ക്രിക്കറ്റിനെ എന്നും സ്‌നേഹിക്കുകയും നെഞ്ചോട് ചേര്‍ക്കുകയും ചെയ്യുന്നവരാണ് നമ്മള്‍ ഇന്ത്യക്കാര്‍. എന്നാല്‍ കാഴ്ചപരിമിതരുടെ ക്രിക്കറ്റിന് ഇന്ത്യയില്‍ അത്ര പ്രചാരമില്ല. പക്ഷേ നേട്ടത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം നില്‍ക്കുന്നവരാണ് കാഴ്ചപരിമിതരുടെ ടീം ഇന്ത്യയും. കഴിഞ്ഞ ദിവസം ടിട്വന്റി ലോകകപ്പില്‍ ചാമ്പ്യന്‍മാരായത് മാത്രമല്ല ഇന്ത്യയുടെ നേട്ടം. 2012ല്‍ നടന്ന ടിട്വന്റി ലോകകപ്പിലും 2014ലെ ഏകദിന ലോകകപ്പിലും 2015ലെ ഏഷ്യാകപ്പിലും ഇന്ത്യ തന്നെയായിരുന്നു ചാമ്പ്യന്‍മാര്‍.

ഈ ടൂര്‍ണമെന്റുകളെല്ലാം ഇന്ത്യയെ നേടാന്‍ പ്രാപ്തമാക്കിയതിന് പിന്നില്‍ ഒരു മലയാളി സാന്നിധ്യമുണ്ട്. കാഴ്ചപരിമതരുടെ ഇന്ത്യന്‍ ടീം അസിസ്റ്റന്റ് കോച്ച് സജു കുമാര്‍. 2015 ഏഷ്യാകപ്പ് ഇന്ത്യ നേടുമ്പോള്‍ അന്ന് ഇന്ത്യന്‍ കോച്ച് സജു കുമാറായിരുന്നു. ഇന്ത്യന്‍ ടീം ചാമ്പ്യന്‍മാരായതിന്റെ സന്തോഷം സജുകുമാര്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുന്നു.


ടിട്വന്റി ലോകകപ്പ് നിലനിര്‍ത്തിയപ്പോള്‍ എന്താണ് തോന്നുന്നത്. ഈ വിജയം പ്രതീക്ഷിച്ചിരുന്നോ?

വളരെയധികം സന്തോഷം തോന്നുന്നുണ്ട്. കാരണം 2012ലെ ടിട്വന്റി ലോകകപ്പിലും നമ്മള്‍ വിജയിച്ചു. ഇപ്പോള്‍ 2017 ലോകകപ്പില്‍ അത് നിലനിര്‍ത്താനും സാധിച്ചു. ശരിക്കും എനിക്ക് കഴിഞ്ഞ ഏഷ്യാകപ്പിന്റെ ഒരു തനിയാവര്‍ത്തനം പോലെയാണ് ഈ വിജയം തോന്നിയത്. അന്ന് കൊച്ചിയില്‍ നടന്ന മത്സരത്തിലും നമ്മള്‍ പാകിസ്താനെ തകര്‍ത്താണ് കപ്പ് അടിച്ചത്. അന്ന് ഞാനായിരുന്നു ടീം കോച്ച്. ലീഗ് മത്സരങ്ങളുടെ തുടക്കത്തില്‍ നമ്മള്‍ അത്ര മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാറില്ല. എന്നാല്‍ ഫൈനലിലേക്ക് എത്തുന്നതോടെ കഥ മാറും. ഫൈനലില്‍ എത്ര ശക്തരേയും തോല്‍പ്പിക്കാനുള്ള കഴിവ് നമ്മുടെ താരങ്ങള്‍ക്കുണ്ട്. ടീമിലെ 17 താരങ്ങളും മികച്ചവരാണ്.

പാകിസ്താനെ പോലൊരു മികച്ച ടീമിനെ ഫൈനലില്‍ നേരിടുമ്പോള്‍ എന്തൊക്കെ മുന്നൊരുക്കങ്ങളാണ് എടുത്തിരുന്നത്?

