'ചവിട്ടി'ക്കളിച്ച മിസോറമിനെ ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് കീഴടക്കി കേരളം എഴുപത്തിയൊന്നാമത് സന്തോഷ് ട്രോഫിയുടെ സെമിഫൈനലിലെത്തി. ബി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരളം ഞായറാഴ്ച സെമിബര്‍ത്ത് ഉറപ്പിച്ചത്. രണ്ടാം മത്സരത്തില്‍ മഹാരാഷ്ട്ര പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നതോടെയാണ് ഒരു കളി ബാക്കിനില്‍ക്കെ കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായത്.

കേരളത്തിനുവേണ്ടി പകരക്കാരനായിവന്ന അണ്ടര്‍ 21 താരം അസ്ഹറുദ്ദീന്‍ ഇരട്ടഗോള്‍ നേടി. 65, 84 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. ആദ്യപകുതിയുടെ ഏഴാം മിനിറ്റില്‍ ജോബി ജസ്റ്റിനും ഒമ്പതാം മിനിറ്റില്‍ സീസണും ഗോള്‍ നേടിയിരുന്നു.

ഇരുപത്തിയാറാം മിനിറ്റുമുതല്‍ പത്തുപേരുമായി കളിച്ച മിസോറമിന്റെ ആശ്വാസഗോള്‍ ലാല്‍റാമവിയയുടെ (86ാം മിനിറ്റ്) വകയായിരുന്നു. ഇതുവരെ നാലു ഗോളുകള്‍ നേടിയ ജോബി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി തുടരുന്നു. അരഡസന്‍ തുറന്ന ഗോളവസരങ്ങള്‍ പാഴാക്കിയിരുന്നില്ലെങ്കില്‍ സ്‌കോര്‍ രണ്ടക്കം കടക്കുമായിരുന്നു.

മുന്‍മത്സരത്തില്‍നിന്ന് മൂന്നു മാറ്റങ്ങളുമായാണ് കേരളം ഇറങ്ങിയത്. ക്യാപ്റ്റന്‍ ഉസ്മാനുപകരം മുന്നേറ്റനിരയില്‍ സഹല്‍ അബ്ദുള്‍ സമദിനെ ഇറക്കി. കഴിഞ്ഞ കളിയില്‍ ഇരട്ടഗോളോടെ തിളങ്ങിയ മുഹമ്മദ് പാറക്കോട്ടിലിനെ അസ്ഹറുദ്ദീനു പകരം ആദ്യപതിനൊന്നില്‍ത്തന്നെ ഇറക്കി. പ്രതിരോധത്തില്‍ നജേഷിനു പകരം എസ്. ലിജോ തിരിച്ചെത്തി. ഷെറിന്‍ സാമായിരുന്നു ക്യാപ്റ്റന്‍.

തുടക്കം ജോബി
 
രണ്ടാം മിനിറ്റില്‍ത്തന്നെ കേരളം ഗോളടിച്ചെന്നു തോന്നിച്ചു. ലിജോയുടെ ത്രോ. ജോബിയുടെ ഹെഡര്‍ ഗോളിയുടെ കൈയില്‍ ഭദ്രം. ഏഴാം മിനിറ്റ്. ലിജോവിനെ വീഴ്ത്തിയതിന് കേരളത്തിന് ഫ്രീകിക്ക്. കിക്കെടുത്ത ശ്രീരാഗ് ഉയര്‍ത്തിനല്‍കിയ പന്തിന് ബോക്സിനുള്ളില്‍ ചാടിയുയര്‍ന്ന് ജോബി തലവെച്ചു. മിസോറമിനെ ഞെട്ടിച്ച് പന്ത് വലയില്‍ (10).

ബുള്ളറ്റ് സീസണ്‍
 
ആദ്യഗോളിന്റെ ഞെട്ടലില്‍നിന്ന് മിസോറം മുക്തരായിട്ടില്ല. ഒമ്പതാം മിനിറ്റ്. ജിജോ ജോസഫില്‍നിന്ന് ജിഷ്ണുവഴി കൈമാറിക്കിട്ടിയ പന്ത് സീസണിന്റെ കാലുകളില്‍. ബോക്സിന് മുന്നില്‍നിന്ന് സീസണ്‍ തൊടുത്ത ബുള്ളറ്റ് ഷോട്ട് വലതുപോസ്റ്റില്‍ (20). പന്ത് എവിടെയെത്തിയെന്ന് വലചലിച്ചപ്പോഴേ മിസോറമുകാര്‍ക്ക് പിടികിട്ടിയുള്ളൂ.
santhosh trophy

ചവിട്ടിക്കളി
 
ആദ്യ പത്തുമിനിറ്റില്‍ത്തന്നെ രണ്ടുഗോളിന് പിന്നിലായതോടെ മിസോറമുകാര്‍ക്ക് വിറളിപിടിച്ചു. ഉയരംകുറഞ്ഞ അവര്‍ പന്തുകിട്ടാതാവുകകൂടി ചെയ്തതോടെ കേരളതാരങ്ങളെ വീഴ്ത്തിത്തുടങ്ങി. 16, 25 മിനിറ്റുകളില്‍ മിസോറമുകാര്‍ മഞ്ഞക്കാര്‍ഡ് ഇരന്നുവാങ്ങി. തൊട്ടടുത്ത മിനിറ്റില്‍ തനിക്കനുകൂലമായി ഫൗള്‍ വിളിക്കാതിരുന്നതിന് റഫറിയോട് തട്ടിക്കയറിയ ലാല്‍ഫക്സുല രണ്ടാം മഞ്ഞയും ചുവപ്പും കണ്ട് പുറത്തുപോയി. പത്തുപേരിലേക്ക് ചുരുങ്ങിയ മിസോറമിന്റെ പ്രതിരോധം ആടിയുലഞ്ഞെങ്കിലും ആദ്യപകുതിയില്‍ കൂടുതല്‍ ഗോള്‍ വന്നില്ല.

