യുവന്റസിനോട് തോറ്റ് ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ സെമിഫൈനല്‍ കാണാതെ ബാഴ്‌സലോണ പുറത്തായപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടത് സൂപ്പര്‍ താരം ലയണല്‍ മെസ്സിയായിരുന്നു. മത്സരത്തിനിടയില്‍ പന്ത് കൈവശപ്പെടുത്താനുള്ള ശ്രമത്തിനിടെ മെസ്സി മൂക്കും കുത്തി ഗ്രൗണ്ടില്‍ വീണ വീഡിയോയും ചിത്രവുമാണ് സോഷ്യല്‍ മീഡിയ മെസ്സിയെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുന്നത്. 

യുവന്റസ് താരം മിരാലെമിനെ മറികടന്ന് പന്തിനായി ഉയര്‍ന്നുചാടിയ മെസ്സി ഗ്രൗണ്ടിലേക്ക് വീഴുകയായിരുന്നു. വീഴ്ച്ചയെ തുടര്‍ന്ന് അര്‍ജന്റീന താരത്തിന്റെ കണ്ണിന് താഴെ മുറിവേല്‍ക്കുകയും ചെയ്തു.

തുടര്‍ന്ന് മെസ്സിയോട് ദയാരഹിതമായാണ് സോഷ്യല്‍ മീഡിയ പെരുമാറിയത്. മെസ്സിയുടെ വീഴ്ച്ച മനോഹരമായിരുന്നുവെന്നും മെസ്സി ഉറങ്ങാന്‍ പോവുകയാണ്, അതിന് മുമ്പ് ഗുഡ്‌നൈറ്റ് പറഞ്ഞേക്കാം എന്ന രീതിയിലുള്ള കുത്തുകളാണ് ട്വിറ്ററിലുള്ളത്. തെരുവില്‍ ബ്രേക്ക് ഡാന്‍സ് ചെയ്യുകയാണെന്നും ഒരു ട്വീറ്റില്‍ പറയുന്നു.