ശരിക്കും പറഞ്ഞാല്‍ നമ്മള്‍ വ്യക്തമായ പ്ലാനിങ്ങോടു കൂടിയാണ് മത്സരത്തെ സമീപിച്ചത്. ടോസ് നേടിയാല്‍ ബൗളിങ് തിരഞ്ഞെടുക്കാനായിരുന്നു പദ്ധതി. അതിനാല്‍ തന്നെ ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ് എടുത്തതില്‍ വിഷമം തോന്നിയില്ല. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 20 ഓവറില്‍ 309 റണ്‍സ് സ്‌കോര്‍ ചെയ്ത ടീമാണ് പാകിസ്താന്‍. എന്നാല്‍ അവരെ ഒരു 200 മുതല്‍ 230 വരെയുള്ള സ്‌കോറില്‍ പിടിച്ചുകെട്ടാനായാല്‍ വിജയിക്കാമെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു. അവരുടെ ബാറ്റ്‌സ്മാന്‍മാരുടെ കളി കണ്ട ശേഷം അതനുസരിച്ച് ഫീല്‍ഡ് സെറ്റ് ചെയ്താണ് ഫൈനലിന് ഇറങ്ങിയത്. അതു കൊണ്ട് അവരെ 197ല്‍ പിടിച്ചു കെട്ടാനായി. നമ്മുടെ ബൗളര്‍മാരുടെ മികവും ഈ വിജയത്തില്‍ നിര്‍ണായകമായി.

ടീമിലെ മലയാളി സാന്നിധ്യമായ ഫര്‍ഹാനെ പറ്റി എന്താണ് പറയാനുള്ളത്. ഫര്‍ഹാന്റെ പ്രകടനങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു.?

ഫര്‍ഹാന് രണ്ട് മത്സരങ്ങളില്‍ മാത്രമേ കളിക്കാന്‍ സാധിച്ചുള്ളു. മുംബൈയിലെ ദക്ഷിണാഫ്രിക്കയുമായുള്ള മത്സരത്തില്‍ ഫര്‍ഹാന്‍ പേശി വലിവുമായാണ് കളിച്ചത്. പിന്നീട് കൊച്ചിയില്‍ നടന്ന മത്സരത്തിലും ഫര്‍ഹാന്‍ പരിക്കുമായി തന്നെയാണ് ഇറങ്ങിയത്. ആ മത്സരത്തില്‍ മലയാളികളുടെ അഭിമാനം കാത്തുകൊണ്ട് ഫര്‍ഹാന്‍ അര്‍ധസെഞ്ചുറി കുറിച്ചു. എന്നാല്‍ അതിന്് ശേഷം പരിക്ക് കൂടിയതോടെ ഫര്‍ഹാന് റിട്ടയര്‍ ചെയേണ്ടിവന്നു. കളിച്ച രണ്ട് മത്സരങ്ങളിലും ഫര്‍ഹാന്‍ പുറത്തായിരുന്നില്ല. പിന്നീട് പരിക്ക് മൂലം ഫര്‍ഹാന് ഇറങ്ങാന്‍ സാധിച്ചതുമില്ല.

ടീമിനെ കുറിച്ച് എന്താണ് പറയാനുള്ളത്?

ടീമിനെ 17 പേരും മികച്ചവരാണ്. അതില്‍ നിന്നും 11 പേരെ തിരഞ്ഞെടുക്കുക എന്ന് പറയുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഇന്ത്യയുടെ സ്‌കോര്‍ കാര്‍ഡ് എടുത്തു നോക്കിയാല്‍ അത് മനസിലാകും. ഒരു അജയ് റെഡ്ഢിയോ പ്രകാശോ മാത്രമല്ല സ്‌കോര്‍ ചെയ്തിരിക്കുന്നത്. അവിടെ കേദന്‍ പട്ടേല്‍ ഇറങ്ങിയാലും നന്നായി കളിക്കും. കര്‍ണാടകയുടെ സുനിലൊക്കെ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ 160 റണ്‍സ് എടുത്തു. അതുകൊണ്ട് നമുക്ക് എന്ത് മാനദണ്ഡത്തില്‍ ഇവരെ മാറ്റും എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. പിന്നെ നമ്മള്‍ ആ മത്സരത്തിന്റെ സന്ദര്‍ഭം വച്ചാണ് കളിക്കാരെ തിരഞ്ഞെടുക്കുന്നത്. പാകിസ്താന്‍ താരങ്ങള്‍ ഫാസ്റ്റ് ബൗളേഴ്‌സിനെ നേരിടാന്‍ മിടുക്കരായതു കൊണ്ട് നമ്മള്‍ ടീമില്‍ കൂടുതല്‍ സ്പിന്നര്‍മാരെയാണ് ഉള്‍പ്പെടുത്തിയത്. അങ്ങനെ സാഹചര്യം വച്ച് മാത്രമേ നമുക്ക് ഒരാളെ പുറത്തിരുത്താന്‍ കഴിയുകയുള്ളു. അത്രയ്ക്ക് മികച്ച ടീമാണ് ഇന്ത്യയുടേത്.

സര്‍ക്കാരില്‍ നിന്നും ബ്ലൈന്‍ഡ് ക്രിക്കറ്റിന് ആവശ്യമായ സഹായങ്ങള്‍ കിട്ടാറുണ്ടോ?

