കൊച്ചിക്ക് കാത്തു കാത്തിരുന്ന് കിട്ടിയ കനിയാണ് അണ്ടര്‍-17 ലോകകപ്പ്. ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ്. ഐ.എസ്.എല്ലിനും ഫെഡറേഷന്‍ കപ്പിനുമൊക്കെ വേദിയായ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം യുവ ലോകകപ്പിനും തയ്യാറെടുക്കുമ്പോള്‍ ആവേശത്തിന് പകരം ആശങ്കയുണ്ടാക്കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.

ഫിഫയെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍  കലൂര്‍ സ്‌റ്റേഡിയത്തിന് ഇതുവരെ ഒരുങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്ന് തന്നെയാണ് ഈ ആശങ്കയുടെ കാതല്‍. മാര്‍ച്ച് 24ന് കൊച്ചിയില്‍ അവസാന സന്ദര്‍ശനത്തിന് എത്തിയ ഫിഫ സംഘം മടങ്ങിപ്പോകുമ്പോള്‍ അവരുടെ മുഖത്ത് വേണ്ടത്ര തെളിച്ചമുണ്ടായിരുന്നില്ല. 

മെയ് 15 വരെ കൊച്ചിക്ക് ഒരുങ്ങാന്‍ സമയം അനുവദിച്ച ഫിഫ സംഘം തൊട്ടുപിന്നാലെ ടൂര്‍ണമെന്റിന്റെ ഷെഡ്യൂളും പുറത്തിറക്കി. ആരാധകരുടെ പങ്കാളിത്തം നൂറു ശതമാനം ഉറപ്പുള്ള സ്‌റ്റേഡിയമാണ് കൊച്ചി. എന്നിട്ടും രണ്ട് നോക്കൗട്ട് മത്സരങ്ങള്‍ മാത്രമാണ് കേരളത്തിന് ലഭിച്ചത്. ഒക്‌ടോബര്‍-22ന് നടക്കുന്ന ക്വാര്‍ട്ടര്‍ഫൈനലും, 18-ന് നടക്കുന്ന പ്രീക്വാര്‍ട്ടറും. ഗ്രൂപ്പ് മത്സരങ്ങളും കൊച്ചിയില്‍ നടക്കുമെങ്കിലും ഇന്ത്യ ഉള്‍പ്പെട്ട ഗ്രൂപ്പ് എയിലെ മത്സരങ്ങള്‍ അതിലില്ല. 

പരസ്പര പഴിചാരല്‍

സ്റ്റേഡിയത്തിന്റെ നവീകരണത്തില്‍ വന്ന കാലതാമസമാണ് കൊച്ചിക്ക് സെമിഫൈനലും ഫൈനലും ലഭിക്കാതെ പോയതെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ഫിഫയെ തൃപ്തിപ്പെടുത്താന്‍ എന്തുകൊണ്ട് സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജെ.സി.ഡി.എക്കും കേരള ഫുട്‌ബോള്‍ അസോസിയേഷനും സാധിച്ചില്ല എന്ന ചോദ്യമുയരുമ്പോള്‍ ഇരുവരും പരസ്പരം പഴിചാരുകയാണ് ചെയ്യുന്നത്.

കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ വീഴച്ചയാണ് ഇതിന് കാരണമെന്നും 2016 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ സ്‌റ്റേഡിയത്തില്‍ ഐ.എസ്.എല്‍ മത്സരങ്ങള്‍ നടത്തിയത്‌കൊണ്ടാണ് നവീകരണം വൈകിയതെന്നും ജി.സി.ഡി.എ ആരോപിക്കുന്നു. കൊച്ചിക്ക് സെമിയോ ഫൈനലോ ഫിഫ വാഗദാനം ചെയ്തിട്ടല്ല. പിന്നെന്തിനാണ് അത്തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തുന്നതെന്നും ജി.സി.ഡി.എ ചോദിക്കുന്നു.

എന്നാല്‍ സ്റ്റേഡിയത്തിലെ പലവിധങ്ങളായ ജോലികള്‍ക്കു ടെന്‍ഡറോ ഓര്‍ഡറോ നല്‍കുന്നതില്‍ കാലതാമസം ഉണ്ടായതിനു കെ.എഫ്.എ എങ്ങനെ കുറ്റക്കാരാകുമെന്നും ഒരുക്കങ്ങള്‍ വൈകിയതിന്റെ പേരില്‍ ഐ.എസ്.എല്ലിനെ പഴിചാരുന്നതില്‍ എന്താണു ന്യായമെന്നുമാണ് കെ.എഫ്.എയുടെ പക്ഷം.

