില്‍ വിശേഷങ്ങള്‍ പറയാനിരുന്നപ്പോള്‍ കേട്ടതെല്ലാം പക്ഷേ അന്ധകാരത്തിന്റെ കറുപ്പായിരുന്നില്ല. 

കൂട്ടുകാര്‍ കളിക്കുമ്പോള്‍ ഒന്നും കാണാന്‍ കഴിയാതിരുന്നിട്ടും മൈതാനത്തിന്റെ അരികിലിരുന്ന പയ്യന്‍...കാണാത്ത കളി കൂട്ടുകാരുടെ ആരവങ്ങളില്‍ കേട്ടറിഞ്ഞ പയ്യന്‍...ദൈവം തന്ന പരിമിതികളെ അതിജീവിക്കാന്‍ ദൈവത്തോടുതന്നെ പ്രാര്‍ത്ഥിച്ച് പോരാട്ടം തുടര്‍ന്ന പയ്യന്‍...ഒടുവില്‍ നിലമ്പൂരുകാരന്‍ മുഹമ്മദ് ഫര്‍ഹാന്‍ എന്ന 23കാരന്‍ കാഴ്ചാപരിമിതരുടെ ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിലെത്തുമ്പോള്‍ ആ ജീവിതത്തെ ഇങ്ങനെ കുറിക്കാം...സ്വപ്നങ്ങള്‍ തെളിയുന്നത് കണ്ണുകളിലല്ല...മനസ്സിലാണ്. 

കാഴ്ച മനസ്സിലുണ്ടാകണം

വലതുകണ്ണിന് പൂര്‍ണമായി അന്ധത...ഇടതുകണ്ണിന് നാല്‍പ്പതുശതമാനം അന്ധത...ഫര്‍ഹാന്‍ ജനിച്ചുവീണപ്പോള്‍ ഡോക്ടര്‍മാര്‍ വിധിയെഴുതിയത് ഇങ്ങനെയായിരുന്നു. ഞെരമ്പുകളിലെ പ്രശ്‌നമാണ് അന്ധതയ്ക്ക് കാരണമായതെന്ന് കണ്ടെത്തിയെങ്കിലും അതിന് ചികിത്സയില്ലായിരുന്നു. 

കാഴ്ചശക്തി കൂട്ടാന്‍ ഒരു ശതമാനംപോലും സാധ്യതയില്ലെന്ന് ഉറപ്പായതോടെ മാതാപിതാക്കള്‍ നിരാശരായെങ്കിലും ഫര്‍ഹാന്‍ പക്ഷേ അങ്ങനെയായിരുന്നില്ല. വലുതായി വരുന്തോറും ഫര്‍ഹാന്റെ മനസ്സിന്റെ നിശ്ചയദാര്‍ഢ്യത്തിനും കരുത്ത് കൂടിയതല്ലാതെ കുറഞ്ഞില്ല. മനസ്സുകൊണ്ടു സ്വപ്നം കണ്ട ഫര്‍ഹാന്‍ തന്റെ ലക്ഷ്യങ്ങളിലേക്ക് പതുക്കെ യാത്ര തുടങ്ങി. 

മങ്കട വള്ളിക്കാപ്പറ്റ അന്ധവിദ്യാലയത്തില്‍ ചേര്‍ന്ന ഫര്‍ഹാന്‍ ആ മുറ്റത്തുനിന്നാണ് നിറമുള്ള സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങിയത്. പഠിക്കാന്‍ മോശമല്ലാതിരുന്ന ഫര്‍ഹാന്‍ ക്രിക്കറ്റിന്റെ ആവേശത്തിലേക്ക് പതുക്കപതുക്കെ നടന്നുതുടങ്ങുമ്പോള്‍ പ്രോത്സാഹിപ്പിക്കാന്‍ അധ്യാപകരും കൂട്ടുകാരും ഒരുപോലെയുണ്ടായിരുന്നു. സ്‌കൂള്‍ ടീമിലെ മികച്ച പ്രകടനങ്ങള്‍ ജില്ലാ ടീമിലെത്തിച്ച ഫര്‍ഹാന് മുന്നില്‍ സംസ്ഥാന ടീമിന്റെ വാതില്‍ തുറക്കാനും അധികകാലം വേണ്ടി വന്നില്ല. 