തീര്‍ച്ചയായും. മന്ത്രി തോമസ് ഐസക് ബ്ലൈന്‍ഡ് ക്രിക്കറ്റ് ബജറ്റില്‍ 10 ലക്ഷം രൂപ മാറ്റി വെച്ചിട്ടുണ്ടായിരുന്നു. അത് ശരിക്കും വലിയൊരു അനുഗ്രഹമാണ്. പിന്നെ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഫര്‍ഹാന്‍, മനീഷ്, വിഷ്ണു (കേരളത്തില്‍ നിന്നും ഇന്ത്യക്ക് വേണ്ടി കളിച്ച) എന്നിവര്‍ക്ക് സാമൂഹികക്ഷേമ വകുപ്പില്‍ ജോലി നല്‍കിയിരുന്നു. ശരിക്കും അവരുടെ കുടുംബങ്ങള്‍ക്ക് വലിയൊരു ആശ്വാസമായിരുന്നു അത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കിയാല്‍ കേരളം ക്യാഷ് അവാര്‍ഡ് ഒന്നും തന്നെ കൊടുത്തിട്ടില്ല. ഉദാഹരണത്തിന് കഴിഞ്ഞ വര്‍ഷം കര്‍ണാടക സര്‍ക്കാര്‍ ലോകകപ്പ് നേടിയ ടീമിലെ ഓരോ താരത്തിനും പത്ത് ലക്ഷം രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കിയിരുന്നു. എന്നാലും അതിലും വലിയ കാര്യമാണ് നമ്മുടെ സര്‍ക്കാര്‍ ചെയ്തത് എന്നാണ് എനിക്ക് തോന്നുന്നത്. സര്‍ക്കാര്‍ ജോലി നല്‍കി അവരുടെ ജീവിതം സുരക്ഷിതമാക്കി കൊടുത്തു.

ഈ പരസ്യങ്ങളും മാധ്യമങ്ങളും മറ്റു കായിക ഇനങ്ങളെ പിന്തുണയ്ക്കുന്ന പോലെ ഇവരെ പിന്തുണയ്ക്കുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ?

തീര്‍ച്ചയായും. അങ്ങനെ തോന്നിയിട്ടുണ്ട്. ശരിക്കും ഇവരെ വികലാംഗര്‍ എന്നല്ലല്ലോ വിഭിന്ന ശേഷിയുള്ളവര്‍ എന്നലെ പറയേണ്ടത്. അവരുടെ പരിമിതികള്‍ക്ക് ഉള്ളില്‍ നിന്നു കൊണ്ട് അവരെ കൊണ്ടാകുന്നതിന്റെ പരമാവധി അവര്‍ രാജ്യത്തിനായി ചെയ്യുന്നുണ്ട്. ഒരു തവണയല്ല ഇതിപ്പോള്‍ നാലാം തവണയാണവര്‍ ഒരു പ്രധാന ടൂര്‍ണമെന്റ് നേടുന്നത്. 2012ലെ ടിട്വന്റി ലോകകപ്പ്, 2014ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഏകദിന ലോകകപ്പ്, പിന്നെ നമ്മുടെ സ്വന്തം നാട്ടില്‍ കൊച്ചിയില്‍ നടന്ന ഏഷ്യാ കപ്പ്, ഇപ്പോഴിതാ വീണ്ടും ടിട്വന്റി ലോകകപ്പ് കിരീടം. ഇതില്‍ ഏറ്റവും വലിയ പ്രത്യേകത രണ്ടാം തവണയും നമ്മള്‍ ലോകകപ്പ് നിലനിര്‍ത്തി എന്നുള്ളതാണ്.

വിജയാഘോഷങ്ങളൊക്കെ കഴിഞ്ഞോ? എന്നാണ് എല്ലാവരും ബെംഗളൂരുവില്‍ നിന്ന് തിരിക്കുന്നത്?

വിജയാഘോഷങ്ങള്‍ നടക്കുകയാണ്. തിങ്കളാഴ്ച രാവിലെ കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പയുടെ വീട്ടില്‍ ടീമംഗങ്ങള്‍ക്കെല്ലാം വിരുന്നുണ്ടായിരുന്നു. പ്രധാനമന്ത്രിയെ കാണാന്‍ പോകുന്നുണ്ട്. അത് മിക്കവാറും ചൊവ്വാഴ്ച്ചയായിരിക്കും.

ഇനി ടീമിന്റെ പ്രധാന മത്സരങ്ങള്‍ എതൊക്കെയാണ്.?

അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റ്. ഇത്തവണയും ലോകകപ്പ് നിലനിര്‍ത്താന്‍ നമുക്ക് സാധിക്കുമെന്ന് തന്നെയാണ് വിശ്വാസം.