ജി.സി.ഡി.എയുടെ നേതൃമാറ്റം മൂലം കാലതാമസമുണ്ടായതിന് കെ.എഫ്.എ ആരെയും കുറ്റം പറയുന്നില്ല. അതു സ്വാഭാവികമാണെന്നുമാണ് കെ.എഫ്.എ ചൂണ്ടിക്കാണിക്കുന്നത്. തെറ്റ് ആരുടെ ഭാഗത്താണെന്ന് അറിയില്ലെങ്കിലും നഷ്ടം സംഭവിച്ചത് ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ക്കാണ് എന്നതാണ് സത്യം. 

മൂന്ന് വര്‍ഷം എന്തു ചെയ്തു?

2015 ഏപ്രില്‍ 10നാണ് ഫിഫയും സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എയും ലോകകപ്പിന് വേദിയാകാനുള്ള സമ്മതപത്രം ഒപ്പുവെച്ചത്. പിന്നീട് ഡിസംബറില്‍ ഫിഫ സംഘം സ്റ്റേഡിയം സന്ദര്‍ശിക്കുകയും അന്ന് കേരളം മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ അവര്‍ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. 2017 ജനുവരിയില്‍ സ്റ്റേഡിയവും നാലു പരിശീലന മൈതാനങ്ങളും ഫിഫക്ക് കൈമാറണമെന്നും അപ്പോഴേക്കും പണി പൂര്‍ത്തിയാക്കണമെന്നും ഫിഫ നിര്‍ദേശം വെച്ചിരുന്നു. അത് എല്ലാവരും സമ്മതിച്ചതുമാണ്. 

പിന്നീട് ഫിഫ തങ്ങളുടെ അതൃപ്തി ആദ്യമായി രേഖപ്പെടുത്തിയത് 2016 ഫെബ്രുവരി 15നാണ്. അന്ന് ഫിഫ ഉന്നതതല സംഘം മേധാവി ഹെയ്‌മെ യാര്‍സെയും ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പിയുമടങ്ങുന്ന സംഘം സ്റ്റേഡിയം വിലയിരുത്തിയതിന് ശേഷം പറഞ്ഞത് തങ്ങള്‍ തൃപ്തരല്ലെന്നാണ്. ലോകകപ്പിനായി സ്റ്റേഡിയത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ ആവശ്യമുണ്ടെന്ന് യാര്‍സെ ചൂണ്ടിക്കാട്ടി. അതു പരിഹരിക്കാമെന്ന് ജി.സി.ഡി.എയും കെ.എഫ്.എയും ഉറപ്പ് നല്‍കുകയും ചെയ്തു. 

അതും വെറുമൊരു ഉറപ്പ് മാത്രമായിരുന്നുവെന്ന് ഈ വര്‍ഷം മാര്‍ച്ച് 15ന് ഫിഫയുടെ സന്ദര്‍ശനത്തില്‍ മനസ്സിലായി. കേരളത്തിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കിയാണ് അന്ന് പതിനെട്ടംഗ ഫിഫ സംഘം മടങ്ങിയത്. മെയ് 15 വരെ സമയം അനുവദിച്ച ഫിഫ സംഘം അതിനുള്ളില്‍ നിര്‍മാണ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശത്തോടൊപ്പം കൊച്ചിയിലെ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പോയെന്നും ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുണ്ടാകണമെന്ന് വ്യക്തമാക്കുകയും ചെയ്തു. 

fifa
ഹെയ്‌മെ യാര്‍സെയും ഹാവിയര്‍ സെപ്പിയും

 

ഇനി ഒന്നര മാസത്തെ പണി

ഫിഫ അനുവദിച്ചിരുക്കുന്ന അവസാന തിയ്യതിയിലേക്ക് ഇനി ഒന്നര മാസത്തെ ദൂരം മാത്രമാണുള്ളത്. അതിനുള്ളില്‍ സ്‌റ്റേഡിയത്തിന്റെയും പരിശീലന മൈതാനങ്ങളുടെയും പണി ജി.സി.ഡി.എക്ക് പൂര്‍ത്തിയാക്കണം. സ്റ്റേഡിയത്തിലെ വൈദ്യുതീകരണം, അഗ്‌നിശമനസംവിധാനങ്ങള്‍, സ്റ്റേഡിയത്തിനകത്തെയും പുറത്തെയും പെയിന്റിങ്, പരിശീലന ഗ്രൗണ്ടുകളുടെ നവീകരണം എന്നിവയെല്ലാം ഇനിയും ചെയ്തു തീര്‍ക്കാനുണ്ട്. നിര്‍മാണ ജോലികള്‍ക്ക് ഇതുവരെയുണ്ടായിരുന്നതിനെക്കാള്‍ കുറേക്കൂടി വേഗം കൈവന്നിട്ടുണ്ടെന്നതാണ് ആശ്വാസം. 