സംസ്ഥാന ടീമിന്റെ ക്യാപ്റ്റനായ ഫര്‍ഹാന്‍ ദേശീയ മത്സരങ്ങളില്‍ മിന്നുന്ന പ്രകടനം തുടര്‍ക്കഥയാക്കിയതോടെ ടീം ഇന്ത്യയുടെ നീലക്കുപ്പായം കിട്ടാനും അധികനാള്‍ കാത്തിരിക്കേണ്ടി വന്നില്ല. ചുരുങ്ങിയ കാലം കൊണ്ട് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയതിനെപ്പറ്റി ചോദിക്കുമ്പോള്‍ ഫര്‍ഹാന്‍ ആ വാചകം ആവര്‍ത്തിക്കുന്നു...സ്വപ്നങ്ങള്‍ കാണേണ്ടത് മനസ്സിലല്ലേ?

തടസ്സങ്ങള്‍ വഴികളാകണം

''നമുക്ക് ലക്ഷ്യങ്ങളുണ്ടെങ്കില്‍ മുന്നില്‍ ഒരുപാടു തടസ്സങ്ങളുമുണ്ടാകും. പക്ഷേ ഓരോ തടസ്സവും ലക്ഷ്യത്തിലേക്കുള്ള വഴികളാകണം. അങ്ങനെയെങ്കില്‍ നമുക്ക് തീര്‍ച്ചയായും ലക്ഷ്യത്തിലെത്താം...'' ലോകകപ്പ് മത്സരത്തില്‍ ഓസീസിനെതിരെ കളിക്കാന്‍ കൊച്ചിയിലെത്തിയ ഫര്‍ഹാനെ രാജഗിരി കോളേജ് ഗ്രൗണ്ടില്‍ വെച്ചു കണ്ടുമുട്ടുമ്പോള്‍ പറഞ്ഞ വാചകങ്ങളില്‍ വലിയൊരു ജീവിത വിജയത്തിന്റെ കഥയുണ്ട്. 

പ്ലസ് ടു പഠനം കഴിഞ്ഞ് മമ്പാട് എം.ഇ.എസ്. കോളേജില്‍ നിന്ന് എക്കണോമിക്സില്‍ ഡിഗ്രിയെടുത്ത ഫര്‍ഹാന്‍ ഇപ്പോള്‍ എടക്കരയില്‍ ഐ.സി.ഡി.എസ്. പ്രോജക്ടില്‍ എല്‍.ഡി.സി. ആയി ജോലി ചെയ്യുകയാണ്. ഈ ജീവിതം എത്തിപ്പിടിക്കാന്‍ ഒരുപാട് പ്രയാസങ്ങള്‍ നേരിട്ടെന്നാണ് ഫര്‍ഹാന്‍ പറയുന്നത്.

''കാഴ്ചയില്ലാത്തത് വലിയൊരു വെല്ലുവിളിയാണ്. പക്ഷേ ഓരോ തടസ്സവും ലക്ഷ്യത്തിലേക്കുള്ള വഴിയാകണമെന്ന് എന്റെ മനസ്സ് പറഞ്ഞിരുന്നു. ആറു മക്കളാണ് ഞങ്ങളുടെ കുടുംബത്തിലുള്ളത്. മൂന്ന് സഹോദരിമാരുടെ കല്യാണം കഴിഞ്ഞു. ഉമ്മ മരിച്ചുപോയതിനാല്‍ ഇപ്പോള്‍ ഉപ്പയും ഞാനും രണ്ട് അനുജന്‍മാരുമാണ് വീട്ടിലുള്ളത്. ഒരു കണ്ണിന് പൂര്‍ണമായും കാഴ്ചയില്ല. മറ്റേ കണ്ണിലുള്ള ഇത്തിരി കാഴ്ചയിലാണ് ഞാന്‍ എന്റെ ജീവിതം മുന്നോട്ടുകൊണ്ടു പോകുന്നത്. പക്ഷേ എന്നുകരുതി ജോലിയില്‍ അല്‍പ്പം പോലും വിട്ടുവീഴ്ചയ്ക്ക് ഞാന്‍ തയ്യാറല്ല. കംപ്യൂട്ടറിനോട് ചേര്‍ന്നിരുന്ന് നോക്കുമ്പോള്‍ കുറച്ചുകാണാന്‍ കഴിയും. അങ്ങനെയാണ് ഞാന്‍ ജോലി ചെയ്യുന്നത്. പിന്നെ ഓഫീസിലെ സഹപ്രവര്‍ത്തകരും സഹായിക്കാറുണ്ട്. പരിമിതികളെ അതിജീവിച്ച് ജീവിതം നന്നായി കൊണ്ടുപോകണമെന്നാണ് എന്റെ ആഗ്രഹം...''ഫര്‍ഹാന്‍ പറയുന്നു. 

