മഡ്ഗാവ്: സന്തോഷ് ട്രോഫിയില്‍ സെമിഫൈനലിലെത്തുന്ന ആദ്യ ടീമായി ബംഗാള്‍. ഗ്രൂപ്പ് എ-യില്‍ മൂന്ന് കളികളില്‍നിന്ന് ഏഴു പോയന്റുമായാണ് ബംഗാള്‍ സെമിയിലേക്ക് മാര്‍ച്ചുചെയ്തത്. 

നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസിനെ മേഘാലയ തോല്‍പ്പിക്കുകയും(2-0) ഗോവ-ചണ്ഡീഗഢ് മത്സരം സമനിലയില്‍(1- 1) കലാശിക്കുകയും ചെയ്തതോടെയാണ് ശനിയാഴ്ച കളത്തിലിറങ്ങാതെതന്നെ ബംഗാള്‍ സെമി ഉറപ്പിച്ചത്. അവസാനമത്സരത്തില്‍ മേഘാലയയോട് തോറ്റാലും ബംഗാള്‍ സെമിയിലെത്തും. നാലു കളിയും പൂര്‍ത്തിയാക്കി നാലു പോയന്റ് നേടിയ ചണ്ഡീഗഢ് ടൂര്‍ണമെന്റില്‍നിന്ന് പുറത്തായി. 

സര്‍വീസസിനെതിരെ ശനിയാഴ്ച 8, 77 മിനിറ്റുകളിലായിരുന്നു മേഘാലയയുടെ ഗോളുകള്‍. ദിബിന്‍ റോയിയും ബിഷര്‍ലാങ്ങും സ്‌കോര്‍ ചെയ്തു. രണ്ടാം മത്സരത്തില്‍ ആതിഥേയര്‍ക്കുവേണ്ടി അണ്ടര്‍ 21 താരം ആരെന്‍ ഡിസില്‍വ പതിമ്മൂന്നാം മിനിറ്റില്‍ സ്‌കോര്‍ ചെയ്തു. രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍ സെഹിജ് പാല്‍ ചണ്ഡീഗഢിനുവേണ്ടി സമനില ഗോള്‍ നേടി. 

'എ' ഗ്രൂപ്പില്‍നിന്നുള്ള അടുത്ത ടീമിനെ അറിയാന്‍ അടുത്തമത്സരങ്ങള്‍ വരെ കാത്തിരിക്കണം. സെമി ഉറപ്പിക്കാന്‍ ആതിഥേയരായ ഗോവയ്ക്ക് അവസാന മത്സരത്തില്‍ സര്‍വീസസുമായി സമനിലയെങ്കിലും പിടിക്കണം. സര്‍വീസസ് ഗോവയെയും മേഘാലയ ബംഗാളിനെയും തോല്‍പ്പിച്ചാല്‍ സര്‍വീസസിനും മേഘാലയക്കും ആറുവീതം പോയന്റാകും. ഗോള്‍ ശരാശരിയുടെ പിന്‍ബലത്തില്‍ ഇവരിലൊരു ടീം സെമിയിലെത്തും. ഗോവ പുറത്താകുകയും ചെയ്യും.