നൗ കാമ്പ്: ലയണല്‍ മെസ്സിയുടെ ഇരട്ടഗോളില്‍ ലാ ലിഗയില്‍ ബാഴ്‌സലോണക്ക് വിജയം. വലന്‍സിയയെ രണ്ടിനെതിരെ നാല് ഗോളിനാണ് ബാഴ്‌സലോണ പരാജയപ്പെടുത്തിയത്‌.

29-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് വായ്പാ അടിസ്ഥാനത്തില്‍ വന്ന ലോനീ മന്‍ഗലയുടെ ഗോള്‍ നൗ കാമ്പിനെ ഞെട്ടിച്ചു. ഹെഡ്ഡറിലൂടെയാണ് ലോനീ വലന്‍സിയയെ മുന്നിലെത്തിച്ചത്. എന്നാല്‍ 35ാം മിനിറ്റില്‍ ലൂയി സുവാരസ് ബാഴ്‌സയെ ഒപ്പമെത്തിച്ചു. 

ആദ്യ പകുതിയുടെ അവസാന നിമിഷം സുവാരസിനെ വീഴ്ത്തിയതിന് ലോനീ മന്‍ഗലക്ക് ചുവപ്പ് കാര്‍ഡും ബാഴ്‌സക്ക് പെനാല്‍റ്റിയും ലഭിച്ചു. ആ പെനാല്‍റ്റി ലയണല്‍ മെസ്സി ലക്ഷ്യത്തിലെത്തിച്ച് ബാഴ്‌സക്ക് ലീഡ് നല്‍കി. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ എല്‍ ഹദ്ദാദി വലന്‍സിയയെ ഒപ്പമെത്തിച്ചതോടെ കളി കൂടുതല്‍ ആവേശത്തിലായി. 

എന്നാല്‍ രണ്ടാം പകുതിയില്‍ ബാഴ്‌സലോണ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. 52ാം മിനിറ്റില്‍ മെസ്സി രണ്ടാം ഗോള്‍ നേടി. പിന്നീട് കളി തീരാന്‍ ഒരു മിനിറ്റ് ബാക്കി നില്‍ക്കെ ആന്ദ്രെ ഗോമസ് ബാഴ്‌സയുടെ വിജയമുറപ്പിച്ച ഗോള്‍ നേടി. വലന്‍സിയയുടെ മിഡ്ഫീല്‍ഡറായിരുന്ന ആന്ദ്രെ ഗോമസിന്റെ ബാഴ്‌സ ജഴ്‌സിയിലുള്ള ആദ്യ ഗോളായിരുന്നു ഇത്. വിജയത്തോടെ 63 പോയിന്റുമായി ബാഴ്‌സ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.