പ്രധാന മത്സരവേദിയായ കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നൂറോളം തൊഴിലാളികള്‍ പകലും രാത്രിയും പണിയെടുക്കുന്നുണ്ട്. പ്രധാന കവാടം മുതല്‍ സ്റ്റേഡിയം വരെ റോഡിനു നടുവിലായി അലങ്കാരവിളക്കുകള്‍ സ്ഥാപിക്കുന്ന ജോലികളാണ് ഇപ്പോള്‍ നടന്നുവരുന്നത്.

എന്തുവില കൊടുത്തും മേയ് 15-നു മുമ്പേ നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ജി.സി.ഡി.എ. ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ പറഞ്ഞു. ഗാലറികളില്‍ കസേര സ്ഥാപിക്കുന്നതിന് ഉള്‍പ്പെടെ കരാര്‍ നല്‍കിക്കഴിഞ്ഞു. അകത്തെ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് പ്രധാന പരിഗണന കൊടുക്കുന്നത്. 

പുറത്തുള്ള അലങ്കാരപ്പണികള്‍ ഉള്‍പ്പെടെ ഇതിനുശേഷം പൂര്‍ത്തിയാക്കും. സമയബന്ധിതമായി ഈ ജോലികള്‍ പൂര്‍ത്തിയാക്കുകയെന്നതാണ് ഇപ്പോള്‍ ജി.സി.ഡി.എ.യ്ക്കു മുമ്പിലുള്ള ലക്ഷ്യം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുഴുവന്‍ പിന്തുണയും ലഭിക്കുന്നുണ്ട്.

മേയ് ആദ്യം കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംഘാടകസമിതി യോഗം ചേരാന്‍ തീരുമാനിച്ചതായും ജി.സി.ഡി.എ. ചെയര്‍മാന്‍ വ്യക്തമാക്കി. അതേസമയം മേയ് 25-നു മുമ്പേ മുഴുവന്‍ നിര്‍മാണജോലികളും പൂര്‍ത്തിയാക്കണമെന്ന ഫിഫ നിര്‍ദേശം നടപ്പാക്കിയില്ലെങ്കില്‍ കൊച്ചിയുടെ നഷ്ടം കനത്തതായിരിക്കും.

കേരളം പഠിക്കേണ്ടത്

കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലെയ്ക്ക് സ്‌റ്റേഡിയത്തിന്റെയും നേവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിത്തിന്റെയും ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തിന്റെയും നവീകരണം കേരളം കണ്ടു പഠിക്കേണ്ടതാണ്. പരസ്പര പഴിചാരലുകളോ കുറ്റപ്പെടുത്തലുകളോ ഇല്ലാതെ കളിക്ക് മാത്രം മുന്‍ഗണന നല്‍കി അവര്‍ സ്‌റ്റേഡിയത്തിന്റെ നവീകരണം കൃത്യമായ ആസൂത്രണത്തോടെ തന്നെ നടപ്പിലാക്കി. 

അതുകൊണ്ടു തന്നെയാണ് അവര്‍ക്ക് സെമിഫൈനലിനും ഫൈനലിനും വേദിയാകാനുള്ള അവസരവും വന്നത്. കൊല്‍ക്കത്തയ്ക്കാണ് ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ലഭിച്ചത്, ഫൈനലും ലൂസേഴ്സ് ഫൈനലും അടക്കം പത്ത് മത്സരങ്ങളാണ് കൊല്‍ക്കത്തയില്‍ നടക്കുക. ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിന്റെ ഒരുക്കത്തിലാണ് ഫിഫ ഏറ്റവും കൂടുതല്‍ തൃപ്തി രേഖപ്പെടുത്തിയത്.

സെമിയും ഫൈനലുമൊന്നും ഫിഫ കൊച്ചിക്ക് വാഗ്ദാനം ചെയ്തിരുന്നില്ലെന്ന് അധികൃതര്‍ പറയുമ്പോഴും കൊല്‍ക്കത്ത, മുംബൈ, ഗുവാഹത്തി സ്‌റ്റേഡിയങ്ങള്‍ക്കും അത്തരമൊരു ഉറപ്പ് ഫിഫ നല്‍കിയിട്ടില്ലെന്ന് നമ്മള്‍ മനസ്സിലാക്കണം. അവിടെ മികച്ച രീതിയില്‍ ഒരുങ്ങി എന്നതു തന്നെയാണ് ഫിഫ കണക്കിലെടുത്തത്. 

എന്തായാലും സെമിയും ഫൈനലുമില്ലെങ്കിലും ക്വാര്‍ട്ടറും പ്രീക്വാര്‍ട്ടറും ഗ്രൂപ്പ് മത്സരങ്ങളും കൈവിട്ടു പോകില്ലെന്ന് നമുക്ക് കരുതാം. പഴിചാരലിന് പകരം ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ക്കായി ഇനിയെങ്കിലും അധികൃതര്‍ നവീകരണ പ്രവൃത്തികള്‍ കൃത്യമായ ആസൂത്രണത്തോടെ മെയ് 15നുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രത്യാശിക്കാം.