കാതോര്‍ക്കും പന്തിനായി

ഇത്തിരിക്കാഴ്ചയില്‍ ഫര്‍ഹാന്‍ എങ്ങനെയാണ് ക്രിക്കറ്റ് കളിക്കുന്നത്?...ചോദ്യം കേട്ട് ആദ്യം പുഞ്ചിരിച്ച ഫര്‍ഹാന്‍ പിന്നെ ആ കളിയെപ്പറ്റി പറഞ്ഞു. ''ബൗളര്‍ പന്തെറിയുമ്പോള്‍ ഞാന്‍ ഒന്നും കാണാറില്ല. ഇരുട്ട് മാത്രം നിറഞ്ഞ മുന്നില്‍ ആ പന്തിന്റെ കിലുക്കത്തിന് കാതോര്‍ക്കും. പന്ത് അടുക്കലേക്ക് വരുന്നതിന്റെ വേഗവും ദിശയുമൊക്കെ കിലുക്കം കേട്ടാണ് മനസ്സില്‍ കുറിക്കുന്നത്. പന്ത് തൊട്ടടുത്ത് എത്തുമ്പോള്‍ അവ്യക്തമായി അത് കാണാനാകും. ആ നിമിഷത്തില്‍ തന്നെ കളിക്കേണ്ട ഷോട്ട് ഏതാണെന്ന് തീരുമാനിച്ച് ഞാന്‍ അടിച്ചിരിക്കും...'' ഫര്‍ഹാന്‍ പറയുമ്പോള്‍ ആ കണ്ണുകള്‍ രണ്ടും അടഞ്ഞിരിക്കുകയായിരുന്നു.

 ഫര്‍ഹാന്‍ ക്രിക്കറ്റിലേക്കെത്തുന്നതും കളിയുടെയും പന്തിന്റെയും താളം കേട്ടറിഞ്ഞുതന്നെയായിരുന്നു. ''കുട്ടിക്കാലത്ത് പറമ്പില്‍ കളിക്കാന്‍ എനിക്കും വലിയ മോഹമുണ്ടായിരുന്നു. കണ്ണ് കാണാനാകില്ലെങ്കിലും കൂട്ടുകാര്‍ക്കൊപ്പം ഞാനും കളിക്കാന്‍ പോകുമായിരുന്നു. അവര്‍ കളി തുടങ്ങുമ്പോള്‍ ഞാന്‍ ഏതെങ്കിലും ഒരു വശത്ത് പോയി ഒറ്റയ്ക്കിരിക്കും. പക്ഷേ അവരുടെ ആരവങ്ങള്‍ കാതുകളിലേക്കെത്തുമ്പോള്‍ എനിക്ക് ആവേശമേറും. കാതോര്‍ത്തിരുന്ന് കളിയുടെ ഓരോ നിമിഷവും ഞാന്‍ മനസ്സിലാക്കുമായിരുന്നു. അങ്ങനെ ഒറ്റയ്ക്കിരുന്ന് കളി കേട്ടാണ് ഞാന്‍ സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങിയത്. അതിപ്പോ ദാ ഇന്ത്യന്‍ ടീം വരെയെത്തിയില്ലേ...'' ഫര്‍ഹാന്റെ ചോദ്യത്തില്‍ സന്തോഷത്തിന്റെ നിറഞ്ഞ സ്വപ്നങ്ങളുണ്ടായിരുന്നു. 