ഉശിരന്‍ മാറ്റങ്ങള്‍
 
മുന്നേറ്റത്തില്‍ ക്ഷീണിച്ചുപോയ സഹലിനും ജോബിക്കും പലപ്പോഴും പന്ത് ഓടിയെടുക്കാന്‍ കഴിയാതിരുന്നത് കേരളത്തിന്റെ നീക്കങ്ങളെ ബാധിച്ചു. ഇതു മനസ്സിലാക്കിയ കോച്ച് ഷാജി 62-ാം മിനിറ്റില്‍ സഹലിനു പകരം അസ്ഹറുദ്ദീനെയും 64-ാം മിനിറ്റില്‍ ജോബിക്കു പകരം ക്യാപ്റ്റന്‍ ഉസ്മാനെയും ഇറക്കിവിട്ടു. തൊട്ടടുത്ത മിനിറ്റില്‍ത്തന്നെ ഇരുവരും കോച്ചിന്റെ വിശ്വാസം കാത്തു. മൈതാനമധ്യത്തുനിന്ന് പന്തുമായി മുന്നേറിയ ഉസ്മാന്റെ പാസ്. പന്ത് പിടിച്ചെടുത്ത് അസ്ഹര്‍ ബോക്സിനുള്ളില്‍. പ്രതിരോധഭടനെ വെട്ടിച്ച് ഇടങ്കാലന്‍ അടി. മൂന്നാംവട്ടവും ചലിച്ച് വല. (30)

74ാം മിനിറ്റില്‍ പത്താംനമ്പറുകാരന്‍ ലാല്‍റാമവിയയെ ഇറക്കിയതോടെ മിസോറമിന്റെ നീക്കങ്ങള്‍ക്ക് പതുക്കെ ജീവന്‍വെച്ചു. കേരളം ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. 84-ാം മിനിറ്റില്‍ ജിഷ്ണു. മറിച്ചുനല്‍കിയ പന്ത് വീണ്ടും അസ്ഹറുദ്ദീന്റെ കാലില്‍. ഒരിക്കല്‍ക്കൂടി ഇടങ്കാലുകൊണ്ട് അസ്ഹര്‍ തൊടുത്ത ഷോട്ട് മിസോറം ഗോളിയുടെ കൈയില്‍ത്തട്ടി ഗോള്‍വല ചലിപ്പിച്ചു (40). എണ്‍പത്തിയാറാം മിനിറ്റില്‍ ലാല്‍റാമവിയയുടെ ഷോട്ട് ഗോളി മിഥുനെ കീഴടക്കി വലയില്‍ (41). അവസാന മിനിറ്റുകളില്‍ തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ മിസോറം കിണഞ്ഞു പരിശ്രമിച്ചെങ്കിലും പ്രതിരോധത്തില്‍ ലിജോയും ഷെറിന്‍ സാമും ഇളകാതെനിന്നു.

കേരളത്തിന്റെ അടുത്തമത്സരം ചൊവ്വാഴ്ച മഹാരാഷ്ട്രയ്ക്കെതിരെയാണ്. മിസോറം, റെയില്‍വേ, മഹാരാഷ്ട്ര എന്നിവയിലൊരു ടീം അവസാന മത്സരത്തില്‍ വിജയിക്കുകയാണെങ്കില്‍ ഗ്രൂപ്പില്‍നിന്ന് പഞ്ചാബ് സെമികാണാതെ പുറത്താകും. മിസോറം അവസാന കളി ജയിച്ചാല്‍ അവര്‍ക്കും ഏഴു പോയന്റാകും. കേരളം മഹാരാഷ്ട്രയോട് തോറ്റാല്‍ ഏഴു പോയന്റ്. നേരിട്ടുള്ള ഏറ്റുമുട്ടലില്‍ മിസോറമിനെ തോല്‍പ്പിച്ചതിനാല്‍ കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായി തുടരും.

'സെമിയിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷം. ടീമാകെ ഫോമായിക്കഴിഞ്ഞു. എല്ലാവരും നന്നായി കളിക്കുന്നുണ്ട്. സെമിയിലേക്കാണ് ഇനി ശ്രദ്ധ' -കോച്ച് വി.പി. ഷാജി

'ഗോളുകള്‍ ഉപ്പയ്ക്കും ഉമ്മയ്ക്കും അരീക്കോട്ടുകാര്‍ക്കും എസ്.എസ്. കോളേജിലെ സഹപാഠികള്‍ക്കും സമര്‍പ്പിക്കുന്നു. നന്നായി കളിക്കാനും ടീമിനുവേണ്ടി സ്‌കോര്‍ചെയ്യാനും പറ്റിയതില്‍ സന്തോഷം' -ഇരട്ടഗോള്‍ നേടിയ അസ്ഹറുദ്ദീന്‍