കോലിയും മെസിയും പിന്നെ കൂട്ടുകാരും

ലോകകപ്പില്‍ കളിക്കാന്‍ കൊച്ചിയിലെത്തുമ്പോള്‍ ഫര്‍ഹാന് മറ്റൊരു വലിയ സന്തോഷവുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ കളിക്കാന്‍ പോയപ്പോള്‍ ഇന്ത്യന്‍ താരങ്ങളായ ബുംറയെയും പാര്‍ത്ഥിവ് പട്ടേലിനെയും നേരില്‍ കാണാന്‍ കഴിഞ്ഞു. അവര്‍ അടുത്തെത്തിയപ്പോള്‍ ഇത്തിരിക്കാഴ്ചയില്‍ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച ഫര്‍ഹാന് ഇനി മറ്റൊരു സ്വപ്നവുമുണ്ട്. 

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ നേരില്‍ കാണണം. കോലിയെയും ആശിഷ് നെഹ്റയെയും ഒരുപാടിഷ്ടപ്പെടുന്ന ഫര്‍ഹാന് ക്രിക്കറ്റിനോളം തന്നെ ഇഷ്ടമാണ് ഫുട്ബോളും. മെസിയെ ഒരുപാടിഷ്ടപ്പെടുന്ന ഫര്‍ഹാന്റെ ഇഷ്ട ക്ലബ്ബ് ബാഴ്സലോണയും ടീം ജര്‍മനിയുമാണ്. ടി.വി.യില്‍ ഫുട്ബോള്‍ കളിയുണ്ടെന്നറിഞ്ഞാല്‍ ഫര്‍ഹാന്‍ അവിടെ പാഞ്ഞെത്തും. 

പിന്നെ ടി.വി.യുടെ തൊട്ടരികിലിരുന്ന് സ്‌ക്രീനിലേക്ക് കണ്ണുകള്‍ ചേര്‍ത്തുവയ്ക്കും. അപ്പോള്‍ ഇത്തിരിക്കാഴ്ചയില്‍ ഫുട്ബോള്‍കളി ഫര്‍ഹാന്റെ മുന്നില്‍ നിറഞ്ഞൊഴുകും. അതുകണ്ട് എത്രനേരം വേണമെങ്കിലും ഇരിക്കാന്‍ ഫര്‍ഹാന് ഒരു മടിയുമില്ല.

എന്തിനും ഏതിനും കൂട്ടുകാരുടെ സഹായം ഒരുപാട് കിട്ടാറുള്ള ഫര്‍ഹാന് അവരെപ്പറ്റി പറയാനും നൂറ് നാവാണ്. കൂട്ടുകാരുടെ കളി കേട്ട് ക്രിക്കറ്റിലേക്കെത്തിയ ഫര്‍ഹാനെ പ്രോത്സാഹിപ്പിക്കാന്‍ അവര്‍ എവിടെയുമെത്താറുണ്ട്. കൊച്ചിയില്‍ ഫര്‍ഹാന്‍ ഓസീസിനെതിരെ കളിക്കുന്നത് കാണാന്‍ ഇരുപതോളം കൂട്ടുകാരാണ് മലപ്പുറത്തുനിന്നെത്തിയത്. കൂട്ടുകാരെ സാക്ഷിയാക്കി ലോകകപ്പിലെ ആദ്യ അര്‍ധ സെഞ്ചുറി നേടിയ ഫര്‍ഹാന്‍ രാജ്യത്തിനായി ഇനിയുമേറെ കളിക്കണമെന്ന മോഹത്തിലാണ്. ഇതിനിടെ ജീവിതത്തിലും മഴവില്‍ നിറമുള്ള ഒരു സ്വപ്നത്തിലേക്ക് ഫര്‍ഹാന്‍ യാത്ര തുടങ്ങിക്കഴിഞ്ഞു. 

അയല്‍വാസിയും കൂട്ടുകാരിയുമായ പെണ്‍കുട്ടിയുമായുള്ള വിവാഹം ഉറപ്പിച്ച് ഫര്‍ഹാന്‍ കാത്തിരിക്കുകയാണ്. പ്രതീക്ഷകളുടെ പുതിയ വെളിച്ചവുമായി ആ കൂട്ടുകാരി കടന്നുവരുമ്പോള്‍ ജീവിതത്തില്‍ പുതിയൊരു ഇന്നിങ്സ് തുടങ്ങുകയായി...അത് കാത്തിരിക്കുമ്പോഴും ഫര്‍ഹാന്‍ പറയുന്നത് ആ വാചകം തന്നെയാണ്...സ്വപ്നങ്ങള്‍ തെളിയുന്നത് കണ്ണുകളിലല്ല..മനസ്സിലാണ്.